2011-10-26 20:27:51

പരിസ്ഥിതി
സൃഷ്ടിയുടെ വിസ്മയം


26 ഒക്ടോബര്‍ 2011, മുമ്പൈ
പരിസ്ഥിതി സംരക്ഷണത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ പ്രാദേശിക സഭകള്‍ക്കു സാധിക്കുമെന്ന് കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്, ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ സംയുക്ത സമ്മേളനത്തിന്‍റെ പുതിയ സെക്രട്ടറി ജനറല്‍ Federation of the Asian Bishops’ Conferences മുമ്പൈയില്‍ പ്രസ്താവിച്ചു. പരിസ്ഥിതി സംരക്ഷണത്തില്‍ സഭയ്ക്കുള്ള പങ്കിനെക്കുറിച്ചു പഠിച്ച ഏഷ്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ ബാങ്കോക്കിലെ സമ്മേളനത്തിന്‍റെ തീരുമാനങ്ങളെക്കുറിച്ച് ഒക്ടോബര്‍ 24-ാം തിയതി മുമ്പൈയില്‍ മാധ്യമങ്ങളോടു സംസാരിക്കവേയാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇപ്രകാരം പ്രസ്താവിച്ചത്.

പരിസ്ഥിതി ദൈവത്തിന്‍റെ ദാനമാണെന്നും, അത് ഉപയോഗിക്കുമ്പോള്‍ മനുഷ്യവര്‍ഗ്ഗത്തോടു മുഴുവന്‍തന്നെ നമുക്ക് ഉത്തരവാദിത്വമുണ്ടായിരിക്കമെന്നും കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് പ്രസ്താവിച്ചു. ദൈവത്തിന്‍റെ സൃഷ്ടിയുടെ വിസ്മയാവഹമായൊരു ഭാഗമായി പരിസ്ഥിതിയെ തിരിച്ചറിയുന്ന ഓരോ വ്യക്തിയും അത് പരിരക്ഷിക്കാനും പരിപോഷിപ്പിക്കാനും പരിശ്രമിക്കുമെന്നും കര്‍ദ്ദിനാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവച്ചു.
ദേശീയതലത്തില്‍ പ്രായോഗിക തീരുമാനങ്ങളെടുത്തുകൊണ്ട് ഭാരതത്തിലെ സഭ പരിസ്ഥിതി സംരക്ഷണ മേഖലയില്‍ ഗൗരവപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് കൂട്ടിച്ചേര്‍ത്തു.









All the contents on this site are copyrighted ©.