2011-11-28 17:39:30

സഹനത്തിന്‍റെ ആത്മീയ ശക്തി


28 നവംബര്‍ 2011, വത്തിക്കാന്‍
സഹനത്തിന്‍റെ പാതയില്‍ ജീവിക്കുന്ന രോഗികളും പീഡിതരും കത്തോലിക്കാ സഭയുടെ ആത്മീയ ശക്തിയാണെന്ന് കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ. അവരുടെ സഹനങ്ങള്‍ ക്രിസ്തുവിനു സമര്‍പ്പിച്ചുകൊണ്ട് അവിടുത്തെ രക്ഷാകരദൗത്യത്തില്‍ പ്രത്യേകമാം വിധം സഭ പങ്കുചേരുന്നുവെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ വിശദീകരിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചാം തിയതി വെള്ളിയാഴ്ച നടന്ന സംഗീതസായാഹ്നത്തിലാണ് കര്‍ദ്ദിനാള്‍ മാനുഷീക സഹനത്തിന്‍റെ മഹത്വത്തെക്കുറിച്ചു പ്രതിപാദിച്ചത്. ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശുശ്രൂഷാ ചുമതലയുള്ള മെത്രാന്‍മാരുടെ സമ്മേളനത്തിന്‍റെയും, പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഇരുപത്തിയാറാം അന്താരാഷ്ട്ര സമ്മേളനത്തിന്‍റേയും, സമാപനത്തോടനുബന്ധിച്ചായിരുന്നു സംഗീതസായാഹ്നം ഒരുക്കിയിരുന്നത്.
വിശ്വസ്തതയോടും സ്നേഹത്തോടും ജീവന്‍റെ സുവിശേഷം പ്രഘോഷിക്കണമെന്ന ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം തദ്ദവസരത്തില്‍ കര്‍ദ്ദിനാള്‍ ബെര്‍ത്തോണെ ആരോഗ്യപ്രവര്‍ത്തകരെ അനുസ്മരിപ്പിച്ചു. ജീവനേയും സ്നേഹത്തേയും കുറിച്ചുള്ള സഭാപ്രബോധനങ്ങള്‍ക്ക് സ്വജീവിതത്തിലൂടെ സാക്ഷൃം നല്‍കിയ വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാധ്യസ്ഥം പ്രത്യാശയില്‍ മുന്നേറാന്‍ സഭയ്ക്ക് കരുത്തേകുന്നുവെന്നും കര്‍ദ്ദിനാള്‍ ബെര്‍ത്തോണെ പ്രസ്താവിച്ചു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ “ജീവന്‍റെ സുവിശേഷം” എന്ന ചാക്രിക ലേഖനത്തിലെ സമാപന പ്രാര്‍ത്ഥനയോടെയാണ് കര്‍ദ്ദിനാള്‍ തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.