2011-11-15 16:37:39

‘വിജാതീയരുടെ അങ്കണം’ അല്‍ബാനിയായില്‍


15 നവംബര്‍ 2011, തിറാന – അല്‍ബാനിയ
വിശ്വാസികളും നിരീശ്വരവാദികളും തമ്മിലുള്ള ക്രിയാത്മക സംവാദങ്ങള്‍ക്ക് പ്രോത്സാഹനം പകരുന്നതിനായി സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ രൂപം നല്‍കിയ “വിജാതീയരുടെ അങ്കണം” എന്ന സംവാദവേദിയുടെ സമ്മേളനം അല്‍ബാനിയായില്‍ നടന്നു. നവംബര്‍ 14, 15 ദിവസങ്ങളില്‍ അല്‍ബാനിയായിലെ തിറാനാ പട്ടണത്തിലാണ് സമ്മേളനം നടന്നത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സന്ദേശമയച്ചിരുന്നു.
അത്ഭുതാവഹമായ സ്വീകരണമാണ് അന്നാട്ടില്‍ സംവാദവേദിക്കു ലഭിച്ചതെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാസി വത്തിക്ക‍ാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മതനേതാക്കളും പണ്ഡിതരും ചിന്തകരും സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും ആവേശപൂര്‍വ്വം ചര്‍ച്ചകളില്‍ പങ്കെടുത്തത് പ്രത്യാശഭരിതമാണെന്ന് കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.