2011-11-01 15:46:54

സമാധാനസ്ഥാപനത്തിനാവശ്യം പ്രാര്‍ത്ഥനയും അനുരജ്ഞനവും: കര്‍ദ്ദിനാള്‍ സാന്ദ്രി.


01 നവംബര്‍ 2011, റോം
പ്രാര്‍ത്ഥനയുടേയും അനുരജ്ഞനത്തിന്‍റേയും പാതയിലൂടെയാണ് സമാധാനം വീണ്ടെടുക്കാന്‍ സാധിക്കുന്നതെന്ന് പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയൊനാര്‍ഡോ സാന്ദ്രി. കഴിഞ്ഞവര്‍ഷം ബാഗ്ദാദിലെ ഭദ്രാസനദേവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരെ അനുസ്മരിച്ചുകൊണ്ട് റോമില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു കര്‍ദ്ദിനാള്‍ സാന്ദ്രി. 2010 ഒക്ടോബര്‍ മുപ്പത്തൊന്നാം തിയതി ഇറാക്കിന്‍റെ തലസ്ഥാനമായ ബാഗ്ദാദില്‍ നിത്യസഹായമാതാവിന്‍റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ആക്രമണത്തില്‍ രണ്ടു വൈദീകരും നാല്‍പ്പതിലധികം വിശ്വാസികളും കൊല്ലപ്പെട്ടു. ഈ കത്തോലിക്കാ സഹോദരങ്ങളുടെ ജീവദാനം സമാധാനത്തിന്‍െറ വിത്തായി മാറട്ടെയെന്നു പ്രാര്‍ത്ഥിച്ച കര്‍ദ്ദിനാള്‍ അനുരജ്ഞനവും സാഹോദര്യവും ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ സുശക്തം മുന്നേറട്ടെയെന്നും ആശംസിച്ചു.








All the contents on this site are copyrighted ©.