2011-10-26 20:17:37

നല്ല സംഗീതസൃഷ്ടികള്‍ ദൈവോന്മുഖമെന്ന്
- മാര്‍പാപ്പ


26 ഒക്ടോബര്‍ 2011, വത്തിക്കാന്‍
സ്വര്‍ഗ്ഗീയ ചിന്തകള്‍ ഈ ലോക യാതനകളില്‍നിന്നുമുള്ള ഒളിച്ചോട്ടമല്ല, മറിച്ച് സ്നേഹത്തോടും പ്രത്യാശയോടുംകൂടെ അവയെ നേരിടാനുള്ള കരുത്താണെന്ന് മാര്‍പാപ്പ. ഒക്ടോബര്‍ 22-ാം തിയതി ശനിയാഴ്ച വത്തിക്കാനില്‍ അരങ്ങേറിയ സംഗീതവിരുന്നിന്‍റെ സമാപനത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. ബ്രൂക്ണറിന്‍റെ പക്വതയാര്‍ന്ന സംഗീത സൃഷ്ടികളെല്ലാം തന്നെ ദൈവോത്മുഖമായിരുന്നെന്നും അതിനുദാഹരണമാണ് വത്തിക്കാനില്‍ അരങ്ങേറിയ 9-ാമത്തെ സിംഫണിയും തെ-ദേവൂം എന്ന സ്തോത്രഗീതവുമെന്ന് പാപ്പ പ്രസ്താവിച്ചു.
ജര്‍മ്മനിയില്‍നിന്നുമുള്ള ‘ആവ്ദി യുവസംഗീത അക്കാഡമി’യാണ് Audi Jugend chorak akademie പ്രശസ്ത ജര്‍മ്മന്‍ സംഗീതജ്ഞന്‍ ആന്‍റൊണ്‍ ബ്രൂക്നറിന്‍റെ സംഗീതസൃഷ്ടികള്‍ മാര്‍പാപ്പയ്ക്കായി അവതരിപ്പിച്ചത്. അമേരിക്കന്‍ സംഗീത സംവിധായകനായ കെന്‍റ് നാഗനോ നയിച്ച, ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പാശ്ചാത്യ ശാസ്ത്രീയ സംഗീതനിശയില്‍ ബ്രൂക്ണറിന്‍റെ ഏറ്റവും അവസാനത്തെ സൃഷ്ടിയായ ‘എന്‍റെ ദൈവത്തിന്’ to my Beloved God, എന്ന പണിതീരാത്ത 9-ാമത്തെ സിംഫണിയും, ബ്രൂക്ണര്‍ ഈണപകര്‍ന്ന Te Deum എന്ന സ്തോത്ര ഗീതവുമാണ് അവതരിപ്പിക്കപ്പെട്ടത്. 60 അംഗ-സിംഫണി ഓര്‍ക്കസ്ട്രയില്‍ ജപ്പാന്‍, അമേരിക്ക, ജര്‍മ്മിനി, ഇറ്റലി എന്നീ രാഷ്ട്രങ്ങളില്‍നിന്നുമുള്ള 4 പ്രത്യേക ഗായകര്‍ സ്വരാലാപനം നടത്തിയപ്പോള്‍, 100 അംഗ ജര്‍മ്മന്‍ യുവഗായക സംഘം ബ്രൂക്കനറുടെ വിഖ്യാതമായ സ്ത്രോത്രഗീതം സ്വര്‍ഗ്ഗീയാനുഭൂതി ഉണര്‍ത്തുമാറ് മനോഹരമായി ആലപിച്ചുവെന്ന് സംഗീതജ്ഞനായ മാര്‍പാപ്പ വിലയിരുത്തി.

മധുരമായ സംഗീതത്തില്‍ ജീവിതത്തിന്‍റെ ആഴമായ വിശ്വാസവും ലാളിത്യമാര്‍ന്ന ആത്മീയതയും ബ്രൂക്കനര്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നുവെന്നും മാര്‍പാപ്പ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.