2011-10-22 19:11:52

സുവിശേഷപരിചിന്തനം
23 ഒക്ടോബര്‍ 2011 ഞായര്‍
സീറോമലബാര്‍ റീത്ത്


മത്തായി 28, 16 -20
ആഗോളസഭ മിഷന്‍ ഞായര്‍ ആഘോഷിക്കുകയാണ്.
ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള എല്ലാവരും സുവിശേഷം പ്രഘോഷിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന സത്യം അനുസ്മരിപ്പിക്കുന്ന ദിവസമാണിത്.
സുവിശേഷവത്ക്കരണത്തിന്‍റെ ആഗോളസ്വഭാവം മിഷന്‍ ഞായര്‍ വെ‍ളിപ്പെടുത്തുന്നുണ്ട്.

“യേശു നിര്‍ദ്ദേശിച്ചതുപോലെ പിതിനൊന്നു ശിഷ്യന്മാരും ഗലീലിയായിലെ മലയിലേയ്ക്കു പോയി. അവിടുത്തെ കണ്ടപ്പോള്‍ അവര്‍ ആരാധിച്ചു.
എന്നാല്‍ കൂട്ടത്തില്‍ ചിലര്‍ സംശയിച്ചു. യേശു അവരെ സമീപിച്ച്, അരുള്‍ചെയ്തു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്ത്യംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” മത്തായി 28, 16-20.

സുവിശേഷ പ്രേഷിതരായ എല്ലാവരും, എല്ലാ ക്രൈസ്തവരും എന്നും അനുസ്മരിക്കേണ്ട ഒരു സത്യമുണ്ട്. വിശ്വാസ ജീവിതത്തിലേയ്ക്കും സഭയിലേയ്ക്കും വിളിക്കപ്പെട്ടിട്ടുള്ള എല്ലാവരുടെയും ഹൃദയങ്ങളെ കര്‍ത്താവ് അവിടുത്തെ വചനംകൊണ്ടും പരിശുദ്ധാത്മാവിനെക്കൊണ്ടും സ്പര്‍ശിക്കുന്നു എന്നതാണ് ആ സത്യം.

സുവിശേഷവത്ക്കരണം ഫലവത്താകണമെങ്കില്‍ അതില്‍ പരിശുദ്ധാത്മാവിന്‍റെ കൃപ ആവശ്യമാണ്. കാരണം പ്രഘോഷണത്തെ സചേതനമാക്കുന്നതും സ്വീകര്‍ത്താവില്‍ അതിന്‍റെ ഫലമണിയിക്കുന്നതും പരിശുദ്ധാത്മാവാണ്. മന്ദീഭവിക്കുന്ന സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് നവോന്മേഷം പകരുന്നതിനും ജീവിത മേഖലകളുടെയും പരസ്പര ബന്ധങ്ങളുടെയും മരീചികയില്‍നിന്നും സുവിശേഷ ചൈതന്യത്തിന്‍റെ മരുപ്പച്ചയിലേയ്ക്ക് ജനങ്ങളെ ആനയിക്കുന്നതിനും നവമായ ഒരു സുവിഷേശവത്ക്കരണ പദ്ധതി സഭയില്‍ ആവിഷ്കൃതമായിരിക്കുകയാണ്. ആഗോള സഭയ്ക്ക് നവീകരണ വെളിച്ചം പകരുകയും സുവിശേഷവത്ക്കരണത്തിന് നൂതന പാതകള്‍ തുറക്കുകയും ചെയ്ത
2-ാം വത്തിക്കാന്‍ സൂനഹദോസിന്‍റെ 50-ാം വാര്‍ഷികത്തിലും നാം എത്തിനില്കുകയാണ്.
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഈ കാലഘട്ടത്തില്‍ സഭയുടെ ആവശ്യങ്ങളും നവമായ ലക്ഷൃങ്ങളും കണക്കാക്കികൊണ്ട് ഒക്ടോബര്‍ 12, 2012- മുതല്‍ നവംമ്പര്‍ 24, 2013-വരെ വിശ്വാസവര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നതും നാം അറിഞ്ഞിരിക്കുമല്ലോ.
സഭ അനുരജ്ഞനത്തിലൂടെ സുവിശേഷത്തോട് കൂടുതല്‍ സമര്‍പ്പിതമായിക്കൊണ്ട്, ക്രിസ്തുവിനോടുള്ള നമ്മുടെ വിശ്വസ്തത ബലപ്പെടുത്തുവാനും ദൈവകൃപയിലേയ്ക്കു തിരിയുവാനുമുള്ള ഒരവസരമാണിത്. ആദിമ സഭയിലെ ക്രൈസ്തവര്‍ക്കുണ്ടായിരുന്ന അതേ സമര്‍പ്പണത്തോടും വിശ്വസ്തയോടും ആവേശത്തോടുംകൂടെ, വേണ്ടിവന്നാല്‍ ത്യാഗങ്ങള്‍ സഹിച്ചും നാം ഈ സുവിശേഷദൗത്യത്തിനായി നാം ഇറങ്ങിത്തിരിക്കേണ്ടതാണ്.

