2011-10-26 20:09:48

അസ്സീസി പ്രാര്‍ത്ഥനയ്ക്ക്
നിറഞ്ഞ സാന്നിദ്ധ്യം


26 ഒക്ടോബര്‍ 2011, വത്തിക്കാന്‍
സുവിശേഷ സാക്ഷൃമായി വത്തിക്കാനിലെത്തിയ തീര്‍ത്ഥാടകരുടെ
നിറഞ്ഞ സാന്നിദ്ധ്യത്തെ മാര്‍പാപ്പ പ്രശംസിച്ചു. അസ്സീസിയിലെ സമാധാന സമ്മേളനത്തിനൊരുക്കമായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയോടൊപ്പം വത്തിക്കാനില്‍ പ്രാര്‍ത്ഥിക്കാനെത്തിയ തീര്‍ത്ഥാടകരെക്കൊണ്ട് ഒക്ടോബര്‍ 26-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാന്‍ ശാല നിറഞ്ഞുകവിഞ്ഞപ്പോള്‍, ഇടംകിട്ടാതെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സമ്മേളിച്ചവരെ ആദ്യം സന്ദര്‍ശിച്ചുകൊണ്ട്, അവരുടെ സാന്നിദ്ധ്യത്തെയും സഹകരണത്തെയും നല്ല മനസ്സിനെയും വിവിധ ഭാഷകളില്‍ പ്രശംസിച്ച ശേഷമാണ് മാര്‍പാപ്പ പ്രാര്‍ത്ഥനാ വേദിയിലേയ്ക്കു പുറപ്പെട്ടത്.

രാവിലത്തെ മഴയെ തുടര്‍ന്നുണ്ടായ പ്രതികൂലമായ കാലവസ്ഥയെ മാനിച്ചാണ് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍നിന്നും പ്രാര്‍ത്ഥനാ സമ്മേളനം പോള്‍ ആറാമന്‍ പൊതുകൂടിക്കാഴ്ചാ വേദിയിലേയ്ക്ക് മാറ്റിയത്. മാര്‍പാപ്പയോടൊപ്പം പ്രാര്‍ത്ഥിക്കുവാനായി പ്രതീക്ഷയില്‍ കവിഞ്ഞ തീര്‍ത്ഥാടക സമൂഹം ഇറ്റലിയുടെയും ലോകത്തിന്‍റെതന്നെയും വിവിധ ഭാഗങ്ങളില്‍നിന്നുമായി എത്തിയതുകൊണ്ടാണ് കൂടിക്കാഴ്ചാ മന്ദിരം നിറഞ്ഞുകവിഞ്ഞ തീര്‍ത്ഥാടകരെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സ്വീകരിക്കേണ്ടിവന്നതെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പോര്‍ഡി അറിയിച്ചു.

രാവിലെ 10 മണിക്ക് മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ പോള്‍ ആറാമന്‍ ശാലയില്‍ ആരംഭിച്ച വചനശുശ്രൂഷയില്‍ പാപ്പാ പ്രഭാഷണം നടത്തുകയും, അപ്പസ്തോലിക ആശിര്‍വ്വാദം നല്കുകയുംചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെ പ്രാര്‍ത്ഥാനാ യോഗം സമാപിച്ചു.








All the contents on this site are copyrighted ©.