2011-11-05 20:34:31

സുവിശേഷപരിചിന്തനം
6 നവംമ്പര്‍ 2011
മലങ്കര റീത്ത്


യോഹന്നാന്‍ 10, 7-18 (ക്രിസ്തു നല്ലിടയന്‍)
സഭയുടെ നവീകരണ ഞായര്‍

“ഞാന്‍ വന്നിരിക്കുന്നത് ജീവന്‍ നല്കുവാനും അത് സമൃദ്ധമായി നല്കുവാനുമാണ്. ഞാന്‍ നല്ലിടയാനാണ്.” 10, 10

വ്യക്തികളിലേയ്ക്കിറങ്ങുന്ന ക്രിസ്തുവിന്‍റെ അജപാലന സ്നേഹം വെളിപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം. വഴിതെറ്റിയവരെയും പാവങ്ങളെയും പാപികളെയും എളിയവരെയും വളരെ ലാഘവ ബുദ്ധിയോടെ സ്വീകരിക്കുന്ന ക്രിസ്തു താന്‍ നല്ലിടയനാണെന്ന് വെളിപ്പെടുത്തുന്നു.

ഹൊസ്സേ സരമാഗോയുടെ പ്രശസ്തമായ ക്രിസ്തു ചരിതം, Gospel According to Jesus Christ ക്രിസ്തുവനെ വളരെ വ്യത്യസ്തമായി ചിത്രീകരിക്കുന്ന നോവലാണ്. ഒരു പ്രതിസംസ്കാരത്തിന്‍റെ നായകനായിട്ടാണ് അതില്‍ സരമാഗോ ക്രിസ്തുവിനെ വരച്ചുകാട്ടുന്നത്.
യൗസേപ്പിതാവിന്‍റെ മരണശേഷമാണ് സംഭവം. യുവത്വത്തിലേയ്ക്കു കുതിക്കുന്ന ക്രിസ്തു ഒരിക്കല്‍ മറ്റു യഹൂദരോടൊപ്പം, പെസഹാ ആചരിക്കാന്‍ ജരൂസലേമിലേയ്ക്ക് പോകുന്നതിന് ആഗ്രഹിച്ചു. അന്ന് 15 വയസ്സേ യേശുവിന് പ്രായമുള്ളൂ.
തന്‍റെ അമ്മയോട് കാര്യം പറഞ്ഞു. മറിയം അതിന് എതിരുനിന്നില്ല.
ആ അമ്മയുടെ കൈവശം ഏതാനും ദ്രാഗ്മകള്‍, തുച്ഛമായ പണം മാത്രമേ ഉണ്ടായിരുന്നുള്ളു. അതു മുഴുവന്‍ അവനു നല്കി. എന്നിട്ടിങ്ങനെ പറഞ്ഞു. മകനേ, മറ്റു തീര്‍ത്ഥാടകരുടെകൂടെ വേണം പോകുവാന്‍. സൂക്ഷിച്ചു പോകണം. അവരുടെ കൂട്ടത്തില്‍ത്തില്‍ തന്നെ തിരിച്ചു വരികയും വേണം. ഈ താക്കീതുകളോടെ മറിയം മകനെ യാത്രയാക്കി.
യുവാവായ യേശുവിനു തീര്‍ത്ഥാടകരുടെ ആഹ്ലാദാരവവും സങ്കീര്‍ത്തന മന്ത്രണവും അല്ലേലൂയാ ആലാപാനവുമെല്ലാം അകലെ നിന്നുതന്നെ കേള്‍ക്കാമായിരുന്നു.
നസ്രത്തിന്‍റെ ഇടവഴികളും പിന്നെ ഊടുവഴികളും കടന്ന് തീര്‍ത്ഥാടകര്‍ സന്ധിക്കുന്ന പ്രധാന വീഥിയില്‍ ബാലനായ യേശു എത്തിച്ചേര്‍ന്നു.
അവന്‍റെ ഹൃദയത്തില്‍ ആനന്ദത്തിന്‍റെയും ആത്മീയാനുഭൂതിയുടെയും കുളിര്‍കാറ്റ് എവിടെനിന്നോ ആഞ്ഞുവീശി. തന്‍റെ പാദങ്ങളുടെ ചലനങ്ങള്‍ക്ക് അവന്‍ അറിയാതെ തന്നെ ഗതിവേഗം കൂടി.
