2011-11-21 17:24:02

ലോക്പാല്‍ ബില്ലിനോട് ക്രൈസ്തവസമൂഹം പ്രതികരിക്കുന്നു


21 നവംബര്‍ 2011, ഡല്‍ഹി
അന്നാ ഹസാരെ മുന്നോട്ടുവച്ച അഴിമതിവിരുദ്ധ ലോക്പാല്‍ ബില്ലിനോട് പ്രതികരിച്ചുകൊണ്ട് ഇന്ത്യയിലെ സംയുക്ത ക്രൈസ്തവസമിതി പ്രസ്താവനയിറക്കി. ശക്തമായ ഒരു ലോക്പാല്‍ ബില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ക്രൈസ്തവസംയുക്ത സമിതിയംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അഴിമതി ജനഹൃദയങ്ങളില്‍ നിന്ന് തുടച്ചുമാറ്റേണ്ടതാണ്. നിയമംകൊണ്ടു മാത്രം അതു സാധ്യമല്ലെങ്കിലും ഈ സാമൂഹ്യ തിന്മയെക്കെതിരേ പോരാടാന്‍ ശക്തമായ നീതിന്യായവ്യവസ്ഥയും ആവശ്യമാണ്. അന്നാ ഹസാരെ നിര്‍ദ്ദേശിച്ച ബില്‍ ജനശ്രദ്ധനേടിയെങ്കിലും അതിന് ചില പോരായ്മകളുണ്ട്. ലോക്പാല്‍ ബില്ലിന് രാജ്യത്തിന്‍റെ പലഭാഗത്തു നിന്നും നിര്‍ദ്ദേശങ്ങളും ഭേദഗതികളും വരുന്നത് പ്രതീക്ഷാര്‍ഹമാണെന്നും ക്രൈസ്തവസമിതി വ്യക്തമാക്കി. ക്രൈസ്തവമൂല്യങ്ങളുടെ വെളിച്ചത്തില്‍ വിശദമായ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം ആവിഷ്ക്കരിച്ച പത്തു പ്രായോഗിക നിര്‍ദ്ദേശങ്ങളും ക്രൈസ്തവസമിതി പ്രസിദ്ധീകരിച്ചു.
ദേശീയകത്തോലിക്കാമെത്രാന്‍സമിതിയുടെ (CBCI) നീതി,സമാധാന, വികസന കാര്യങ്ങള്‍ക്കായുള്ള സമിതി, ക്രൈസ്തവസഭകളുടെ( NCCI)ദേശീയ സമിതിയുടെ പൊതുനയസമിതി,ക്രൈസ്തവയുവതികളുടെ സംഘടന (YWCA) എന്നിവ സംയുക്തമായാണ് പ്രതികരണം പുറത്തിറക്കിയിരിക്കുന്നത്.








All the contents on this site are copyrighted ©.