2011-11-26 16:14:47

സുവിശേഷപരിചിന്തനം
27 നവംമ്പര്‍ 2011
ആഗമനകാലം ഒന്നാം ഞായര്‍


മാര്‍ക്ക് 13, 33-37 ആഗമനകാലത്തിലെ ഒന്നാം ഞായര്‍ B
ഏശയാ 63, 16-17, 64, 1, 3-8, 1 കൊറി. 1, 3-9

ജാഗരൂകരായിരിക്കുവിന്‍...
ഡാര്‍ജിലിങ്ങ് പട്ടണത്തിലുള്ള ഒരു സ്ക്കൂള്‍ ബോര്‍ഡിങ്ങില്‍നിന്നും 16 വയസ്സുള്ള ഹാരിയും രണ്ടു കൂട്ടുകാരും ഹിമാലയ സാനുക്കളിലേയ്ക്ക 4 ദിവസത്തെ സാഹസയാത്രയ്ക്കു പുറപ്പെട്ടു. ഒന്നര ദിവസംകൊണ്ട് ആ ചെറുപ്പക്കാര്‍ ഏകദേശം 6000-ല്‍പ്പരം അടി ഉയരം മഞ്ഞണിഞ്ഞി വഴികളിലൂടെ കയറിയെങ്കിലും കാലാവസ്ഥ ആശങ്കപ്പെടുത്തുന്ന വിധത്തില്‍ പ്രതികൂലമായിത്തുടങ്ങി. മഞ്ഞുപെയ്തു പെയ്ത്, പേമാരിയായി. മുന്നോട്ട് കാണുവാനോ നീങ്ങുവാനോ പറ്റാതായപ്പോള്‍ യുവാക്കള്‍ ഒരു ചെറുഗുഹയില്‍ അഭയംതേടി.
മണിക്കൂറുകളല്ല, ദിവസങ്ങള്‍ ഇഴഞ്ഞു നീങ്ങി. കാലാവസ്ഥ മോശമായതേയുള്ളൂ. അവരുടെ കൈവശമുണ്ടായിരുന്ന വെള്ളവും ഭക്ഷണം മിക്കാവാറും തീര്‍ന്നു. ദിവസത്തില്‍ രണ്ടു ബിസ്ക്കറ്റു വീതമായി അവരുടെ ഭക്ഷണം. ഹാരിയുടെ കൈവശമുണ്ടായിരുന്ന ചെറിയ ബൈബിള്‍ എടുത്തു എന്നും ഉറക്കെ വായിക്കുവാന്‍ അവര്‍ മറന്നില്ല. വചനം ശ്രവിച്ച്, ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച് ആ ചെറുപ്പക്കാര്‍ കൊടുംതണുപ്പില്‍ ദിനാരാത്രങ്ങള്‍ തള്ളിനീക്കി.
ഗുഹയില്‍ കുടിങ്ങിയ ദാവീദിന്‍റെ അനുഭവവും, സിംഹക്കൂട്ടിലെ ഡാനിയേലും, കര്‍ത്താവ് എന്‍റെ ഇടയനാണെന്ന സങ്കീര്‍ത്തന വാക്യങ്ങളുമെല്ലാം ചെറുപ്പക്കാര്‍ക്ക് പ്രത്യാശയും ധൈര്യവും പകര്‍ന്നു. 16-ാം ദിവസമാണ് മഞ്ഞുമഴ തെല്ലൊന്നു ശമിച്ചത്. ഗുഹാമുഖത്തെ മഞ്ഞുകട്ടകള്‍ തട്ടിമാറ്റി, ഇഴഞ്ഞുനീങ്ങി അര്‍ദ്ധപ്രാണരായി പുറത്തിറങ്ങിയ കുട്ടികളെ ഏതാനും മണിക്കൂറുകളില്‍ അന്വേഷണസംഘം കണ്ടെത്തി.
...........................
ആഗമന കാലത്തിലെ ആദ്യ ഞായറാഴ്ചയാണിന്ന്. ദൈവവചനത്തില്‍ പ്രത്യാശവച്ച് തങ്ങളുടെ ജീവിതവ്യഥയില്‍ പ്രകാശം കണ്ടെത്തിയ കുട്ടികളുടെ കഥ നമുക്കും ഉത്തേജനമാവട്ടെ.
സത്യ വചനമാകുന്ന ക്രിസ്തുവിനെ ശ്രവിച്ചും ധ്യാനിച്ചും ഈ നാളുകള്‍ ചിലവഴിച്ചാല്‍ തീര്‍ച്ചയായും അവിടുത്തെ മനുഷ്യാവതാരത്തിന്‍റെ പ്രഭ ജീവിതത്തില്‍ ദര്‍ശിക്കുവാന്‍ നമുക്കും സാധിക്കും.