ഏതാനും നിമിഷങ്ങള്‍കൊണ്ട് അവനും ആള്‍ക്കൂട്ടത്തിലെത്തിച്ചേര്‍ന്നു.
ആടുമാടുകളും കാഴ്ചവസ്തുക്കളുമായി കൂട്ടംകൂട്ടമായി നീങ്ങുന്ന ജനക്കൂട്ടം.
ചിലര്‍ ക്ഷീണിച്ച് വഴിയോരങ്ങളില്‍ വിശ്രമിക്കുന്നു. മറ്റുചിലര്‍ ഭക്ഷണം കഴിക്കുന്നു. ഏതാനും ചിലര്‍ അവരുടെ മൃഗങ്ങളെ തീറ്റുകുയും
വെള്ളം കുടിപ്പിക്കുകയും ചെയ്യുന്നു.
ബാലനായ യേശുവിന്‍റെ കണ്ണുകള്‍ വഴിയോരത്ത് ആടുമാടുകളെ വില്ക്കുന്ന ഒരാളിലേയ്ക്കു തിരിഞ്ഞു. കാഴ്ചയര്‍പ്പിക്കാന്‍ തനിക്കും ഒരാട്ടിന്‍ കുട്ടിയെ കിട്ടിയിരുന്നെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചു. തന്‍റെ കൈവശമുണ്ടായിരുന്ന ഏതാനും ദ്രാഗ്മാതുട്ടുകള്‍ ആടു വില്പനക്കാരന്‍റെ പക്കലേയ്ക്കു വച്ചുനീട്ടു.
അയാള്‍ പെട്ടന്നു പ്രതികരിച്ചു. ഈ പണത്തിന് ആടു പോയിട്ട് പൂടപോലും കിട്ടുകയില്ല. പിന്നെഉം പരിഹാസ വാക്കുകളാണ് അവന്‍ കേട്ടത്.
അവന്‍റെ മനസ്സുനൊന്തു. അവിടെനിന്നു മെല്ലെ പിന്‍തിരിഞ്ഞപ്പോഴേയ്ക്കും,
ഇതെല്ലാം കണ്ടുനിന്ന ഒരു വയോവൃദ്ധന്‍ അവനെ വിളിച്ചു.
യേശുവിന്‍റെ കണ്ണുകളില്‍ വിരിഞ്ഞുനിന്ന നിഷ്ക്കളങ്കതയും, സ്നേഹവും, കൗതുകവുമെല്ലാം അയാളെ വല്ലാതെ സ്പര്‍ശിച്ചു. വൃദ്ധന്‍ ബാലനായ യേശുവിനോടു പറഞ്ഞു.
നിനക്കു ഞാനൊരു കുഞ്ഞാടിനെ തരാം, മകനേ.
യേശുവിന്‍റെ കണ്ണുകള്‍ തിളങ്ങി. അവന്‍ വൃദ്ധനെ സൂക്ഷിച്ചുനോക്കി.
അയാള്‍ ഏതാനും അടികള്‍ പിന്നോട്ടു നടന്നിട്ട്, അയാളുടേതായ ആട്ടിന്‍ പറ്റത്തിന്‍നിന്നും ഒരു കുഞ്ഞു വെള്ളാടിനെ പിടിച്ചെടുത്ത് അവനു സമ്മാനിച്ചു. പണത്തെ പറ്റി ആയാള്‍ ഒന്നും പറഞ്ഞതേയില്ല.
സ്നേഹവും കരുണയും നിറഞ്ഞുനിന്ന സമ്മാനമായിരുന്നു അത്.
ആ വയോവൃദ്ധന്‍ കുഞ്ഞാടിനെ അവന്‍റെ തോളിലേറ്റിയപ്പോള്‍, പരിചയ സമ്പന്നനായ ഒരിടയന്‍റെ പക്കലെന്നപോലെ ആ കുഞ്ഞാട് ശാന്തമായിരുന്നു.
ബാലന്‍റെ കുഞ്ഞു വദനം വിരിഞ്ഞ് ഒരു ചെറുപുഞ്ചിയായി പൊട്ടിവിരിഞ്ഞു. അതിന്‍റെ പിന്നില്‍ ഒളിഞ്ഞിരുന്ന നിഷ്ക്കളങ്കമായ നന്ദിയും വിശുദ്ധമായ സ്നേഹവും ആ വൃദ്ധന്‍ മാത്രം തിരിച്ചറിഞ്ഞു.

