2011-10-31 15:36:01

അസ്സീസിയിലെ ലോകസമാധാനസമ്മേളനം


27 ഒക്ടോബര്‍ 2011, അസ്സീസി - ഇറ്റലി

വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആഗോളസമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആദ്യമായി ലോകമതനേതാക്കളെ ക്ഷണിച്ചതിനുശേഷം ഇരുപത്തിയഞ്ചുവര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ആ സമ്മേളനത്തിനുശേഷം എന്തെല്ലാം കാര്യങ്ങള്‍ സംഭവിച്ചു? സമാധാനശ്രമങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്? അന്ന് ലോകഭീഷണി ഉയര്‍ന്നിരുന്നത് പരസ്പരം എതിര്‍ക്കുന്ന രണ്ട് ശക്തികളില്‍ നിന്നായിരുന്നു. ആ എതിര്‍പ്പിന്‍റെ അഥവാ വിഭജനത്തിന്‍റെ അടയാളമായിരുന്നു ബെര്‍ലിന്‍ മതില്‍. അസ്സീസിയിലെ സമ്മേളനം കഴിഞ്ഞ് മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം, അതായത് 1989ല്‍, ആ മതില്‍ രക്തച്ചൊരിച്ചില്‍ കൂടാതെ തകര്‍ക്കപ്പെട്ടു. ബര്‍ലിന്‍ മതിലിന്‍റെ തകര്‍ച്ചയോടെ അതിനുപിന്നിലുണ്ടായിരുന്ന ആയുധശക്തികളും അപ്രസക്തങ്ങളായി. നാടകീയമായ ഈ പരിവര്‍ത്തനത്തിനു പിന്നില്‍ സങ്കീര്‍ണ്ണങ്ങളായ പലകാരണങ്ങളുമുണ്ട്. ലളിതമായ സൂത്രവാക്യങ്ങളിലൂടെ ഉത്തരം കണ്ടെത്താന്‍ സാധിക്കുന്ന ഒന്നല്ല ആ പരിവര്‍ത്തനം. പക്ഷെ ഒന്നുറപ്പാണ്, സാമ്പത്തീക - രാഷ്ട്രീയ ഘടകങ്ങള്‍ക്കൊപ്പം ആത്മീയമായ ഒരാന്തരീക ഘടകവും അതിനുണ്ടായിരുന്നു. സ്വാതന്ത്ര്യാഭിവാജ്ഞ അക്രമത്തോടുള്ള ഭയത്തേക്കാള്‍ വലുതായപ്പോഴാണ് ആ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചത്. സ്വാതന്ത്ര്യത്തിന്‍റ‍െ ഈ വിജയം സമാധാനത്തിന്‍റേയും വിജയമാണ്.

എന്നാല്‍ അതിനുശേഷം എന്താണ് സംഭവിച്ചത്? ആ സംഭവത്തിനുശേഷം സമാധാനത്തിന്‍റേയും സ്വാതന്ത്ര്യത്തിന്‍റേയും അന്തരീക്ഷമാണെങ്ങുമെന്ന് നമുക്കു പറയാന്‍ സാധിക്കുകയില്ല. ഒരു ലോകമഹായുദ്ധം നമുടെ മുന്നില്‍ വെല്ലുവിളിയുയര്‍ത്തുന്നില്ലെങ്കിലും നിര്‍ഭാഗ്യവശാല്‍ ലോകമങ്ങും ഭിന്നിപ്പും കലഹങ്ങളും വര്‍ദ്ധിച്ചുവരുന്നു. അങ്ങിങ്ങായി ഒറ്റപ്പെട്ട യുദ്ധങ്ങള്‍ നടക്കുന്നതിനു പുറമേ വളര്‍ന്നുവരുന്ന അക്രമശക്തിയും ഇന്നത്തെ ലോകത്തിന്‍റെ പ്രത്യേകതയാണ്. സ്വാതന്ത്ര്യം ഒരു ശ്രേഷ്ഠ നന്മയായിരുന്നിട്ടും അതിനിന്ന് ദിശാബോധം നഷ്ടമായിരിക്കുന്നു. സ്വാതന്ത്ര്യമെന്നാല്‍ അക്രമിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണെന്ന് അനേകര്‍ തെറ്റിധരിച്ചിരിക്കുകയാണ്. ഭിന്നിപ്പ് ഭയാനകമായ നവീനരൂപങ്ങളില്‍ പ്രകടമാകുമ്പോള്‍ സമാധാനത്തിനായുള്ള പരിശ്രമങ്ങളില്‍ നാമും പുതിയ പാതകള്‍ കണ്ടെത്തേണ്ടതാണ്.

