2011-11-22 20:21:34

തിരുക്കുടുംബത്തിന് അഭയംനല്കിയ
മണ്ണില്‍നിന്നൊരു ത്രികാലപ്രാര്‍ത്ഥന


22 നവംമ്പര്‍ 2011, ആഫ്രിക്ക
ആഫ്രിക്കന്‍ മണ്ണിലേയ്ക്കുള്ള എന്‍റെ പ്രേഷിതയാത്രയുടെ സമാപനത്തില്‍
ഈ ത്രികാല പ്രാര്‍ത്ഥനയിലൂടെ നമുക്ക് പ്രത്യാശയോടെ യേശുവിന്‍റെ അമ്മയിലേയ്ക്കു തിരിയാം.
ഞാന്‍ ഇവിടെ പ്രകാശനംചെയ്ത ‘ആഫ്രിക്കയുടെ ദാനം’ Africae Munus എന്ന അപ്പസ്തോലിക പ്രബോധനംവഴി ആഫ്രിക്കയുടെ സുവിശേഷവത്ക്കരണ ചരിത്രത്തില്‍ നവമായൊരു അദ്ധ്യായം തുറക്കപ്പെടുകയാണ്, ഇന്നാടിനെയും ഭൂഖണ്ഡത്തെ മൊത്തമായും ആഫ്രിക്കയുടെ അമ്മയായ പരിശുദ്ധ കന്യാകാനാഥയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഈ കരയുടെ ഭാവിയില്‍ പരിശുദ്ധ അമ്മ നിങ്ങള്‍ക്ക് നിത്യസഹായി ആയിരിക്കട്ടെ.

ദൈവികപദ്ധതികള്‍ക്കു സമ്പൂര്‍ണ്ണ സമ്മതം നല്കിയവളാണ് പരിശുദ്ധ കന്യകാ മറിയം.
ദൈവം നമ്മെ ഇന്നേല്പിക്കുന്ന സഭാദൗത്യത്തോടും ജീവിത കര്‍ത്തവ്യങ്ങളോടും സമ്മതം മൂളാനും വിശ്വസ്തത പുലര്‍ത്താനും മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം യാചിക്കാം. രക്ഷകനായ ക്രിസ്തുവന്‍റെ അമ്മയാകാന്‍ ഭാഗ്യംലഭിച്ച സ്ത്രീയാണ് നസ്രത്തിലെ മറിയം. ജീവന്‍റെ മൂല്യവും മനോഹാരിതയും മറിയത്തെപ്പോലെ മറ്റാര്‍ക്ക് അറിയാം? ജീവന്‍റെ ദൈവിക ദാനത്തിനു മുന്നില്‍ നാം മടിച്ചോ പകച്ചോ നില്ക്കരുത്. മറിയത്തെ മാതൃകയാക്കാം. കാരണം ഈ ഭൂമിയില്‍ ഉഴലുന്ന നമ്മുടെ മാനുഷികാവശ്യങ്ങള്‍ നന്നായി അറിയുന്നവളാണ് പരിശുദ്ധ കന്യകാ മറിയം. കാല്‍വരി മലയില്‍ ക്രൂശിതനായ ക്രിസ്തുവിനോടു ചേര്‍ന്നുനിന്ന മറിയം ജീവിതയാതനകളില്‍ നമുക്ക് പ്രത്യാശയുടെ അമ്മയാണ്. ക്രിസ്തുവില്‍ നമുക്കു ലഭിച്ചിട്ടുള്ള സത്യത്തിന്‍റെ കരുത്തിനാല്‍ അനുദിന ജീവിതദൗത്യങ്ങളും വ്യഗ്രതകളും പ്രത്യാശയോടെ വഹിക്കുവാനും നേരിടുവാനും പരിശുദ്ധ കന്യകാ മറിയം നമുക്ക് തുണയാകട്ടെ.

പ്രിയ സഹോദരങ്ങളേ, നിങ്ങളുടെ ഈ മണ്ണാണ്, ഈജിപ്തു ദേശമാണ് നസ്രത്തിലെ തിരുക്കുടുംബത്തിന് അഭയം നല്കിയത്. നന്മയുടെ മൂല്യങ്ങളില്‍ കുടുംബങ്ങളെ വളര്‍ത്തിയെടുക്കാന്‍ തിരുക്കുടുംബം നിങ്ങളെ സഹായിക്കട്ടെ. നിരവധിയായ പ്രശ്നങ്ങളാല്‍ കുടുംബങ്ങള്‍ ശിഥിലമാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ഒറ്റപ്പെടുകയും ഏറെ വേദനകള്‍ അനുഭവിക്കുകയും ചെയ്യുന്ന ഇക്കാലയളവില്‍ നിങ്ങള്‍ അനുരഞ്ജനത്തിന്‍റേയും പ്രത്യാശയുടെയും പ്രായോക്തക്കളാകണമെന്ന് ഓര്‍പ്പിക്കുകയാണ്. തന്‍റെ സ്ത്രോത്രഗീതത്തിലൂടെ ദൈവത്തെ പ്രകീര്‍ത്തിച്ച മറിയത്തോടൊപ്പം നമുക്കും സന്തോഷത്തോടെ അനുദിനം ദൈവത്തെ പ്രകീര്‍ത്തിക്കാം. ദൈവസ്നേഹത്തിന്‍റെ ആനന്ദം നിങ്ങളിലും നിങ്ങളുടെ കുടുംബങ്ങളിലും ഈ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളിലും വന്നു നിറയട്ടെ.

ത്രികാലപ്രാര്‍ത്ഥന ഒരുമിച്ചു ചൊല്ലിക്കൊണ്ട് സ്വര്‍ഗ്ഗീയ നാഥയിലേയ്ക്കു നമുക്ക് പ്രത്യാശയോടെ തിരിയാം. നമ്മുടെ ഹൃദയാഭിലാഷങ്ങള്‍ പരിശുദ്ധ അമ്മയ്ക്കു സമര്‍പ്പിക്കാം. ആഫ്രിക്കയ്ക്കുവേണ്ടിയും ലോകം മുഴുവനുവേണ്ടിയും ഈ ത്രികാലജപത്തില്‍ പ്രാര്‍ത്ഥിക്കാം.
(ആഫ്രിക്കയിലെ ബെനീന്‍ സന്ദര്‍ശനത്തിന്‍റെ സമാപനത്തില്‍ മാര്‍പാപ്പ ജനങ്ങള്‍ക്കൊപ്പം ചൊല്ലിയ ത്രികാലപ്രാര്‍ത്ഥനായ്ക്ക് ആമുഖമായി നടത്തിയ പ്രഭാഷണം.)









All the contents on this site are copyrighted ©.