തേളിലേറ്റിയ ആടുമായി ഏതാനും ചുവടുള്‍ പിറകോട്ടുവച്ച് വൃദ്ധന്‍റെ കണ്ണുകളില്‍ നോക്കിക്കൊണ്ട് നന്ദിസൂചകമായി തലകുനിച്ചശേഷം, യേശു നടന്നത് നസ്രത്തിലേയ്ക്കാണ്, അവന്‍റെ വീടിലേയ്ക്കായിരുന്നു. അവന്‍ ജരൂസലേമിലേയ്ക്കു പോയില്ല.
ഒരു പ്രതിസംസ്കാരത്തിന്‍റെ തിരിച്ചു നടപ്പായിരുന്നു അത്.
ബലിയല്ല കരുണയാണ് താന്‍ ആഗ്രഹിക്കുന്നത്, ഞാന്‍ നല്ലിടയനാണ് എന്നീ വചനങ്ങള്‍ മൗനമായി അവന്‍റെ വദനങ്ങളില്‍ വരിഞ്ഞുനിന്നു.

ലോകരക്ഷാര്‍ത്ഥം ജനത്തിന്‍റെ കൂടെനടന്ന പ്രതിസംസ്കാരത്തിന്‍റെ നായകനാണ് ക്രിസ്തു. ദൈവത്തോട് അടുക്കുവാന്‍ കൂടുതല്‍ മനുഷ്യരോടൊത്തു ചരിക്കണം എന്ന് നമ്മെയും അവിടുന്നു പഠിപ്പിക്കുകയാണ്.

മോശ തന്‍റെ ജനത്തോടു ചേര്‍ന്നുനടന്ന നല്ലിടയനായിരുന്നു.
പുറപ്പാടിന്‍റെ ചരിത്രത്തില്‍ നമുക്കു കാണാം. അതുപോലെ ദാവീദും. രക്ഷാകര പദ്ധതിയില്‍ പങ്കുചേര്‍ന്നവരൊക്കെ കര്‍ത്താവിന്‍റെ ഇടയരൂപം പങ്കുവച്ചിട്ടുണ്ട്. സങ്കീര്‍ത്തകന്‍ അതേറ്റു പാടുന്നുണ്ടല്ലോ, കര്‍ത്താവ് എന്‍റെ ഇടയനാകുന്നു, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. സങ്കീര്‍ത്തനം 22.

സ്നേഹത്തിന്‍റെ പ്രതിസംസ്കാരമാണ് ക്രൈസ്തവ ജീവിതത്തില്‍ നാം സ്വീകരിക്കേണ്ടത്. ക്രിസ്തു-സ്നേഹത്തിന്‍റെ കുടുംബത്തില്‍ പിറന്നവരാണ് നാം, എങ്കില്‍ ആ സ്നേഹം പങ്കുവയ്ക്കാന്‍ നമുക്കു കടപ്പാടുമുണ്ട്.

യോഹന്നാന്‍, 15, 9
പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു.
ദൈവസ്നേഹത്തിന്‍റെ പ്രതിബിംബംമാണ് ക്രിസ്തുവിന്‍റെ ഇടയരൂപം.
വിശുദ്ധ യോഹന്നാന്‍ വിവിരിക്കുന്നൊരു സുവിശേഷ രംഗം ഹൃദയസ്പര്‍ശിയാണ്. 21, 3. മനംകവരുന്ന ക്രിസ്തുവിന്‍റെ അജപാലന സ്നേഹം ഉത്ഥാനാനാന്തരം ഇവിടെ ഏറ്റു പറയുകയാണ്.

ശിമയോന്‍ പത്രോസ്, തോമസ്, നത്താനിയേല്‍, ഗലീലിയായില്‍നിന്നുമുള്ള മറ്റു രണ്ടു ശിഷ്യന്മാര്‍ എന്നിവര്‍ ഒരുമിച്ച് തീരത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ പത്രോസാണ് പറഞ്ഞത്.
“ഞാന്‍ മീന്‍ പിടിക്കാന്‍ പോവുകയാണ്.”
“ഞങ്ങളും വരുന്നു.” മറ്റുള്ളവര്‍ പറഞ്ഞു. അവര്‍ ഒരുമിച്ചു പുറപ്പെട്ടു.
രാത്രി മുഴുവനും അവര്‍ പണിപ്പെട്ടെങ്കിലും ഒന്നും കിട്ടിയില്ല.

