2011-11-16 20:09:28

‘നസ്രായനായ യേശു’
മഹത്തായ രചന


16 നവംമ്പര്‍ 2011, ഇറ്റലി
മാര്‍പാപ്പ രചിച്ച ക്രിസ്തുചരിതം – രണ്ടു വാല്യങ്ങളും ഉള്ളടക്കത്തിന്‍റെ സമഗ്രതകൊണ്ട് ഏകഗ്രന്ഥമാണെന്ന്, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പ്രസ്താവിച്ചു. ആഗോളതലത്തില്‍ ഈ വര്‍ഷം ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ഗ്രന്ഥമായ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ‘നസ്രായനായ യേശു’ ഒന്നും രണ്ടും വാല്യങ്ങളെക്കുറിച്ച് നവംമ്പര്‍ 15-ാം തിയതി ചൊവ്വാഴ്ച ഇറ്റലിയിലെ ഊര്‍ബീനോ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രബന്ധാവതരണത്തിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇപ്രകരം സമര്‍ത്ഥിച്ചത്.

ദൈവശാസ്ത്രപരമായും വ്യാഖ്യാനപരമായും ചരിത്രത്തിലെ ക്രിസ്തുവും വിശ്വാസത്തിലെ ക്രിസ്തുവും തമ്മില്‍ ഒരന്തരമില്ലാതെ കോര്‍ത്തിണക്കിക്കൊണ്ടുള്ള മാര്‍പാപ്പയുടെ രചനാവൈദഗ്ദ്ധ്യം വളരെ സത്യസന്ധമായി ക്രിസ്തുവുമായുള്ള വ്യക്തിബന്ധത്തില്‍ അനുവാചകരെ കൊണ്ടെത്തിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ വ്യക്തമാക്കി,
സത്യത്തിന്‍റെ തീക്ഷ്ണമായ അന്വേഷണ ശൈലികൊണ്ട് ആനുകാലിക ദൈവശാസ്ത്ര രചനകളില്‍ ക്രിസ്തുവിന്‍റെ മുഖകാന്തി ഉജ്ജ്വലമായി വെളിപ്പെടുത്തുന്ന മഹത്തായ രചനയാണ് മാര്‍പാപ്പയുടെ ക്രിസ്തുചരിതം രണ്ടു വാല്യങ്ങളുമെന്ന്, വിശ്വത്തര ദൈവശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ സമാഹരിച്ചുകൊണ്ട്, കര്‍ദ്ദിനാള്‍ ബര്‍ത്തോണെ
തന്‍റെ പ്രബന്ധത്തില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.