2011-11-14 17:35:21

പാക്കിസ്ഥാനിലെ പാഠപുസ്തകങ്ങള്‍ പരിഷ്ക്കരിക്കാന്‍ ശുപാര്‍ശ


14 നവംബര്‍ 2011, ഫൈസലാബാദ്
മതസഹിഷ്ണുത വളര്‍ത്തുന്ന തരത്തില്‍ പാക്കിസ്ഥാനിലെ പാഠ്യപദ്ധതികള്‍ പരിഷ്ക്കരിക്കണമെന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സമിതിയുടെ ശുപാര്‍ശ പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ സ്വാഗതം ചെയ്തു. പാക്കിസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ മതസ്വാതന്ത്ര്യത്തിനും സാമൂഹ്യസുരക്ഷയ്ക്കുമെതിരായ പരാമര്‍ശങ്ങളുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു പഠനറിപ്പോര്‍ട്ട് നവംബര്‍ ഒന്‍പതാം തിയതി അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സമിതി പ്രസിദ്ധീകരിച്ചിരുന്നു. രാജ്യത്ത് മതസഹിഷ്ണുത വളര്‍ത്താന്‍ പാഠ്യപദ്ധതിയുടെ നവീകരണം അനിവാര്യമാണെന്ന് പഠനം നടത്തിയ വിദഗ്ദസമിതി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.

പഠനറിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും അനുകൂലിക്കുന്നുവെന്ന് പാക്കിസ്ഥാനിലെ ന്യൂനപക്ഷ അദ്ധ്യാപകസംഘടനയുടെ (പി.എം.റ്റി.എ) അദ്ധ്യക്ഷന്‍ അന്‍ഞ്ചും ജെയിംസ് പോള്‍ പ്രസ്താവിച്ചു. ഇസ്ലാം ജീവിതശൈലിക്കു പൂര്‍ണ്ണ പിന്തുണ നല്‍കുന്ന പാഠപുസ്തകളില്‍ മറ്റു മതങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങളും അനാദരമായ പരാമര്‍ശങ്ങളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമതുലിതമായ പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും ആവിഷ്ക്കരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ന്യൂനപക്ഷ-അദ്ധ്യാപകസംഘടന കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല നിവേദനങ്ങളും പാക്കിസ്ഥാന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.








All the contents on this site are copyrighted ©.