2011-11-22 15:54:43

കാലത്തിന്‍റെ വെല്ലുവിളികളോടു കത്തോലിക്കാ സഭ ക്രിയാത്മകമായി പ്രതികരിക്കുന്നു: കര്‍ദ്ദിനാള്‍ ബെര്‍ത്തോണെ


22 നവംബര്‍ 2011, വത്തിക്കാന്‍
സമൂഹത്തെ സുവിശേഷാധിഷ്ഠിതമായ നവീന പാതകളിലൂടെ നയിച്ചുകൊണ്ട് സമകാലിക വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കാനാണ് കത്തോലിക്കാ സഭ ആഗ്രഹിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ. യൂറോപ്പിലെ മെത്രാന്‍മാരുടെ സമിതിയുടേയും നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റേയും സംയുക്ത സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ ബെര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്. സഭയുടെ കഴിഞ്ഞകാല അനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ നവസുവിശേഷവല്‍ക്കരണത്തിന് ഒരു മുതല്‍ക്കൂട്ടാണെന്ന് കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. പാശ്ചാത്യനാടുകളില്‍ സാംസ്ക്കാരീക മൂല്യച്യുതി ദൃശ്യമാണെങ്കിലും ഇന്നും ദൈവ സാന്നിദ്ധ്യത്തിനായി ദാഹിക്കുന്ന അനേകര്‍ അന്നാടുകളിലുണ്ട്. സുവിശേഷാധിഷ്ഠിതമായ ഒരു നവവസന്തമാണ് നവസുവിശേഷവല്‍ക്കരണം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും കര്‍ദ്ദിനാള്‍ വിശദീകരിച്ചു. ആദിമ ക്രൈസ്തവര്‍ക്കുണ്ടായിരുന്ന വിശ്വാസ തീക്ഷണതയോടെ സുവിശേഷത്തിനു സാക്ഷൃം നല്‍കാന്‍ കര്‍ദ്ദിനാള്‍ ഏവരേയും ആഹ്വാനം ചെയ്തു.







All the contents on this site are copyrighted ©.