2011-11-15 16:36:37

സാധാരണക്കാരുടെ സുരക്ഷയ്ക്കു മുന്‍തൂക്കം നല്‍കുന്ന ആയുധനിരോധന ഉടമ്പടികള്‍ ആവശ്യം – ആര്‍ച്ച് ബിഷപ്പ് സില്‍വാനോ തോമാസി.


15 നവംബര്‍ 2011, ജനീവ
വിനാശകാരികളായ ആയുധങ്ങളുടെ നിരോധന – നിയന്ത്രണ ഉടമ്പടികള്‍ പൊതുജനത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതായിരിക്കണമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ ജനീവാ ആസ്ഥാനത്തേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ച് ബിഷപ്പ് സില്‍വാനോ തോമാസി. ആണവായുധങ്ങള്‍ ഒഴികെയുള്ള ആയുധങ്ങളെ സംബന്ധിച്ച ഐക്യരാഷ്ട്രസംഘടനായോഗത്തിന്‍റെ (Convention on Certain Conventional Weapons –CCW) നാലാം സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ആര്‍ച്ച് ബിഷപ്പ് സില്‍വാനോ തോമാസി. സമ്മര്‍ദ്ദമേറുമ്പോള്‍ ബോംബുപോലെ പൊട്ടിത്തെറിക്കുന്ന സ്ഫോടകവസ്തുക്കളായ മൈനുകളുടെ കാര്യത്തില്‍ ഐക്യകണ്ഠമായ തീരുമാനം എടുക്കാന്‍ സാധിക്കാത്തതും കുലബോംബുകളുടെ നിരോധനം സംബന്ധിച്ച കര്‍മ്മരേഖയ്ക്ക് എല്ലാ അംഗരാജ്യങ്ങളുടേയും പിന്തുണ ലഭിക്കാത്തതും ഖേഃദകരമാണെന്ന് ആര്‍ച്ച് ബിഷപ്പ് തോമാസി പ്രസ്താവിച്ചു. കുലബോംബുകളുടെ ഉപയോഗത്തെ സംബന്ധിച്ച് നിലവിലുള്ള ഓസ്ലോ ഉടമ്പടിയോടു യോജിച്ചു പോകാത്തതാണ് യോഗത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട ആറാം പെരുമാറ്റച്ചട്ടമെന്ന് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഈ പുതിയ നയം പ്രാബല്യത്തില്‍ വന്നാല്‍ അസ്വീകാര്യമായ കീഴ്വഴക്കങ്ങള്‍ക്കു വഴിതെളിക്കുമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സുരക്ഷാനിയമങ്ങള്‍ ദുര്‍ബ്ബലമാകുമെന്നും ആര്‍ച്ച് ബിഷപ്പ് തോമാസി മുന്നറിയിപ്പു നല്‍കി. സമകാലിക വെല്ലുവിളികളെ നേരിടാനുള്ള ശക്തമായ നടപടികളായിരിക്കണം ഐക്യരാഷ്ട്ര സംഘടനയുടെ ആയുധ നിരോധന – നിയന്ത്രണ ഉടമ്പടികള്‍. അതില്‍ വിട്ടുവീഴ്ച്ച വരുത്തിയാല്‍ ഉടമ്പടിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ താക്കീതു നല്‍കി.








All the contents on this site are copyrighted ©.