2011-11-28 16:56:30

ഉത്തരാധുനികതയുടെ വ്യഗ്രതയില്‍ മുങ്ങിമറയാതെ
ദൈവത്തിങ്കലേയ്ക്കു തിരിയുക


28 നവംമ്പര്‍ 2011, വത്തിക്കാന്‍
പുതിയ ആരാധനക്രമവര്‍ഷം നാമിന്ന് ആരംഭിക്കുകയാണല്ലോ. ക്രൈസ്തവ സമൂഹങ്ങളില്‍ സ്നേഹത്തില്‍ ഒരുമിച്ചു ജീവിക്കാനും, അങ്ങനെ ലോക ചരിത്രത്തിലേയ്ക്കുതന്നെ നവചൈതന്യത്തോടെ പ്രവേശിക്കാനും ഇടയാക്കുന്ന ദിവസങ്ങളാണിത്. ദൈവികരഹസ്യങ്ങള്‍ ഇക്കാലഘട്ടത്തില്‍ ഭൂമിയില്‍ ചുരുളഴിയിക്കുവാനും, ദൈവസ്നേഹമാകുന്ന രക്ഷ ഒരിക്കല്‍ക്കൂടി നമുക്ക് സ്വീകരിക്കുവാനുള്ള നവമായ ഒരു വിശ്വാസയാത്രയാണ് നാം ഈ ദിവസങ്ങളില്‍ നടത്തുന്നത്. ആരാധനക്രമ വര്‍ഷം ആരംഭിക്കുന്നത്, ആഗമനകാലത്തോടെയാണ്. മനുഷ്യകുലം പാര്‍ത്തിരുന്ന ക്രിസ്തുവിന്‍റെ പ്രത്യാഗമനത്തിന്‍റെ, അല്ലെങ്കില്‍ അവിടുത്തെ രണ്ടാം വരവിന്‍റെയും,.... ക്രിസ്തു തന്‍റെ ദൈവികമഹത്വം വെടിഞ്ഞ് മര്‍ത്ത്യരൂപം പ്രാപിച്ച ആദ്യവരവിന്‍റെയും, തിരുപ്പിറവിയുടെയും ഓര്‍മ്മകള്‍ മനസ്സില്‍ വിരിയിച്ചുകൊണ്ടാണ് –ആഗമനകാലത്തോടെ ആരാധനക്രവര്‍ഷം ആരംഭിക്കുന്നത്.

ജാഗരൂകരായിരിക്കുവിന്‍ ! ഇതാണ് ഇന്നത്തെ സുവിശേഷത്തില്‍ ക്രിസ്തു നല്കുന്ന ആഹ്വാനം. തന്‍റെ ശിഷ്യന്മാര്‍ക്കു മാത്രമല്ല, സകല ലോകത്തിനുംവേണ്ടി അവിടുന്നു നല്കിയ ആഹ്വാനമാണിത്. ജാഗരൂകരായിരിക്കുവിന്‍ ! (മാര്‍ക്കോസ് 13, 37). ഈ ലോക ജീവിതത്തിന്‍റെ പ്രത്യക്ഷതലങ്ങള്‍ക്കെല്ലാം അപ്പുറമായി, ഒരാത്മീയ, ദൈവികഭാവമുണ്ടെന്ന് അനുസ്മരിപ്പിക്കുന്ന സുവിശേഷ ആഹ്വാനമാണിത്. ഭൂമിയില്‍ വീണ് മുളയെടുത്തൊരു വിത്ത്, തളിരായി ആകാശത്തേയ്ക്കു നോക്കി വിരഞ്ഞുനില്ക്കുന്നതുപോലെ, സ്വാതന്ത്യവും ഒപ്പം ഉത്തരവാദിത്വങ്ങളുമുള്ള മനുഷ്യന്‍, ഒരുനാള്‍ ദൈവത്തോട് തന്‍റെ ജീവിതത്തിന്‍റെ കണക്കു ബോധിപ്പിക്കേണ്ടതായുണ്ട്. തന്‍റെ ആയുസ്സ് എങ്ങനെ ചിലവൊഴിക്കുന്നെന്നും, കഴിവുകള്‍ എങ്ങനെ ഉപയോഗിക്കുന്നെന്നും..., അവ തനിക്കായി മാത്രമോ, അതോ മറ്റുള്ളവര്‍ക്കുവേണ്ടിയും ഉപയോഗിക്കുന്നുണ്ടോ എന്നു ചോദിക്കുന്ന, കണക്കെടുക്കുന്ന ഒരു ദിവസം വരും എന്നത് തീര്‍ച്ചയാണ്. മാര്‍പാപ്പ ജനങ്ങളെ അനുസ്മരിപ്പിച്ചു.

