2011-10-27 20:12:46

സമാധാന ദൂതുമായി
മാര്‍പാപ്പ ഫ്രാന്‍സ്സീസിന്‍റെ പട്ടണത്തില്‍


27 ഒക്ടോബര്‍ 2011, അസ്സീസി
വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ ഇറ്റലിയിലെ അസ്സീസിയില്‍ ഒക്ടോബര്‍
27-ാം തിയതി വ്യാഴാഴ്ച രാവിലെ അരങ്ങേറിയ ലോക മതനേതാക്കളുടെ സമാധാന സംഗമത്തില്‍ പങ്കെടുക്കുവാനായിട്ടാണ് മാര്‍പാപ്പ അസ്സീസിയിലെത്തിയത്.
അപൂര്‍വ്വമായി മാത്രം ഉപയോഗിക്കാറുള്ള വത്തിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും പ്രത്യേക ട്രെയിനില്‍ ഏകദേശം 200-ല്‍പ്പരം ലോകമത പ്രതിനിധികള്‍ക്കൊപ്പം മാര്‍പാപ്പ രാവിലെ 8 മണിക്ക് യാത്രപുറപ്പെട്ടാണ് അസ്സീസിയിലെത്തിയത്.

1986-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ലോക മതനേതാക്കള്‍ക്കൊപ്പം വത്തിക്കാനില്‍നിന്നും അസ്സീസിയിലേയ്ക്ക് നടത്തിയ സമാധാനയാത്രയുടെ 25-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഒരുമണിക്കൂറിലധികം നീണ്ട വത്തിക്കാന്‍- അസ്സീസി ട്രെയിന്‍-യാത്ര നടത്തിയത്.

മതനേതാക്കളെ അസ്സീസി കുന്നിന്‍റെ താഴ്വാരത്തുള്ള സെന്‍റ് മേരി ബസിലിക്കായില്‍ രാവിലെ സ്വീകരിച്ച് അഭിസംബോധനചെയ്ത മാര്‍പാപ്പ, സമാധാനസന്ദേശം നല്കി. സമാധാന ദൂതനായ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പാദസ്പര്‍ശത്താല്‍ പാവനമായ അസ്സീസിയില്‍ മതനേതാക്കള്‍ അധികം സമയവും നിശ്ശബ്ദതയിലും പ്രാര്‍ത്ഥനയിലും സംവാദത്തിലും ചിലവഴക്കുകയും സമാധാന ചിന്തകള്‍ പങ്കുവയ്ക്കുകയും ചെയ്യും. മാര്‍പാപ്പയ്ക്കൊപ്പമുള്ള സംഗമം വൈകുന്നേരം 6 മണിവരെ നീണ്ടുനിന്നു. രാത്രി 8 മണിയോടെ മാര്‍പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തി.









All the contents on this site are copyrighted ©.