2011-11-07 16:50:17

മാര്‍പാപ്പയുടെ ബെനിന്‍ പര്യടനം സഭയ്ക്കും രാഷ്ട്രത്തിനും ഉത്സാഹം പകരും: ആര്‍ച്ച് ബിഷപ്പ് ബെര്‍ത്തേല്ലോ


07 നവംബര്‍ 2011, റോം

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം ആഫ്രിക്കന്‍ രാജ്യമായ ബെനിന് നവോന്മേഷം പകരുമെന്ന് ആര്‍ച്ച് ബിഷപ്പ് ജ്യുസപ്പേ ബെര്‍ത്തേലോ. മാര്‍പാപ്പയുടെ ബെനിന്‍ പര്യടനത്തോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് വത്തിക്കാന്‍ സ്റ്റേറ്റ് ഗവര്‍ണറേറ്റിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജ്യുസപ്പേ ബെര്‍ത്തേലോ ഇപ്രകാരം പറഞ്ഞത്. മാര്‍പാപ്പയുടെ ത്രിദിന അപ്പസ്തോലിക പര്യടനം നവംബര്‍ പതിനെട്ടാം തിയതി ആരംഭിക്കും. പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുള്ള ബെനിനില്‍ 1972ല്‍ തുടങ്ങിയ രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ അന്നാടിന്‍റെ പുരോഗതിക്ക് അടിത്തറപാകിയെന്ന് ആര്‍ച്ച് ബിഷപ്പ് ബെര്‍ത്തേല്ലോ പറഞ്ഞു. ബെനിനില്‍ ജനാധിപത്യം സ്ഥാപിക്കുന്നതിന് കത്തോലിക്കാ സഭ നല്‍കിയിട്ടുള്ള അമൂല്യസേവനങ്ങള്‍ എണ്‍പതുകളില്‍ അന്നാട്ടിലെ വത്തിക്കാന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ആര്‍ച്ച് ബിഷപ്പ് ബെര്‍ത്തേല്ലോ അനുസ്മരിച്ചു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുട സന്ദര്‍ശനം അന്നാട്ടിലെ സഭയ്ക്കും സമൂഹത്തിനും ഒരുപോലെ നവോന്മേഷം പകരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.









All the contents on this site are copyrighted ©.