കാത്തിരിപ്പിന്‍റെ സന്ദേശമാണ് ഇന്നത്തെ വചനചിന്തകള്‍ നമുക്കു തരുന്നത്. ജാഗരൂകരായുള്ള കാത്തിരുപ്പ് ക്രൈസ്തവ ജീവിതത്തിന്‍റെ പ്രത്യേകതയാണ്. ചരിത്രത്തില്‍ ക്രിസ്തു വന്നു പിറന്നു കഴിഞ്ഞു. എങ്കിലും ക്രിസ്തുമസ്സ് ദിനത്തില്‍ അവിടുത്തെ തിരുപ്പിറവി ആഘോഷിക്കാന്‍ നാം ആകാംക്ഷയോടെ കാത്തിരിക്കുകയും ഒരുങ്ങുകയും ചെയ്യുന്നത് ഇന്നും അര്‍ത്ഥവത്താണ്. ബാഹ്യമായ ഒരുക്കങ്ങളെക്കാല്‍ ആന്തരികവും ആത്മീയവുമായ ഒരുക്കങ്ങള്‍ക്കാണ് നാം മുന്‍തൂക്കം നല്കേണ്ടത്.

രണ്ടാമതായി, ക്രിസ്തുവിനെ നമുക്ക് അനുദിനം നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കാനും ഉള്‍ക്കൊള്ളുവാനും സാധിക്കണം. ആദ്യ ക്രിസ്തുമസ്സില്‍ ക്രിസ്തു ഈ ലോകത്ത് മനുഷ്യനായി വസിക്കാന്‍ വന്നതുപോലെ, അനുദിനം ദിവ്യകാരുണ്യത്തില്‍ ക്രിസ്തു നമ്മില്‍ വസിക്കാന്‍ വരുന്നുണ്ട്. അവിടുത്തെ സ്നേഹത്തോടെ സ്വീകരിക്കുകയും ആദരവോടെ ശ്രവിക്കുകയും വേണം. ക്രിസ്തു നമുക്ക് പകര്‍ന്നു നല്കുന്ന ദിവ്യകാരുണ്യ സ്നേഹവും ശക്തിയും നാം മറ്റുള്ളവരുമായി അനുദിന ജീവിതത്തില്‍ പങ്കുവയ്ക്കേണ്ടതാണ്. ഈ പങ്കവയ്ക്കലിലും സ്നേഹജീവിതത്തിലും കാണിക്കേണ്ട സൂക്ഷ്മതയും ആവേശവുമാണ് നമ്മുടെ ജീവിതങ്ങളെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്.

ക്രൈസ്തവ ജീവിതത്തില്‍ മൂന്നാമതൊരു കാത്തിരിപ്പുണ്ട്. നമുക്കറിഞ്ഞുകൂടാത്തതും, തീര്‍പ്പില്ലാത്തതുമായ ക്രിസ്തുവിന്‍റെ പ്രത്യാഗമനത്തിനായുള്ള കാത്തിരുപ്പാണത്. അവിടുന്ന് വീണ്ടും വരും. അത് നമ്മുടെ ഓരോരുത്തരുടെയും ജീവിതാന്ത്യത്തിലായിരിക്കാം.
നമുക്ക് ജീവനും ആയുസ്സും തന്ന ദൈവം ഒരുനാള്‍ അത് തിരിച്ചെടുക്കുകയും നമ്മെ അവിടുത്തെ തിരുസന്നിധിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും. എല്ലാറ്റിന്‍റെയും ആദ്യമായ ക്രിസ്തു, അവസാനമായി നമ്മെ തന്നിലേയ്ക്കുതന്നെ സ്വീകരിക്കുന്ന അന്ത്യവിധിയുടെ ദിവസമായിരിക്കും അത്. നമുക്ക് തീര്‍പ്പില്ലാത്ത ഒരുനാളാണത്. ആ ദിവസവും വിനാഴികയുനം നമുക്കറിഞ്ഞുകൂടാ. ആകയാല്‍ അവസാന നാളിനായി, ക്രിസ്തു രണ്ടാമതു വന്ന് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ആ ദിനത്തതിനായും ഈ ആഗമനകാലത്ത് നമുക്ക് ഒരുങ്ങാം..