ഉഷസ്സായപ്പോള്‍ ക്രിസ്തു കടല്‍ക്കരയില്‍ വന്നു നിന്നു.
വീണ്ടും ആ വാത്സല്യത്തിന്‍റെ ശബ്ദം അവര്‍ കേട്ടു. “കുഞ്ഞുങ്ങളേ, നിങ്ങള്‍ക്കു വല്ലതും കിട്ടിയോ.
“ഇല്ല,” അവര്‍ ഉത്തരംപറഞ്ഞു.
അപ്പോള്‍ ക്രിസ്തു പറഞ്ഞു, “വഞ്ചിയുടെ വലത്തേയ്ക്ക് മാറ്റി വലയിറക്കുവിന്‍.”
പരാജിതരെ കൈപിടിച്ചുയര്‍ത്തുന്ന ക്രിസ്തു. പരാജിതരുടെ തീരത്തു കാത്തുനില്കുന്ന ക്രിസ്തുവനെയുമാണ് ഈ സുവിശേഷ രംഗത്തു നാം കാണുന്നത്. പിന്നെ അവര്‍ക്ക് വലനിറച്ച് മത്സ്യങ്ങളാണ് കിട്ടിയത്.

യോഹ. 10, 11
“അവര്‍ക്ക് ജീവന്‍ നല്കുവാനും അത് സമൃദ്ധമായി നല്കുവാനുമാണ് ഞാന്‍ വന്നിരിക്കുന്നത്.”

കഴിഞ്ഞ ഒക്ട‍ോബര്‍ 27-ാം തിയതി ഇറ്റലിയിലെ അസ്സീസിയില്‍ ലോകമതനേതാക്കള്‍ സമ്മേളിച്ചപ്പോള്‍ ബനഡിക്ട് 16-മന്‍ മാര്‍പാപ്പ പങ്കുവച്ച ഒരു ചിന്താശകലം ഇവിടെ ചേര്‍ക്കുകയാണ്.
ലോകത്തുള്ള എല്ലാ നശീകരണ പ്രവണതകള്‍ക്കും എതിരെ നിന്നുകൊണ്ട്, മനുഷ്യാന്തസ്സിനും ലോക സമാധാനത്തിനുമായുള്ള നിര്‍ണ്ണായകമായ നിലപാട് സ്വീകരിച്ച് സത്യത്തിന്‍റെ പാതയില്‍ മതങ്ങള്‍ ഒത്തൊരുമിച്ച് ചരിക്കേണ്ടിയിരിക്കുന്നു. ലോക സമാധാനത്തിനായുള്ള സമര്‍പ്പണത്തിലും അക്രമങ്ങള്‍ക്കെതിരായ പോരാട്ടത്തിലും കത്തോലിക്കാ സഭ അടിപതറാതെ നിലകൊള്ളുകയും ക്രിസ്തു സ്നേഹവും സമാധാനവും എന്നും പ്രഘോഷിക്കുമെന്ന് മാര്‍പാപ്പ ഉറപ്പുനല്കി. സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും തീര്‍ത്ഥാടകരാകാനുള്ള തീക്ഷ്ണമായ ആഗ്രഹം എല്ലാവരെയും, എല്ലാമതങ്ങളെയും എന്നും നയിക്കട്ടെ.

കരുണാസാഗരമായ ദൈവമേ ഈ ജീവിത യാത്രയില്‍ വ്യഥകളും, രോഗങ്ങളും വേദനകളും ഞങ്ങളെ വലയ്ക്കുമ്പോള്‍, ഉറ്റവരും ഉടയവരും കൈവെടിയുമ്പോഴും അങ്ങേ കൃപയില്‍ ദൈവസ്നേഹത്തിന്‍റെ ആഴത്തില്‍ അനുദിനം ഞങ്ങളെ നയിക്കണമേ...








All the contents on this site are copyrighted ©.