2011-11-20 19:39:12

നിത്യവിധിയുടെ മാനദണ്ഡം
സഹോദരസ്നേഹമെന്ന് മാര്‍പാപ്പ


20 നവംമ്പര്‍ 2011, ബെനീന്‍

എന്‍റെ മുന്‍ഗാമിയായ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാല്പാടുകളെ പിന്‍തുടര്‍ന്നുകൊണ്ട് പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സന്ദേശവുമായി രണ്ടാം തവണയും ആഫ്രിക്കന്‍ മണ്ണില്‍ നില്ക്കുവാന്‍ എനിക്കതിയായ സന്തോഷമുണ്ട്. ഇന്നു നാം ക്രിസ്തുരാജന്‍റെ തിരുനാള്‍ ആഘോഷിച്ചുകൊണ്ടാണ് ബലിയര്‍പ്പിക്കുന്നത്. സുവിശേഷ വെളിച്ചം സ്വീകരിച്ച് നാം പിന്നിട്ട 150-വര്‍ഷങ്ങള്‍ക്കും, നന്മയുടെ ഫലങ്ങള്‍ കൊയ്ത
ആഫ്രിക്കയിലെ മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിനും നമുക്ക് ഈ ദിവ്യബലിയില്‍ ദൈവത്തിന് നന്ദിയര്‍പ്പിക്കാം.
മനുഷ്യജീവിതത്തിന്‍റെ അവസാന വിധിയാളന്‍ ക്രിസ്തുവാണ് എന്ന് ഇന്നത്തെ സുവിശേഷ ഭാഗം നമ്മെ ഓര്‍പ്പിക്കുന്നു. അവിടുന്ന് നമ്മുടെ മദ്ധ്യേ അവതരിച്ചത് വിശക്കുന്നവരിലും ദാഹിക്കുന്നവരിലും പരദേശികളും നഗ്നരിലും രോഗികളിലും കാരാഗൃഹ വാസികളിലും, അവസാനം പീഡിതരിലും പുറന്തള്ളപ്പെട്ടവരിലും ഒരുവനായിട്ടാണ്. എപ്രകാരം നാം
ഈ എളിയവരെ സ്വീകരിക്കുന്നുവോ അപ്രകാരമായിരിക്കും ക്രിസ്തുവിനെയും നമ്മുടെ ജീവിതങ്ങളില്‍ നാം സ്വീകരിക്കുക.

