2011-11-29 15:36:05

കുടുംബത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനം


29 നവംബര്‍ 2011, വത്തിക്കാന്‍
കുടുംബത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഇരുപതാം സമ്പൂര്‍ണ്ണ സമ്മേളനം ഇരുപത്തിയൊന്‍പതാം തിയതി ചൊവ്വാഴ്ച റോമില്‍ ആരംഭിച്ചു. സുവിശേഷവല്‍ക്കരണത്തിന്‍റെ പ്രഥമ കേന്ദ്രങ്ങളാണ് കുടുംബങ്ങളെന്ന് സമ്മേളത്തിന്‍റെ ഉത്ഘാടനകര്‍മ്മത്തില്‍ കുടുംബത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ എന്നിയോ അന്തോണിനെല്ലി അനുസ്മരിപ്പിച്ചു. കുടുംബങ്ങളുടെ പ്രേഷിത ദൗത്യത്തിന്‍റെ ആന്തരീകവും ബാഹ്യവുമായ തലങ്ങള്‍ ചൂണ്ടിക്കാട്ടിയ കര്‍ദ്ദിനാള്‍ അന്തോനെല്ലി നിരന്തരമായ ആന്തരീക നവീകരണത്തിലൂടെ തങ്ങളുടെ പ്രേഷിത വിളിക്ക് സാക്ഷൃം നല്‍കാന്‍ ഇടവകതലത്തില്‍ ദമ്പതികള്‍ക്കു പരിശീലനം നല്‍കാന്‍ അജപാലകരെ ആഹ്വാനം ചെയ്തു. “‘ഫമിലിയാരിസ് കണ്‍സോര്‍ഷ്യോ’ അപ്പസ്തോലിക പ്രബോധനത്തിന്‍റെ മുപ്പതാം വാര്‍ഷികാചരണത്തില്‍, പ്രബോധനരേഖയുടെ സ്മരണയും സമകാലിക പ്രസക്തിയും പ്രവചനങ്ങളും” എന്ന പ്രമേയത്തോടെ ആരംഭിച്ച സമ്പൂര്‍ണ്ണ സമ്മേളനം ഡിസംബര്‍ ഒന്നാം തിയതി സമാപിക്കും. വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കുടുംബത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സ്ഥാപിച്ചതിന്‍റെയും ക്രൈസ്തവകുടുംബങ്ങളെക്കുറിച്ചുള്ള “ഫമിലിയാരിസ് കണ്‍സോര്‍ഷ്യോ” എന്ന അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചതിന്‍റേയും മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളോടെയാണ് സമ്മേളനം സമാപിക്കുന്നത്.








All the contents on this site are copyrighted ©.