2011-12-01 17:48:26

ജീവിതവിശുദ്ധി വളരുന്നത്
സുവിശേഷത്തിന്‍റെ പുളിമാവു ചേരുമ്പോള്‍


1 ഡിസംമ്പര്‍ 2011, വത്തിക്കാന്‍
ജീവിതത്തിന് വിശുദ്ധിയുടെ ഔന്നത്യമുണ്ടാകുന്നത് സുവിശേഷത്തിന്‍റെ പുളിമാവു ചേരുമ്പോഴാണെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു.
നവംമ്പര്‍ 30-ാം തിയതി റോമില്‍ ചേര്‍ന്ന പൊന്തിഫിക്കല്‍ വിദ്യാപീഠങ്ങളുടെ 16-ാമത് പൊതുസമ്മേളനത്തിനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.
ക്രൈസ്തവ ചരിത്രം മനുഷ്യചരിത്രവുമായി ഇടകലര്‍ന്നു കിടക്കുന്നുവെങ്കിലും ക്രൈസ്തവ മക്കള്‍ സുവിശേഷചൈതന്യത്തില്‍ ജീവിക്കുമ്പോഴാണ് അത് സാക്ഷൃമായി മാറുന്നതെന്ന്, വിശ്വാസത്തിന്‍റെ ധീരാത്മാക്കളും രക്തസാക്ഷിത്വവും, എന്ന പ്രമേയവുമായി ചേര്‍ന്ന സമ്മേളനത്തോട്, മാര്‍പാപ്പ ആഹ്വാനംചെയ്തു.

ആധുനിക സാങ്കേതികതയുടെ പിന്‍തുണയുള്ള ചരിത്ര ഗവേഷണവും പരാവസ്തു പഠനങ്ങളും, ആദിമ ക്രൈസ്തവ സമൂഹങ്ങളുടെ ജീവിതസാക്ഷൃവും ചൈതന്യവും വെളിപ്പെടുത്തുവാന്‍ സഹായിക്കുമെന്നു പ്രസ്താവിച്ച മാര്‍പാപ്പ, പുരാതനമായ കലാശേഖരങ്ങള്‍ക്കും വസ്തുക്കള്‍ക്കുമപ്പുറം, അവയ്ക്കു പിന്നിലുള്ള ക്രൈസ്തവരുടെ ധീരമായ വിശ്വാസ ചൈതന്യമാണ് തെളിയിക്കേണ്ടതെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
നിരന്തമായ പഠനത്തിന്‍റെയും അശ്രാന്ത പരിശ്രമത്തിന്‍റെയും ഫലമായി ലഭിക്കുന്ന ഭൗതികമായ തെളിവുകള്‍ക്കു പിന്നില്‍, നല്ല ഗവേഷകര്‍, മാനുഷിക ബുദ്ധിയെയും മനസ്സാക്ഷിയെയും വെല്ലുവിളിക്കുന്നതും, മനുഷ്യാസ്തിത്വത്തെ അമ്പരപ്പിക്കുന്നതുമായ ദൈവിക ചൈതന്യം കണ്ടെത്താനാവുമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജിയാന്‍ ഫ്രാങ്കോ റവാത്സിവഴിയാണ് മാര്‍പാപ്പ സമ്മേളനത്തിന് സന്ദേശമയച്ചത്.









All the contents on this site are copyrighted ©.