അന്ത്യവിധിയുടെ സുവിശേഷഭാഗം ഒരു ഭാഷാസൂക്തമോ, അലങ്കാരപ്രയോഗമോ അല്ല. ക്രിസ്തുവന്‍റെതന്നെ അസ്തിത്വത്തിന്‍റെയും ജീവിതത്തിന്‍റെയും പൊരുളാണ് അതില്‍ ചുരുളഴിയുന്നത്. ദൈവപുത്രനായ അവിടുന്ന് മനുഷ്യനായി. ചെറിയ കാര്യങ്ങളില്‍പ്പോലും നമ്മുടെ മനുഷ്യത്വത്തില്‍ അവിടുന്ന് പങ്കുചേര്‍ന്നു. തന്‍റെ സഹോദരങ്ങുടെ മദ്ധ്യേ അവിടുന്ന് ദാസന്‍റെ രൂപം സ്വീകരിച്ചു. തലചായ്ക്കാന്‍ ഇടമില്ലാതിരുന്നവനെ അവസാനം അവര്‍ കുരിശില്‍ തറച്ചുകൊന്നു. ഇതാണ് നാം ഇന്നാഘോഷിക്കുന്ന ക്രിസ്തു രാജാവിന്‍റെ ചരിത്രം. ഇത് നമ്മെ തെല്ലൊന്ന് അമ്പരപ്പിക്കാം. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പും രാജകീയ പ്രൗഢിയും പ്രതാപവും ചരിത്രത്തില്‍ കുടികൊണ്ടതുപോലെ, ഇന്നും പണവും പ്രതാപവും കരബലവുമാണ് പൊതുവെ സമൂഹത്തില്‍ മുന്തിനില്ക്കുന്നത്.
അതുകൊണ്ട് എളിയവരുടെയും പാവങ്ങളുടെയും ദാസനാവുകയും, തന്‍റെ സിംഹാസനം ഒരു കുരിശ്ശായി സ്വീകരിക്കുകയും ചെയ്ത ഒരു രാജാവിനെ ഇന്നു സ്വീകരിക്കുവാന്‍ നമുക്ക് ബുദ്ധിമുട്ടു തോന്നാം. എന്നാന്‍ തിരുവെഴുത്തകള്‍ നമ്മെ പഠിപ്പിക്കുന്നു - ഇതാണ് വെളിപ്പെടുത്തപ്പെട്ട ദൈവമഹത്വം എന്ന്. ഭൂമിയിലെ തന്‍റെ അസ്തിത്വത്തിന്‍റെ എളിമയില്‍നിന്നുമാണ് ക്രിസ്തു, അവസാനം നമ്മെ വിധിക്കുന്നതിനുള്ള കരുത്ത് ആര്‍ജ്ജിക്കുന്നത്.
ക്രിസ്തു ഭരിച്ചത് തന്‍റെ ശുശ്രൂഷയിലൂടെയാണ്. പാവങ്ങളെയും പീഡിതരെയും പുറംതള്ളപ്പെട്ടവരെയും തുണച്ചുകൊണ്ട് അവിടുത്തെ സേവനത്തിന്‍റെ പാതപിന്‍ചെല്ലുവാനാണ് അവിടുന്ന് ഇന്നു നമ്മോടും ആവശ്യപ്പെടുന്നത്. ക്രിസ്തുവിനെ അനുഗമിക്കാനുള്ള തീരുമാനം ഏറെ ക്ലേശങ്ങള്‍ നിറഞ്ഞതാണെന്നും ചിലപ്പോള്‍ ജീവാര്‍പ്പണംപോലും ആവശ്യപ്പെടുന്നതാണെന്നും ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ളവര്‍ക്ക് അറിയാം.

പൗലോസ് അപ്പസ്തോലന്‍ നമ്മെ അനുസ്മരിപ്പിക്കുന്നതുപോലെ, ക്രിസ്തു മരണത്തെ ജയിച്ച് ഉത്ഥാനത്തിന്‍റെ പുതുജീവന്‍ നമുക്കായി തുറന്നു തന്നിരിക്കുന്നു. അവിടുന്ന് നമ്മെ ഒരു പുതിയ ലോകത്തേയ്ക്ക്, സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും പുതിയ ലോകത്തേയ്ക്ക് നയിക്കുകയും വിളിക്കുകയും ചെയ്യുന്നു. ഒത്തിരി കാര്യങ്ങള്‍ ഇന്നും നമ്മെ പഴയതിലേയ്ക്കും, കഴിഞ്ഞതിലേയ്ക്കും വരിഞ്ഞുകെട്ടുന്നുണ്ട്.
അതുവഴി സന്തോഷത്തിന്‍റെ സ്വാതന്ത്ര്യം അനുഭവിക്കാനാവാതെ ഭീതിയുടെ ബന്ധികളായി നാം മാറുന്നുമുണ്ട്. കഴിഞ്ഞ കാലബന്ധനങ്ങളില്‍നിന്നും നമ്മെ മോചിപ്പിക്കുവാന്‍ നമ്മില്‍ വസിക്കുന്ന ക്രിസ്തുവിനെ അനുവദിക്കുക. ക്രിസ്തുവിലുള്ള വിശ്വാസം നമ്മുടെ ജീവിതത്തിന്‍റെ ഭയത്തില്‍നിന്നും ദുരവസ്ഥയില്‍നിന്നും നമ്മെ സ്വതന്തരരാക്കും. അവിടുന്നു നമുക്കു നല്കുന്ന നീതിയുടെയും സത്യത്തിന്‍റെയും ലോകം, വെറും വാക്കുകളുടെ ലോകമല്ല, മറിച്ച് നമുക്കായും നമ്മുടെ സഹോദരങ്ങള്‍ക്കായും ക്രിസ്തു തുറക്കുന്ന ആന്തരീക സ്വാതന്ത്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയും ലോകമാണത്. ഇതാണ് ജ്ഞാനസ്നാനത്തില്‍ ദൈവം നമുക്കു നല്കിയിരിക്കുന്ന നിത്യസമ്മാനവും.