കാത്തിരുപ്പ് നമ്മുടെ ജീവിതങ്ങള്‍ക്ക് അര്‍ത്ഥവും പ്രതീക്ഷയും ലക്ഷൃബോധവും നല്കുന്നു. വിശിഷ്യ ക്രൈസ്തവജീവിതത്തില്‍ ക്രിസ്തുവിനായുള്ള കാത്തിരിപ്പ് അനുദിനം നമുക്കാവശ്യമാണ്. ക്രിസ്തുമസ്സ് ദിനത്തിനായുള്ള ഒരുക്കം നമ്മെ നവീകരിക്കുകയും, അനുദിനജീവിതത്തില്‍ പ്രത്യാശ വളര്‍ത്തുവാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു. സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ഉണര്‍വ്വും ഉന്മേഷവുമായിട്ടാണ് ക്രിസ്തു ആഗതനായത്, ക്രിസ്തുമസ്സ് വീണ്ടും വരുന്നത്.

ഏശയ്യാ പ്രവാചകന്‍ ആദ്യ വായനയില്‍ അനുസ്മരിപ്പിക്കുന്നതുപോലെ, മനുഷ്യന്‍റെ പാപാവസ്ഥയിലും ദൈവം നമ്മെ തേടിയെത്തുന്നു.
ഏശയാ 64, 3...
കര്‍ത്താവേ, ഞങ്ങള്‍ പാപംചെയ്തു, വളരെക്കാലം തിന്മയില്‍ വ്യാപരിച്ചു. ഞങ്ങളുടെ അകൃത്യങ്ങളുടെ പിടിയിലേയ്ക്ക് അങ്ങ് ഞങ്ങളെ വിട്ടുകളയരുതേ... ആകാശം പിളര്‍ന്ന് ഞങ്ങളെ രക്ഷിക്കാന്‍ അങ്ങ് ഇറങ്ങിവരണമേ.

ഏശയായുടെ വരികള്‍ കലാഭവനിലെ ആബേലച്ചന്‍ പുനരാവിഷ്ക്കരിച്ചത് ഒരിക്കലും മറക്കാനാവാത്ത വരികളാണ്.
സ്നേഹത്തിന്‍ മലരുകള്‍ തേടി-
തേടി വരുന്നൂ വരുന്നൂ ദൈവം
ഹൃദയത്തില്‍ പാര്‍പ്പിടം തേടി-
തേടി വരുന്നു വരുന്നു ദൈവം.

ആരു നീ പാപിയാമെന്നില്‍ വന്നു-
വാഴുവാന്‍ ആശകൊള്ളുന്നൂ
സ്നേഹമേ മണല്‍ക്കാട്ടില്‍ ശീതള-
നീര്‍ത്തടാകം തീര്‍ത്തിടുന്നു നീ.

മലരുകള്‍ വിരിച്ചില്ലല്ലോ നിനക്കായ്-
തോരണം ചാര്‍ത്തിയില്ലല്ലോ
വരണമേ പരിമളം തൂകി എന്‍റെ-
കരളിനുള്ളില്‍ ക്കതിരു വീശാന്‍.

പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കും പാപാവസ്ഥയിലേയ്ക്കും ഇറങ്ങിവന്ന് രക്ഷിക്കണമേ, എന്ന ആത്മാര്‍ത്ഥമായ യാചനയാണ് ഏശയാ പ്രവാചകന്‍ ഇസ്രായേല്‍ ജനത്തിനുവേണ്ടി ദൈവത്തോട് നടത്തുന്ന ഈ യാചന, ഇന്ന് നമ്മുക്കുവേണ്ടിയുമാണ്.

അവസാനംവരെ ക്രിസ്തുവില്‍ വിശ്വസ്തരായിരിക്കുവാന്‍, പൗലോസ് അപ്പസ്തോലന്‍ കൊറീന്ത്യായിലെ ജനങ്ങളോട് തന്‍റെ ലേഖനത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നു.
1 കൊറി. 1, 7 കര്‍ത്താവായ ക്രിസ്തുവിന്‍റെ വെളിപാടു കാത്തിരിക്കുന്ന നിങ്ങള്‍ക്ക്
ആത്മീയ ദാനത്തിന്‍റെ യാതൊരു കുറവുമില്ല, അവിടുന്നു പ്രത്യക്ഷനാകുന്ന ദിനത്തില്‍
നിങ്ങള്‍ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവസാനംവരെ അവിടുന്നു
നിങ്ങളെ പരിപാലിക്കട്ടെ,....വിശ്വസ്തരായിരിക്കുവിന്‍.

