2011-11-20 20:31:12

ദൈവം സര്‍വ്വാത്മനും
ജീവിതത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവനും


20 നവംമ്പര്‍ 2011, ബെനീന്‍
പ്രിയ കുട്ടികളേ, പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധന കഴിഞ്ഞ
ഈ ശുഭമുഹൂര്‍ത്തത്തില്‍ നിങ്ങളോടു സംസാരിക്കുവാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ പിതാവായ ദൈവംതന്നെയാണ്
തന്‍റെ തിരുക്കുമാരനും നമ്മുടെ രക്ഷകനുമായ ക്രിസ്തുവിന്‍റെ സന്നിധിയില്‍ നമ്മെ ഒരമിച്ചുകൊണ്ടുവന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ദിവ്യബലിയില്‍ ആശിര്‍വദിച്ച അപ്പത്തില്‍ ക്രിസ്തു സന്നിഹിതനാണ്,
എന്നത് നമ്മുടെ വിശ്വാസമാണ്. നാം വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന വലിയ ദൈവീക രഹസ്യമാണിത്. നമ്മെ സ്നേഹിക്കുന്ന ക്രിസ്തു
ഈ സ്ക്രാരിയിലും ലോകം മുഴുവനിലുമുള്ള ദേവാലയങ്ങളിലെ സക്രാരികളിലും രാപകല്‍ വസിക്കുന്നു. നിങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നുവെങ്കില്‍ സക്രാരിയില്‍ വസിക്കുന്ന അവിടുത്തെ അനുദിനം സന്ദര്‍ശിക്കുവാന്‍ മറന്നുപോകരുത്. നിങ്ങളില്‍ ചിലര്‍ ആദ്യ ദിവ്യകാരുണ്യം സ്വീകരിച്ചവരാണ്. മറ്റു ചിലര്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നവരാണ്.
ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസമായിരുന്നു, എന്‍റെ പ്രഥമ ദിവ്യകാരുണ്യ ദിനം. നിങ്ങള്‍ക്കെല്ലാവര്‍ക്കും അങ്ങിനെ തന്നെയായിരിക്കും എന്നെനിക്കറിയാം. ഈ സന്തോഷത്തിനു കാരണം, നാം അന്നണിയുന്ന നല്ല ഉടുപ്പോ, നടത്തപ്പെടുന്ന ആഘോഷങ്ങളോ അല്ല. ആദ്യമായി ക്രിസ്തു നമ്മിലേയ്ക്കു വരുന്നതുകൊണ്ടാണ് ഈ പ്രത്യോകാനന്ദവും അനുഭൂതിയും....

ദിവ്യകാരുണ്യ സ്വീകരിണത്തിലൂടെ ക്രിസ്തു എന്നില്‍ വസിക്കാന്‍ വരികയാണ്. ഞാന്‍ അവിടുത്തെ സ്നേഹത്തോടെ സ്വീകരിക്കുകയും ആദരവോടെ ശ്രവിക്കുകയും വേണം.
എന്‍റെ ഹൃദയത്തില്‍നിന്നും ഞാന്‍ പറയും,
യേശുവേ, അങ്ങ് എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം.
അങ്ങ് എനിക്കു നല്കുന്ന സ്നേഹം ഞാന്‍ മറ്റുള്ളവരുമായും പങ്കുവയ്ക്കട്ടെ. ഞാന്‍ എന്‍റെ സന്തോഷവും ദുഃഖവും എന്‍റെ ഭാവിയും അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു, എന്ന്.

പ്രിയ കുട്ടികളേ, യേശുവിനെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കുവാന്‍ നിങ്ങള്‍ മറന്നു പോകരുത്. നിങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ട അമൂല്യ നിധിയാണ് ക്രിസ്തു. നിങ്ങളെപ്പോലുള്ള കുഞ്ഞുങ്ങളെയും
എത്രയോ ക്രൈസ്തവരെയുമാണ് ദിവ്യകാരുണ്യത്തിലെ ക്രിസ്തു
തന്‍റെ സ്നേഹവും ധൈര്യവുംകൊണ്ട് നിറച്ചിട്ടുള്ളത്. അങ്ങനെയുള്ളവരില്‍ ഒരാളായിരുന്നു ഉഗണ്ടയില്‍നിന്നുമുള്ള ബാലനായ വിശുദ്ധ കിസീത്തോ.
തന്‍റെ ക്രൈസ്തവ ജീവിതത്തോടു ധീരമായ വിശ്വസ്തത കാണിച്ച കിസീത്തോയെ വിദ്വേഷികള്‍ കൊന്നുകളയുകയായിരുന്നു.
കിസീത്തോ സഭയുടെ വിശദ്ധനായ രക്തസാക്ഷിയാണ്.
മനുഷ്യ ജീവിതത്തില്‍ ദൈവത്തിന് ഏറെ പ്രാധാന്യമുണ്ടെന്നു മാത്രമല്ല, ദൈവം ജീവിതത്തിന്‍റെ സര്‍വ്വവുമാണ്, എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് കിസീത്തോ തന്‍റെ ജീവന്‍ സമര്‍പ്പിച്ചത്.