“എന്‍റെ പിതാവിനാല്‍ അനുഗ്രഹീതരേ, വരുവിന്‍ ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന
നിത്യസമ്മാനം കൈവശമാക്കുവിന്‍.” മത്തായി 25, 34. ക്രിസ്തുവിനോടുള്ള വളരെ സ്വതന്ത്രവും സമൃദ്ധവുമായ സ്നേഹത്താല്‍ തങ്ങളുടെ എളിയ സഹോദരങ്ങളില്‍ അവിടുത്തെ സാന്നിദ്ധ്യം അംഗീകരിക്കുന്നവര്‍ക്കായി, മനുഷ്യപുത്രന്‍ അന്തിമനാളില്‍ നല്കുന്ന നിത്യസമ്മാനം സ്വീകരിക്കാനായി നമുക്ക് ഒരുങ്ങാം. പ്രിയ സഹോദരങ്ങളേ, പ്രപഞ്ചനാഥനും എളിയവരുടെ ദാസനുമായ ക്രിസ്തു നമ്മിലേയ്ക്ക് വന്നുകഴിഞ്ഞു, ആകയാല്‍ അവിടുത്തെ സുവിശേഷവചനങ്ങള്‍ എന്നും നമ്മുടെ ജീവിതത്തിന്‍റെ പ്രത്യാശയുടെ വചസ്സുകളാകട്ടെ. ജീവിതത്തില്‍ മാര്‍ഗ്ഗദീപമാവട്ടെ.
സമൂഹത്തില്‍ യാതനകളനുഭവിക്കുന്ന, രോഗികളും, എയിഡ്സ് ബാധിതരും, തിരസ്കൃതരുമായ എല്ലാവരെയും ഞാന്‍ പ്രത്യേകമായി ഇവിടെ അനുസ്മരിക്കുകയാണ്. മാര്‍പാപ്പ തന്‍റെ ചിന്തയിലും പ്രാര്‍ത്ഥനയിലും നിങ്ങളുടെ ചാരത്തുണ്ട് എന്നോര്‍ക്കുക. ധൈര്യമായിരിക്കുക.
ക്രിസ്തു തന്നെത്തന്നെ എളിയവരോടും പാവങ്ങളോടും താദാത്മ്യപ്പെടുത്തിയിട്ടുള്ളതാണ്. ക്ലേശങ്ങളില്‍നിന്നും പീഡനങ്ങളില്‍നിന്നും നിങ്ങളെ സ്വതന്ത്രരാക്കാന്‍ അവിടുന്ന് നിങ്ങളുടെ വ്യഥകളില്‍ പങ്കുചേരുകയും, നിങ്ങളെ അവിടുത്തെ മക്കളായി സ്വീകരിക്കുകയുംചെയ്യുന്നു.
സമൂഹത്തിലെ ഒരോ രോഗിയും ദരിദ്രനും നമ്മുടെ സ്നേഹാദരങ്ങള്‍ അ‍ര്‍ഹിക്കുന്നുണ്ട്, കാരണം അവരിലൂടെയാണ് ദൈവം നിത്യജീവന്‍റെ പാത നമുക്കായി തുറക്കുന്നത്.








All the contents on this site are copyrighted ©.