സുവിശേഷത്തിലൂടെ വിശുദ്ധ മാര്‍ക്കോസ് സൂക്ഷ്മതയുള്ള ആത്മീയ കാത്തിരിപ്പിനായി നമ്മെ ക്ഷണിക്കുന്നു. ജാഗരൂകതയുള്ള കാത്തിരിപ്പിനായി വിളിക്കുന്നു. കര്‍ത്താവു വരുമ്പോള്‍, നാം ഒരുക്കമില്ലാത്തവരായി കാണപ്പെടരുതെന്ന താക്കീതും സുവിശേഷത്തിലെ ഉപമയില്‍ നമുക്ക് ലഭിക്കുന്നു. കാരണം മനുഷ്യപുത്രന്‍ വരുന്ന വിനാഴികയോ ദിവസമോ നമുക്കാര്‍ക്കും അറിഞ്ഞുകൂടാ.

യുഗാന്ത്യസമയം അജ്ഞാതമായതിനാല്‍, ജാഗ്രത അത്യാവശ്യമാണ്. സുക്ഷിച്ചുകൊള്ളുവിന്‍, എന്ന മുന്നറിയിപ്പോടെ ആരംഭിച്ച യുഗാന്ത്യ പ്രഭാഷണം അതേ ആഹ്വാനത്തോടെ അവസാനിക്കുന്നു.
വിശുദ്ധ ഗ്രന്ഥത്തിലെ വിജ്ഞാനസാഹിത്യത്തില്‍ പതിവായി കുണുന്ന ആഹ്വാനമാണ് ഉണര്‍ന്നിരിക്കുവിന്‍ എന്നത്. ഉണര്‍ന്നിരിക്കുവിന്‍, ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍ എന്നും കാണുന്നു.
പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍,
എന്ന് ക്രിസ്തു ശിഷ്യന്മാരോട് ആവശ്യപ്പെടുന്നതും നാം സുവിശേഷത്തില്‍ വായിക്കുന്നു. പ്രത്യാഗമനസമയം അപ്രതീക്ഷിതമായതിനാല്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാനും, ജാഗ്രത പുലര്‍ത്താനുമാണ് ക്രിസ്തു തന്‍റെ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നത്

ഗൃഹനാഥന്‍ മടങ്ങിവരുന്ന ക്ലിപ്തസമയം അറിയാത്ത കാവല്‍ക്കാര്‍,
സദാ ഉണര്‍ന്നിരിക്കണമെന്നതാണ്, ഉപമയുടെ സാരം. വീടു കവര്‍ച്ച ചെയ്യപ്പെടാതിരിക്കാനുള്ള മുന്‍കരുതലിന്‍റെ ഭാഗം കൂടിയാണത്. ഉപമയുടെ ആരംഭത്തില്‍, ഗൃഹനാഥനും കാവല്‍ക്കാരനും... രണ്ടു കഥാപാത്രങ്ങള്‍ മാത്രമേയുള്ളൂ. എന്നിരുന്നാലും ക്രിസ്തുവിന്‍റെ ത്യാഗമനത്തെക്കുറിച്ചുള്ള ജാഗ്രതയും സ്പഷ്ടമാക്കുന്ന ഉപമയെന്നനിലയില്‍ മറ്റു ദാസര്‍ക്കും നമുക്കെല്ലാവര്‍ക്കും വലിയ സ്ഥാനമുണ്ട്.

