2011-12-01 17:08:10

പ്രാര്‍ത്ഥന ദൈവത്തിന്‍റെ ദാനവും
ആര്‍‍ജ്ജിച്ചെടുക്കേണ്ട കലയുമാണെന്ന് മാര്‍പാപ്പ


1 ഡിസംമ്പര്‍ 2011, വത്തിക്കാന്‍
നവംമ്പര്‍ 30-ാം തിയതി ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തില്‍ മാര്‍പാപ്പ പ്രാര്‍ത്ഥനയെക്കുറിച്ചു നടത്തിയ പ്രബോധനത്തിന്‍റെ പ്രസക്തഭാഗങ്ങളാണ് താഴെ ചേര്‍ക്കുന്നത്. ക്രിസ്തു എങ്ങനെ പ്രാര്‍ത്ഥിച്ചവെന്നു വിവരിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം ആരംഭിച്ചത്. ക്രൈസ്തവ ജീവിതത്തിന്‍റെ കാതലാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ രഹസ്യങ്ങള്‍ ക്രിസ്തുവില്‍നിന്നാണ് നമുക്ക് ലഭിക്കുന്നത്. യോര്‍ദ്ദാന്‍ നദീക്കരയില്‍ യോഹന്നാനില്‍നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചശേഷം ക്രിസ്തു പ്രാര്‍ത്ഥിക്കാന്‍ പോയി. അവിടുത്തെ ജീവിതത്തില്‍ നിരീക്ഷിക്കാവുന്ന പ്രാര്‍ത്ഥനയുടെ ശ്രദ്ധേയമായ മഹൂര്‍ത്തമായിരുന്നു അത്.

ക്രിസ്തുവിലുള്ള ദൈവുപത്രന്‍റെ ആഴമായ വ്യക്തിത്വവും, താന്‍ രക്ഷിക്കുവാന്‍ വന്ന പാപപങ്കിലമായ മനുഷ്യകുലത്തോട് തന്നെതന്നെ താദാത്മ്യപ്പെടുത്തുന്ന മനുഷ്യപുത്രന്‍റെ രൂപവും ഒരുപോലെ വെളിപ്പെടുത്തപ്പെടുന്ന അപൂര്‍വ്വ നിമിഷങ്ങളായിരുന്ന ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയുടെ നിമിഷങ്ങള്‍. മനുഷ്യകുലത്തിന്‍റെ രക്ഷയ്ക്കുവേണ്ടി തന്നെത്തന്നെ കുരിശുമരണത്തിനു കീഴ്പ്പെടുത്തുന്ന പിതാവിന്‍റെ ഹിതത്തോടുള്ള സമ്പൂര്‍ണ്ണവും പുത്രസഹജവുമായ അനുസരണയും വിധേയത്വവും ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനകളില്‍ പ്രതിഫലിക്കുന്നുണ്ട്. മനുഷ്യനായ അവിടുന്ന് തന്‍റെ അമ്മിയില്‍നിന്നും യഹൂദ പാരമ്പര്യത്തില്‍നിന്നും പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു. എന്നിരുന്നാലും അവിടുത്തെ പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥമായ സ്രോതസ്സ് പിതാവുമായുള്ള നിത്യമായ ഐക്യവും ബന്ധവുമായിരുന്നു. സ്വര്‍ഗ്ഗീയ പിതാവിന്‍റെ മക്കളായ നാം എപ്രകാരം പ്രാര്‍ത്ഥിക്കണമെന്ന് ദൈവപുത്രനായ ക്രിസ്തു വളരെ മനോഹരമായും ക്ലിപ്തമായും പഠിപ്പിക്കുന്നുണ്ട്. പ്രാര്‍ത്ഥനയിലുള്ള നമ്മുടെ വിശ്വസ്തതയും നാം അതിനായി ചിലവൊഴിക്കുന്ന സമയവും പരിശ്രമവും എത്രമാത്രമെന്ന് പരിശോധിക്കാന്‍ ക്രിസ്തു നമ്മെ ഇന്നും ക്ഷണിക്കുന്നു. പ്രാര്‍ത്ഥന ദൈവത്തിന്‍റെ ദാമായിരിക്കെ, അത് നിരന്തരമായ പരിശ്രമംകൊണ്ട് ആര്‍ജ്ജിച്ചെടുക്കേണ്ട കലയുമാണ്. നിരന്തരമായി പ്രാര്‍ത്ഥിക്കുവാന്‍ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥനയുടെ മനോഹാരിതയ്ക്കും അതിലുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണത്തിനും ദൈവഹിതത്തോടുള്ള വിധേയത്വത്തിനും സാക്ഷൃംവഹിക്കാന്‍ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു.








All the contents on this site are copyrighted ©.