2011-12-06 17:19:24

കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയില്‍ വത്തിക്കാന് അംഗത്വം


06 ഡിസംബര്‍ 2011, ജനീവ
കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയില്‍ International (Organization for Migration-IOM) വത്തിക്കാന് പൂര്‍ണ്ണാംഗത്വം ലഭിച്ചു. ഐ.ഒ.എം സംഘടനയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരമാണ് വത്തിക്കാന് അംഗത്വം ലഭിച്ചത്. ഡിസംബര്‍ അഞ്ചാം തിയതി തിങ്കളാഴ്ച, ഐ.ഒ.എമ്മിന്‍റെ നൂറാം സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസി വത്തിക്കാന്‍ പ്രതിനിധിയായി പങ്കെടുത്തു. ഐക്യരാഷ്ട്ര സംഘടനയുടെ ജനീവാ ആസ്ഥാനത്ത് വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകനാണ് ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസി.

കുടിയേറ്റക്കാരുടേയും അഭയാര്‍ത്ഥികളുടേയും എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഈ രംഗത്തു നടത്തുന്ന പരിശ്രമങ്ങള്‍ക്ക് വ്യക്തമായ സംഭാവനകള്‍ നല്‍കാന്‍ കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയിലെ അംഗത്വം സഹായകമാകുമെന്ന് ആര്‍ച്ചുബിഷപ്പ് തോമാസി തിങ്കളാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. അന്താരാഷ്ട്ര കുടിയേറ്റ പ്രതിഭാസത്തെ മനുഷ്യവ്യക്തിയേയും അവന്‍റെ അന്തസ്സിനെയും ആദരിക്കുന്ന ധാര്‍മ്മീക വീക്ഷണത്തിലൂടെ അവതരിപ്പിക്കാന്‍ പരിശുദ്ധ സിംഹാസനത്തിനു കഴിയും. കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹായത്തോടെ പ്രായോഗിക തലത്തിലുള്ള സഹകരണവും സാധ്യമാണ‍െന്ന് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.