2011-10-28 17:35:44

ലോകമതനേതാക്കള്‍ക്ക് മാര്‍പാപ്പയുടെ നന്ദി


28 ഒക്ടോബര്‍ 2011, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അസ്സീസിസമ്മേനത്തില്‍ പങ്കെടുത്ത ലോക മതനേതാക്കളോടും മതിവിശ്വാസമില്ലാത്തവരുടെ പ്രതിനിധികളോടും കൃജ്ഞതപ്രകാശിപ്പിച്ചു. ഇരുപത്തിയേഴാം തിയതി വ്യാഴാഴ്ച അസ്സീസിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വെള്ളിയാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ നടന്ന പ്രത്യേക കൂടിക്കാഴ്ച്ചാവേളയിലാണ് മാര്‍പാപ്പ ഹൃദയംഗമമായ കൃതജ്ഞത രേഖപ്പെടുത്തിയത്. അസ്സീസിയില്‍ മതനേതാക്കള്‍ പങ്കുവച്ച സൗഹൃദം ലോകത്തിലെ എല്ലാമതവിശ്വാസികളിലും സന്മനസുള്ളവരിലും വളരട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു. ഒരു മതപാരമ്പര്യവും പിന്തുടരുന്നില്ലെങ്കിലും സത്യാന്വേഷണം നടത്തുന്ന സന്‍മനസുള്ളവരുടെ പ്രതിനിധികള്‍ക്കും പാപ്പ പ്രത്യേകം നന്ദി പറഞ്ഞു. ഇത്തരം സമ്മേളനങ്ങള്‍ അപൂര്‍വ്വമാണെങ്കിലും അവ വിവിധ മതസ്ഥര്‍ ലോകത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നുവെന്നതിന്‍റെ പ്രകടനമാണ്. ആന്തരീകപ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നിരവധി സ്ത്രീ പുരുഷന്‍മാര്‍ മനുഷ്യകുലത്തിന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നത് പ്രാധാന്യമര്‍ഹിക്കുന്നവസ്തുതയാണെന്നും പാപ്പ പറഞ്ഞു. പരസ്പരം പങ്കുവച്ചുകൊണ്ട് സഹജരുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ മതനേതാക്കള്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് അസ്സീസിയിലെ സമ്മേളനം വെളിപ്പെടുത്തിയെന്നും മാര്‍പാപപ്പ അഭിപ്രായപ്പെട്ടു. സത്യത്തിന്‍റെയും സമാധാനത്തിന്‍റേയും അരൂപിയില്‍ തുടരാന്‍ ഈ അനുഭവം അവര്‍ക്കു ശക്തിപകരട്ടേയെന്നും പാപ്പ ആശംസിച്ചു.








All the contents on this site are copyrighted ©.