എന്താണ് പ്രാര്‍ത്ഥന? ക്രിസ്തുവിനെ അനുകരിക്കാനുള്ള താല്പര്യത്തോടെ ദൈവത്തിങ്കലേയ്ക്കു നാം ഉയര്‍ത്തുന്ന രോദനമാണ്, മനുഷ്യന്‍റെ കരിച്ചിലാണ് പ്രാര്‍ത്ഥന. ക്രിസ്തു ഏകനായി പ്രാര്‍ത്ഥിക്കുവാന്‍ പോയെന്ന് നാം സുവിശേഷത്തില്‍ വായിക്കുന്നു. അതുപോലെ നാമും സ്വന്തമായി പ്രാര്‍ത്ഥിക്കുവാന്‍ ഒരു ക്രൂശിതരൂപ്ത്തിന്‍റെയുോ ചിത്രത്തിന്‍റെയോ മുന്നിലേയ്ക്ക് പോകാറുണ്ടല്ലോ. വിശുദ്ധഗ്രന്ഥം വായിച്ചുകൊണ്ടും ധ്യനിച്ചുകൊണ്ടും നമുക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്.
എന്നെ സ്പര്‍ശിക്കുന്ന അല്ലെങ്കില്‍ എനിക്കിഷ്ടപ്പെട്ട വചനം ആ ദിവസം
എന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. അങ്ങനെ ക്രിസ്തുവിന്‍റെകൂടെ പ്രാര്‍ത്ഥനയില്‍ അന്നേ ദിവസം ആയിരിക്കുമ്പോള്‍, അവിടുന്ന് സ്നേഹവും പ്രകാശവും ജീവനുമായി എന്നില്‍വന്നു നിറയും.
പ്രാര്‍ത്ഥനയില്‍ അങ്ങനെ എനിക്കു കിട്ടുന്ന ക്രിസ്തുസ്നേഹം മാതാപിതാക്കളും സഹോദരങ്ങളും അയല്‍ക്കാരും കൂട്ടുകാരുമായും, എന്നോട് സ്നേഹമില്ലാത്തവരുമായും പങ്കുവയ്ക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായിത്തീരും.
പ്രിയ കുട്ടികളേ, യുവാക്കളേ,
ക്രിസ്തു നിങ്ങളെ എപ്പോഴും സ്നേഹിക്കുന്നുണ്ട്.
നിങ്ങളോടൊപ്പം പ്രാര്‍ത്ഥിക്കുവാന്‍ നിങ്ങളുടെ മാതാപിതാക്കളെയും നിങ്ങള്‍ ക്ഷണിക്കണം. ചിലപ്പോള്‍ അവരെ നിര്‍ബന്ധിക്കേണ്ടതായും വന്നേക്കാം. അങ്ങനെ ചെയ്യുവാന്‍ നിങ്ങള്‍ മടിക്കരുത്.
നമ്മുടെ ജീവതത്തില്‍ ദൈവത്തിന് ഏറെ പ്രാധാന്യമുണ്ട്, ഉണ്ടായിരിക്കണം.

യേശുവിന്‍റെ അമ്മ, പരിശുദ്ധ കന്യകാ മറിയം പ്രാര്‍ത്ഥനയിലൂടെ നിങ്ങളുടെ അനുദിന ജീവിതത്തിനാവശ്യമായ ക്ഷമയും സ്നേഹവും നല്കും.
നിങ്ങളെയും നിങ്ങളുടെ മാതാപിതാക്കളെയും അദ്ധ്യാപകരെയും ദൈവമാതാവിനു ഞാന്‍ സമര്‍പ്പിക്കുന്നു.
എന്‍റെ കീശയില്‍ ജപമാല എപ്പോഴുമുണ്ട്. ഇതാ എന്‍റെ ജപമാല.
പ്രാര്‍ത്ഥനയ്ക്കു സഹായിക്കുന്ന നല്ല ഉപാധിയാണ് ജപമാല.
അതു ചൊല്ലാന്‍ വളരെ എളുപ്പവുമാണ്. നിങ്ങള്‍ക്ക് അത് അറിയാമെന്നു കരുതുന്നു. ഇല്ലെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളോട് പഠിപ്പിച്ചുതരാന്‍ ഇന്നുതന്നെ പറയണം. ഈ പരിപാടിക്കുശേഷം നിങ്ങള്‍ക്കെല്ലാവര്‍ക്കും
ഒരു ജപമാല തരുന്നുണ്ട്. അത് നിങ്ങള്‍ കയ്യിലെടുക്കുമ്പോള്‍ മാര്‍പാപ്പയ്ക്കുവേണ്ടിയും സഭയ്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം.

സമാപനാശിര്‍വ്വാദത്തിനു മുന്‍പ്, നമുക്ക് സ്നേഹത്തോടെ യേശുവിന്‍റെ അമ്മയെ, പരിശുദ്ധ ദൈവമാതാവിനെ ഒരുമിച്ച് വിളിച്ചപേക്ഷിക്കാം.
നാം ചൊല്ലാന്‍ പോകുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ലോകത്തിലെ എല്ലാ കുട്ടികള്‍ക്കുംവേണ്ടി ഭക്തിയോടെ സമര്‍പ്പിക്കാം,
പ്രത്യേകിച്ച് രോഗവും ദാരിദ്ര്യവും അനുഭവിക്കുകയും, യുദ്ധഭൂമിയില്‍ ഭീതിയോടെ ജീവിക്കുന്നവരുമായ കുട്ടികളെയും നമുക്ക് സമര്‍പ്പിക്കാം.

(മാര്‍പാപ്പ കുട്ടികള്‍ക്കൊപ്പം നന്മനിറഞ്ഞ മറിയമേ, എന്ന പ്രാര്‍ത്ഥന ചൊല്ലി.)








All the contents on this site are copyrighted ©.