2011-11-29 15:35:36

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും സാംസ്ക്കാരിക സമന്വയവും


29 നവംബര്‍ 2011, വത്തിക്കാന്‍
കുടിയേറ്റക്കാരുടേയും യാത്രീകരുടേയും അജപാലന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന മൂന്നാമത് അന്തര്‍ദേശീയ സമ്മേളനത്തിന്‍റെ വിശദാംശങ്ങള്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ചു. “അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും സാംസ്ക്കാരിക സമന്വയവും” എന്ന വിഷയത്തെ ആസ്പദമാക്കി നവംമ്പര്‍ മുപ്പതാം തിയതി ബുധനാഴ്ച റോമില്‍ ആരംഭിക്കുന്ന സമ്മേളനം ഡിസംബര്‍ മൂന്നാം തിയതി ശനിയാഴ്ച സമാപിക്കും. ‘സംസ്ക്കാരവും സുവിശേഷവും’, ‘യുവജനങ്ങളുടെ വിശ്വാസജീവിതത്തിലും ധാര്‍മ്മീകതയിലും സംസ്ക്കാരം ചെലുത്തുന്ന സ്വാധീനം’, ‘വിദ്യാഭ്യാസവും വിശ്വാസപരിശീലനവും’, ‘അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള അജപാലന ശുശ്രൂഷയുടെ പ്രസക്തിയും വെല്ലിവിളികളും’, ‘ആഗോളവല്‍ക്കരിക്കപ്പെട്ട ലോകത്തില്‍ യുവനേതാക്കളുടെ മാതൃക’, തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രബന്ധാവതരണവും ചര്‍ച്ചകളും സമ്മേളനത്തില്‍ നടക്കും. ബുധനാഴ്ച നടക്കുന്ന ഉത്ഘാടന യോഗത്തില്‍ കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ സെനന്‍ ഗ്രോക്കൊളെസ്ക്കി അദ്ധ്യക്ഷത വഹിക്കും. കുടിയേറ്റക്കാരുടേയും യാത്രീകരുടേയും അജപാലന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് അന്തോണിയോ മരിയ വെല്യോ സ്വാഗതപ്രഭാഷണം നടത്തും. വിവിധ വത്തിക്കാന്‍ കാര്യാലയങ്ങളുടെ അദ്ധ്യക്ഷന്‍മാരും പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്കു പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കാര്യദര്‍ശി ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ നേതൃത്വം നല്‍കും.








All the contents on this site are copyrighted ©.