2011-11-16 20:23:29

സംവാദത്തിന്‍റെ പാതയില്‍
കൃതാര്‍ത്ഥനായി
കര്‍ദ്ദിനാള്‍ താവ്റാന്‍


16 നവംമ്പര്‍ 2011, ഡെല്‍ഹി
വിവിധ മതങ്ങളുമായുള്ള സംവാദത്തിന്‍റെ പാതയിലെ വിശ്വതീര്‍ത്ഥാടകനായിരുന്നു വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെന്ന്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി താവ്റാന്‍, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ഡല്‍ഹിയില്‍ പ്രസ്താവിച്ചു.
ഒരാഴ്ച നീണ്ടുനിന്ന തന്‍റെ ഭാരത സന്ദര്‍ശനത്തിന്‍റെ അന്ത്യത്തില്‍ ഡല്‍ഹിയിലുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ നവംമ്പര്‍ 15-ാം തിയതി ചൊവ്വാഴ്ച നല്കിയ വിടവാങ്ങല്‍ച്ചടങ്ങില്‍, ഫ്രാന്‍സിസ്ക്കന്‍ സഭാംഗമായ സിസ്റ്റര്‍ ട്രീസാ ജോസഫ് രചിച്ച,
‘ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, വിശ്വവീഥിയിലെ തീര്‍ത്ഥാടകന്‍’, (John Paul II, A Pilgrim on the Roads of the World, Celebrating 25 years of the Paradigm of Assisi) എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനം നിര്‍വ്വഹിക്കവേയാണ് കര്‍ദ്ദിനാള്‍ താവ്റാന്‍ ഇപ്രകാരം പ്രസ്താവിച്ചത്.
ഇന്ത്യയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് സാല്‍വതോര്‍ പെന്നാക്കിയോ ഒരുക്കിയ അനുമോദന സമ്മേളനത്തില്‍ സഭാ തലവന്മാര്‍ക്കൊപ്പം, രാഷ്ട്രപ്രതിനിധികളും പങ്കെടുത്തു. ഭാരത സന്ദര്‍ശനത്തിലുള്ള തന്‍റെ സംതൃപ്തിയും,
വിവിധ മതനേതാക്കളുമായി സംവദിക്കുന്നതിനും അവരെ ശ്രവിക്കുന്നതിനും ലഭിച്ച അവസരങ്ങള്‍ക്കും കര്‍ദ്ദിനാള്‍ താവ്റാന്‍ മറുപടി പ്രസംഗത്തില്‍ നന്ദിരേഖപ്പെടുത്തി.








All the contents on this site are copyrighted ©.