2011-12-01 17:55:21

വളരുന്ന രാജ്യാന്തര
വിദ്യാര്‍ത്ഥി സമൂഹം


സാഹോദര്യത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും നവമാവികതയ്ക്ക് രൂപംനല്കാന്‍ കുടിയേറ്റക്കാരായ അന്താരാഷ്ട്ര വിദ്യര്‍ത്ഥി സമൂഹത്തിനാകുമെന്ന്, ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരിയ വേല്യോ, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് പ്രസ്താവിച്ചു. രാജ്യാന്തര വിദ്യാര്‍ത്ഥി സമൂഹവും സംസ്ക്കാരങ്ങളുടെ സംഗമവും, എന്ന പ്രമേയവുമായി നവംമ്പര്‍ 30-ന് റോമില്‍ ആരംഭിച്ച മൂന്നാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ ആമുഖപ്രഭാഷണം നടത്തവേയാണ് ആര്‍ച്ചുബിഷപ്പ് വേല്യോ ഇപ്രകാരം പ്രസ്താവിച്ചത്.
ആഗോളവത്ക്കരണം സൃഷ്ടിക്കുന്ന സന്ദേഹപൂര്‍ണ്ണമായ രാഷ്ട്രീയ-സാമൂഹ്യ- വിദ്യാഭ്യാസ ചുറ്റുപാടുകള്‍ക്കുമൊപ്പം രാജ്യാന്തരതലത്തില്‍ സര്‍വ്വകലാശാലകള്‍ കാഴ്ചവയ്ക്കുന്ന നൂതന വിദ്യാഭ്യാസ സാദ്ധ്യതകളും യുവജനങ്ങളുടെ നവമായ ആഗോള പ്രവാഹത്തിന് വഴിതെളിച്ചിട്ടുണ്ടെന്ന് സമ്മേളനത്തിന്‍റെ സംഘാടകനായ അര്‍ച്ചുബിഷപ്പ് വേല്യോ വ്യക്തമാക്കി.

ശോഭനമായ ഭാവിക്കുവേണ്ടിയുള്ള യുവജനങ്ങളുടെ ഉല്‍ക്കടമായ
ഈ തിരച്ചില്‍ നവമായൊരു ആത്മീയ സാംസ്കാരിക പൈതൃകത്തിന് വഴിതെളിക്കുന്നതിനാല്‍, കുടിയേറുന്ന യുവജനങ്ങളുടെ മാതൃരാജ്യവും, അവരെ സ്വീകരിക്കുന്ന രാഷ്ട്രങ്ങളും, ഒപ്പം സഭയും മനുഷ്യകുലം ആകമാനവും ഈ നൂതന പ്രതിഭാസത്തെ ഏറെ ശ്രദ്ധയോടെ തുണയ്ക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് വേല്യോ സമ്മേളനത്തോടഭ്യര്‍ത്ഥിച്ചു.
30 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ആഗോളതലത്തില്‍ പ്രവാസികളായിട്ടുണ്ടെന്നു 2011-ലെ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുമ്പോള്‍, ഇനിയും ത്വരിതപ്പെട്ടുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഈ ആഗോള കുടിയേറ്റ പ്രതിഭാസത്തില്‍ എത്തിപ്പെടുന്ന സ്ഥലങ്ങളിലെ മുല്യഛ്യുതിയില്‍ താണുപോകാതെ, യുവജനങ്ങളുടെ ധാര്‍മ്മികവും ആത്മീയവും ഭൗതികവുമായ ആവശ്യങ്ങള‍ ശരിയാംവിധം സംരക്ഷിച്ചുകൊണ്ട്, അവരെ കാത്തുപാലിക്കേണ്ട വലിയ സുവിശേഷ ദൗത്യം സഭയ്ക്കുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് വേല്യയോ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.








All the contents on this site are copyrighted ©.