യാത്രയ്ക്കുപോയ ഗൃഹനാഥന്‍റെ ഭവനത്തിലെ ദാസന്മാരുടെ സ്ഥിതവിശേഷമാണു ശിഷ്യന്മാര്‍ക്കുള്ളത്. ഗൃഹനാഥന്‍ ഓരോരുത്തര്‍ക്കും നിശ്ചിതജോലിയും ആവശ്യമായ അധികാരവും നല്കിയതിനു ശേഷമാണ് യാത്രപുറപ്പെട്ടത്. ക്രിസ്തുവില്‍നിന്നും അധികാരം സ്വീകരിച്ചവരാണു ക്രിസ്തു-ശിഷ്യന്മാര്‍. ജീവിതദൗത്യങ്ങള്‍ സ്വീകരിച്ച ക്രൈസ്തവര്‍ കാവല്ക്കാരെപ്പോലുള്ള ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഗൃഹനാഥന്‍ മടങ്ങിയെത്തുന്നത്, വേഗമായാലും വൈകിയായാലും ജാഗ്രതപുലര്‍ത്തുന്ന കാവല്‍ക്കാരനെയാണ് വീട്ടുടമസ്ഥന്‍ ‘വിശ്വസ്ത’നെന്ന് വിശേഷിപ്പിക്കുന്നത്. ജീവിതത്തില്‍ സ്വീകരിക്കുന്ന ഉത്തരവാദിത്വങ്ങളുടെ അടിസ്ഥാനത്തില്‍ കണക്കുബോധിപ്പിക്കാന്‍ ബാദ്ധ്യസ്ഥരാണ് നാം.

ഉറങ്ങിപ്പോകുന്ന കാവല്‍ക്കാര്‍ ഉത്തരവാദിത്വമില്ലാത്തവരാണ്. ക്രിസ്തീയാസ്തിത്വത്തിന്‍റെ നിഷേധാത്മകവശമാണ് ഉറങ്ങുകയെന്നത്. ക്രിയാത്മകവശം ഉണര്‍ന്നിരിക്കുകയെന്നതും. ആകയാല്‍ പ്രലോഭനത്തില്‍ അകപ്പെടാതിരിക്കുവാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്ന പ്രാര്‍ത്ഥിക്കുവിന്‍.മാര്‍ക്കോസ് 14, 37 ഉണര്‍ന്നിരിക്കേണ്ട കാലമാണീ പ്രലോഭന കാലം. അതു ജാഗ്രതയോടെ ഇരിക്കേണ്ട കാലവുമാണ്.

യുഗാന്ത്യം പെട്ടെന്നുണ്ടാകുമെന്നു പ്രതീക്ഷിച്ചു കഴിയാതെ, ഏതു നിമിഷവും ഉണ്ടാകാമെന്നു കരുതി ജാഗ്രതയോടെ വര്‍ത്തിക്കുകയാണ് വിശ്വസ്ത ദാസരെ സംബന്ധിച്ചിടത്തോളം കരണീയമായുള്ളത്. യജമാനനായ ക്രിസ്തു എല്ലാദിവസവും നമ്മിലേയ്ക്കു വരുന്നുണ്ട്.
അവിടുത്തെ കാലൊച്ച കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുക. തന്നെ കാത്തിരിക്കുന്നവര്‍ക്കാണ് അവിടുത്തെ കേള്‍ക്കാനും കാണുവാനും സ്വീകരിക്കാനും വരം ലഭിക്കുന്നത്. കേള്‍ക്കുവാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ, കണ്ണുള്ളവന്‍ കാണട്ടെ, എന്ന് അവിടുന്നു നമ്മെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്.

വചനമായി അവിടുന്നു നമ്മുടെ മദ്ധ്യേ മാംസം ധരിച്ചു, അവതരിച്ചു. അവിടുന്ന് ഇന്നും നമ്മോടൊത്തു വിസിക്കുന്നു. ക്രിസ്തു ജീവിക്കുന്നു. അവിടുത്തെ വചനത്തോടൊപ്പം, തന്‍റെ മാംസ-രക്തങ്ങള്‍ നമുക്ക് ഭോജ്യമായി തന്നിരിക്കുന്നു. നമ്മില്‍നിന്നും അവിടുന്ന് പ്രതീക്ഷിക്കുന്നത്, അവിടുത്തെ സ്വീകരിക്കാനുള്ള ഒരുക്കവും തയ്യാറെടുപ്പും, പ്രത്യാശയും പ്രതീക്ഷയുമാണ്.
തുടര്‍ന്നുള്ള ദിനങ്ങള്‍ ആത്മീര്‍ത്ഥമായ ഒരുക്കത്തിന്‍റെ ദിനങ്ങളാവട്ടെ.
വിനായാന്വിതനായി ഭൂമിയിലവതരിച്ച വചനമായ ക്രിസ്തു നമ്മുടെ ജീവിതത്തിന്‍റെ എളിയ സാഹചര്യങ്ങളില്‍ മാംസം ധരിക്കത്തക്കവിധം ഈ ദിനങ്ങളില്‍ നമുക്കൊരുങ്ങാം.









All the contents on this site are copyrighted ©.