പ്രത്യാഗമനത്തിന്‍റെ പ്രവാചകനാണ് ഏശയാ.... തന്‍റെ ജനത്തിനുവേണ്ടി ദൈവത്തോട് അര്‍ത്ഥിക്കുന്ന പ്രവാചകന്‍റെ ഹൃദയാവര്‍ജ്ജകമായൊരു പ്രാര്‍ത്ഥനയുണ്ട്. ജനത്തിന്‍റെ, ഇസ്രായേലിന്‍റെ വീഴ്ചകള്‍ മനസ്സിലാക്കിയ പ്രവാചകന്‍ ഒരു ഘട്ടത്തില്‍ ഇങ്ങനെ വിലപിച്ചു.
ഏശയ്യാ 64, 6-7 . ദൈവമേ, ഞങ്ങള്‍ രക്ഷ പ്രാപിക്കുമോ....?. ഞങ്ങള്‍ അശുദ്ധരും ഞങ്ങളുടെ പ്രവൃത്തികള്‍ മലിനവസ്ത്രംപോലെയുമാണ്. കാറ്റില്‍ ഇലപൊഴിഞ്ഞു വീഴുന്നതുപോലെ, ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളെ പറപ്പിച്ചു കളയുകയാണ്. അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ച്, അങ്ങയെ മുറുകെപ്പിടിക്കാന്‍ ഞങ്ങളെ ഉത്സാഹിപ്പിക്കുന്നവര്‍, സഹായിക്കുന്നവര്‍ ആരുമില്ല. അങ്ങു ഞങ്ങളില്‍നിന്നും മുഖം മറച്ചുകളയരുതേ. ഞങ്ങളുടെ അകൃത്യങ്ങളുടെ പിടിയിലേയ്ക്ക് അങ്ങ് ഞങ്ങളെ തള്ളിക്കളയരുതേ.

ആരെയും അമ്പരപ്പിക്കുന്നതാണ്, ഏശയ്യായുടെ പ്രവാചക ശബ്ദംവും പ്രാര്‍ത്ഥനയും.
സൃഷ്ടി, നിര്‍മ്മിതി, തൊഴില്‍, സമ്പത്ത്, യാത്ര, ശാസ്ത്രം, സാങ്കേതികത, എന്നിവയുടെയെല്ലാം കേന്ദ്രം, അല്ലെങ്കില്‍ സൂത്രധാരകന്‍ മനുഷ്യനാണെന്നു നിനയ്ക്കുകയും, ദൈവത്തെ മാറ്റിവച്ച് ഈ ജീവിതത്തില്‍ മാത്രം ശ്രദ്ധപതിക്കുകയും ചെയ്യുന്ന മനുഷ്യന്‍ ഉത്തരാധുനികതയുടെ ജീവിത വ്യഗ്രതയില്‍ മുങ്ങിമറയുകയാണ്. അങ്ങനെ സമ്പൂര്‍ണ്ണമെന്നു കരുതുന്ന ഈ ലോകത്ത് സാമൂഹ്യവും പ്രകൃതിദത്തവും ഭീതിജനകവുമായ കെടുതികള്‍ വന്നു ഭവിക്കുമ്പോഴാണ്, ദൈവം ഞങ്ങളെ ഉപേക്ഷിച്ചുവോ.....?, ഞങ്ങളെ കൈവെടിഞ്ഞുവോ...?, എന്ന ചിന്തകള്‍ മനുഷ്യമനസ്സുകളില്‍ പൊന്തിവരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ലോകത്തിന്‍റെ അധിപന്‍ മനുഷ്യനല്ല, ദൈവമാണ് എന്നോര്‍ക്കണം. ഇന്നത്തെ സുവിശേഷം നമ്മെ അതു പഠിപ്പിക്കുന്നുണ്ട്. – ജാഗരൂകരായിരിക്കുവിന്‍, യജമാനന്‍ വരുന്ന സമയം നിങ്ങള്‍ക്കറിഞ്ഞുകൂടാ. അര്‍ദ്ധരാത്രിയിലോ, കോഴികൂവുന്ന പുലിരിയുടെ യാമത്തിലോ, പ്രഭാതത്തിലോ അവിടുന്നു വരാം., യജമാനന്‍ വരുമ്പോള്‍ നിങ്ങള്‍ ഉറങ്ങുന്നവരായി കാണപ്പെടാതിരിക്കട്ടെ (മാര്‍ക്ക് 13, 3-5).

