2011-10-25 18:31:07

കുടിയേറ്റം സമകാലിക ലോകത്തില്‍ സുവിശേഷം പ്രഘോഷിക്കുവാനുള്ള ഒരവസരം : മാര്‍പാപ്പ


25 ഒക്ടോബര്‍ 2011, വത്തിക്കാന്‍

കുടിയേറ്റപ്രതിഭാസം സമകാലിക ലോകത്തില്‍ സുവിശേഷം പ്രഘോഷിക്കുവാനുള്ള ഒരവസരമാണെന്ന് മാര്‍പാപ്പ. കുടിയേറ്റക്കാരുടേയും അഭയാര്‍ത്ഥികളുടേയും തൊണ്ണൂറ്റെട്ടാം ആഗോള ദിനത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. 2012ാം ആണ്ടിലേക്കുള്ള ഈ സന്ദേശം ഇരുപത്തിയഞ്ചാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ പുറത്തിറക്കി. കുടിയേറ്റക്കാരെ അവരുടെ വിശ്വാസജീവിതത്തില്‍ ദൃഢപ്പെടുത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. കുടിയേറ്റം ചിലപ്പോള്‍ യേശുക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള അവസരമാണെങ്കില്‍ മറ്റു ചിലപ്പോള്‍ അത് ക്രൈസ്തവമനസാക്ഷിക്ക് നവോന്മേഷം പകരാനുള്ള അവസരമാണ്. പ്രവാസികള്‍ക്കുവേണ്ടി അജപാലനശുശ്രൂഷ നടത്തുന്ന വൈദീകരും സന്ന്യസ്തരും അല്‍മായരും സുവിശേഷപ്രഘോഷണത്തിനായി സാഹോദര്യത്തിന്‍റേയും ആദരവിന്‍റേയും മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷയേകാന്‍ അന്താരാഷ്ട്രസമൂഹവും രാഷ്ട്രാധികാരികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും പാപ്പ പറഞ്ഞു. വിദ്യാഭ്യാസത്തിനായി അന്യരാജ്യങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന നിരവധി ബുദ്ധിമുട്ടുകളെക്കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. യഥാര്‍ത്ഥ സുവിശേഷ സാക്ഷികളെ കണ്ടുമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നവസുവിശേഷവല്‍ക്കരണത്തിന്‍റ വക്താക്കളാകാന്‍ പ്രചോദനം ലഭിക്കുമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.