അക്രമത്തിന്‍റെ രണ്ടു ഭിന്നരൂപങ്ങളാണ് ഇന്നുള്ളത്. ഭീകരവാദമാണ് അതില്‍ ആദ്യത്തേത്. മഹായുദ്ധങ്ങള്‍ക്കു പകരം ശത്രുവിന്‍റെ മര്‍മ്മഭാഗത്തു പ്രഹരിക്കുന്ന തന്ത്രമാണ് ഭീകരവാദികള്‍ ആവിഷ്ക്കരിക്കുന്നത്. അത്തരം ആക്രമണങ്ങളില്‍ നിഷ്ക്കളങ്കര്‍ മരണമടയുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നത് അവര്‍ക്കു പ്രശ്നമല്ല. പലപ്പോഴും മതങ്ങളുടെ പേരിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മതപരമായ കാരണങ്ങളാല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ന്യായീകരിക്കപ്പെടുന്നുമുണ്ട്. അങ്ങനെ വരുമ്പോള്‍ മതം സമാധാനത്തിനുള്ള ഉപകരണമല്ല. പകരം അക്രമത്തിന്‍റെ ന്യായീകരണമായി മാറുന്നു. മതം അക്രമത്തിനു കാരണമാകുന്നുണ്ടെന്ന വസ്തുത മതനേതാക്കളെ അത്യധികം ആശങ്കപ്പെടുത്തേണ്ടതാണ്. മതത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം അതല്ലായെന്ന് മതനേതാക്കള്‍ 1986ല്‍ അസ്സീസിയില്‍ പ്രഖ്യാപനം നടത്തി. ഇന്നും ലോകമതനേതാക്കള്‍ ആ സന്ദേശം പുനരാവര്‍ത്തിക്കുയാണ്.

ക്രിസ്തുമതത്തിന്‍റെ പേരിലും അക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നത് ലജ്ജാവഹമായ വസ്തുതയാണ്. ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ അത് താന്‍ ഏറ്റുപറയുകയാണെന്നു പറഞ്ഞ മാര്‍പാപ്പ അത് ക്രൈസ്തവ വിശ്വാസത്തിന്‍റെ ദുരുപയോഗമായിരുന്നെന്നും മതത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവത്തിനെതിരായിരുന്നെന്നും വ്യക്തമാക്കി. എല്ലാവരുടേയും പിതാവും സ്രഷ്ടാവുമായ ദൈവത്തിലാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. സ്നേഹത്തിന്‍റേയും സമാധനത്തിന്‍റേയും ദൈവമെന്നാണ് അവിടുന്നറിയപ്പെടുന്നത്. ഏകദൈവത്തില്‍ നിന്നുവന്ന മനുഷ്യരെല്ലാം ഒരുകുടുംബത്തിലെ അംഗങ്ങളാണ്. ആന്തരീകനവീകരണത്തിലൂടെ ക്രൈസ്തവമതത്തെ ശുദ്ധീകരിക്കുകയെന്ന് ക്രൈസ്തവിശ്വാസം സ്വീകിരിച്ചിട്ടുള്ള ഏവരുടേയും കടമയാണ്.

മതങ്ങള്‍ അക്രമങ്ങള്‍ക്കു കാരണമാകുന്നതുപോലെ ദൈവനിഷേധവും അക്രമത്തിനു വഴിതെളിക്കുന്നുണ്ട്. ദൈവത്തെ നിഷേധിക്കുന്നത് അതിരില്ലാത്ത അക്രമത്തിനു കാരണമായിട്ടുണ്ടെന്ന് ചരിത്രം വെളിപ്പെടുത്തുന്നു. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഭീകരതകള്‍ ദൈവനിഷേധത്തിന്‍റെ പരിണിതഫലങ്ങളായിരുന്നു. മതങ്ങള്‍ അക്രമത്തിന്‍റെ പ്രധാനകാരണങ്ങളാണെന്നു കുറ്റപ്പെടുത്തുന്ന മതവിരുദ്ധര്‍ മതങ്ങള്‍ ഇല്ലാതാക്കപ്പെടണമെന്നു വാദിക്കുന്നു. എന്നാല്‍ ദൈവനിഷേധം മനുഷ്യനെ അധഃപതനത്തിലേക്കു നയിക്കുന്നു. ദൈവത്തെ നിരസിച്ചതുമൂലം ഉണ്ടായിട്ടുള്ള അക്രമങ്ങള്‍ക്കു കണക്കില്ല.

മതത്തിന്‍റേയും മതവിരുദ്ധതതയുടേയും ഇടയില്‍ വളരുന്ന മറ്റൊരു വിഭാഗമാണ് ദൈവമുണ്ടോ ഇല്ലയോ എന്നുറപ്പില്ലാത്ത അജ്ഞേയതാവാദികള്‍. ദൈവമില്ലെന്ന് അവര്‍ പറയുന്നില്ല. മതവിശ്വാസികളുടെ കുത്തകയാണ് ദൈവമെന്ന വാദഗതി അവര്‍ എതിര്‍ക്കുകകയും ചെയ്യുന്നു. വിശ്വാസമെന്ന ദാനം ലഭിച്ചിട്ടിലെങ്കിലും ദൈവത്തെ യഥാര്‍ത്ഥത്തില്‍ അന്വേഷിക്കുന്നവരാണവര്‍. സത്യത്തിന്‍റേയും സമാധാനത്തിന്‍റേയും തീര്‍ത്ഥാടകരാണവര്‍.

സമാധാനത്തിനും മനുഷ്യാന്തസിന്‍റെ സംരക്ഷണത്തിനും വേണ്ടി തീര്‍ത്ഥാടനം നടത്തുന്നവരാണ് നാമേവരും. അക്രമത്തിനെതിരായുള്ള സമരത്തില്‍ നിന്ന് സഭ ഒരിക്കലും പിന്മാറുകയില്ല.


(ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അസ്സീസിലെ ലോകസമാധാന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ സംഗ്രഹം)









All the contents on this site are copyrighted ©.