ദൈവത്തിങ്കലേയ്ക്കു തിരിയുവാനുള്ള ഒരു ക്ഷണവുമായിട്ട് എല്ലാവര്‍ഷവും ആഗമനകാലം ആഗതമാകുമ്പോള്‍, ശരിയായ വീക്ഷണമുണ്ടെങ്കില്‍ ദൈവം നമ്മുടെ യജമാന്‍ എന്നതിനെക്കാള്‍, അവിടുന്നു നമ്മുടെ പിതാവും സ്നേഹിതനുമായി ഈ ജീവിതത്തില്‍ നമുക്ക് അനുഭവവേദ്യനാകും. അങ്ങനെയെങ്കില്‍ ഏശയാ പ്രവാചകന്‍റെ വാക്കുകള്‍ നമ്മുടെ വാക്കുകളും പ്രാര്‍ത്ഥനയുമാക്കാന്‍ സാധിക്കും. ദൈവമേ, അങ്ങു ഞങ്ങളുടെ പിതാവാണ്. കുശവന്‍റെ കയ്യിലെ കളിമണ്ണുപോലെ ഞങ്ങള്‍ അങ്ങേ കൈയ്യില്‍ അമരുകയാണ്. ഞങ്ങളെ ഉടച്ചുവാര്‍ത്ത്, ക്രമപ്പെടുത്തി അങ്ങേ കരവേലയാക്കണമേ. ദിവ്യരക്ഷകനായ യേശുവിന് ജന്മംനല്കുകയും, ഈ ഭൂമിയിലെ ജീവിതത്തില്‍ അവിടുത്തെ പരിചരിക്കുകയും ചെയ്ത പരിശുദ്ധ കന്യകാ മറിയമേ, ജീവിതയാത്രിയില്‍ ഞങ്ങള്‍ക്കേവര്‍ക്കും തുണയായിരിക്കണമേ. ക്രിസ്തുമസ്സ് മഹോത്സവത്തിന് ആത്മീയമായി ഒരുങ്ങുവാനുള്ള സമയമാണ് ഈ ആഗമനകാലം. പ്രാര്‍തഥനാപൂര്‍വ്വം നമുക്കീ ആരാധനക്രമ കാലത്തേയ്ക്ക് പ്രവേശിക്കാം. അങ്ങനെ ഈ ഭൂമിയില്‍ നമ്മോടൊത്തു വസിക്കാന്‍ വന്ന ക്രിസ്തുവിനെ നമുക്കൊന്നുകൂടെ നമ്മുടെ ജീവിതങ്ങളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും വരവേല്‍ക്കാം.

ഇറ്റലിയിലെ ട്യൂറിന്‍, മിലാന്‍, ത്രെസ്തേ, അവെല്ലീനോ, ലൂഗനോ, ബര്‍ഗ്ഗേമോ എന്നിവിടങ്ങളില്‍നിന്നുമെത്തിയ സംഘങ്ങളെയും മാര്‍പാപ്പ പേരെടുത്തു പറഞ്ഞ് അഭിവാദ്യംചെയ്തു. ആഗോള ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയായ, വിന്‍സെന്‍റ് ഡി പോള്‍ സംഖ്യത്തിന്‍റെ യൂറോപ്പിലെ ഭാരവാഹികളുടെ സംഘത്തെയും പ്രത്യേകമായി അഭിവാദ്യം ചെയ്ത ശേഷം മാര്‍പാപ്പ ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലി.









All the contents on this site are copyrighted ©.