സുവിശേഷ ജീവിതത്തോടുള്ള വിശ്വസ്തതയ്ക്ക് മാതൃക മറിയമാണ്.
മറിയത്തെപ്പോലെ എളിമയോടെ, ധൈര്യത്തോടും വിവേകത്തോടുംകൂടെ, ശക്തമായും, എന്നാല്‍ ലോകത്തിന്‍റേതായ കരബലത്താലല്ല. ആത്മീയതയുടെയും വിശ്വാസത്തിന്‍റെയും ധാര്‍മ്മിക ബലത്തില്‍ നാം സുവിശേഷം ജീവിക്കുകയും പ്രഘോഷിക്കുകയും ചെയ്യേണ്ടതാണ്.

സഭയുടെ സുവിശേഷപ്രഘോഷണ രീത് നവീകരിക്കാനും ശക്തിപ്പെടുത്തുവാനുമാണ് ആഗോള സഭ നവസുവിശേഷവത്ക്കരണ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. അതിനുവേണ്ടി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം വത്തിക്കാനില്‍ ഒരു പൊന്തിഫിക്കല്‍ കൗണ്‍സില്‍തന്നെ തുറന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഒക്ടോബര്‍ 15-മുതല്‍ 16-വരെ തിയതികളില്‍ വത്തിക്കാനില്‍ സംഘടിപ്പിച്ച അന്തര്‍ദേശിയ സമ്മേളനവും അതിലെ മാര്‍പാപ്പയുടെ സജീവസാന്നിദ്ധ്യവും ഈ നവയുഗത്തില്‍ സുവിശേഷവത്ക്കരണത്തിനുള്ള പ്രാധാന്യത്തെ എടുത്തു കാണിക്കുന്നതായിരുന്നു.
പ്രത്യാശയുടെ തീരങ്ങളിലേയ്ക്ക് ജനങ്ങളെ നയിക്കുന്ന ശക്തരായ വിശ്വാസദൂതരാണു നിങ്ങള്‍, എന്നാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ക്രൈസ്തവരായ പ്രേഷിതരെ വിശേഷിപ്പിക്കുന്നത്. Lg.5

വിശ്വാസ ദൂതരാവുക എന്ന ദൗത്യം, ഇന്ന് അത്ര എളുപ്പമല്ലാതായിരിക്കുന്ന ജീവിതസാഹചര്യങ്ങളിലും പ്രവര്‍ത്തന മേഖലകളിലുമാണ് നാം വിശ്വാസ സാക്ഷികളായി ജീവിക്കേണ്ടത്. പൊതുവേയുള്ള വിശ്വാസമാന്ദ്യവും സഭ വിട്ടുപോകുന്ന ധാരാളം വിശ്വാസികളും കഴിഞ്ഞ രണ്ടു ദശകങ്ങളായിട്ട് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ള പ്രതിഭാസമാണ്. മാറുന്ന സമൂഹ്യചുറ്റുപാടുകള്‍ക്ക് അനുസൃതമായി സഭയും നീങ്ങണം എന്നൊരു അഭിപ്രായം പൊതുവെ കേള്‍ക്കാറുണ്ട്.

തന്‍റെ പ്രവര്‍ത്തനങ്ങളും ശൈലിയും വളരുന്ന ലോകത്തോട് അനുരൂപപ്പെടുത്തണമെന്ന അഭിപ്രായത്തോട് കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ പ്രതികരണം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. സഭയില്‍ ആദ്യം പരിവര്‍ത്തന വിധേയമാകേണ്ടത് നിങ്ങളും ഞാനുമാണ്, സഭയെന്നു പറയുന്നത് ജനങ്ങള്‍ മാത്രമല്ല, എന്ന് ഇതില്‍നിന്നും നമുക്കു മനസ്സിലാക്കാവുന്നതാണ്. അത് സഭയുടെ അധികാരികളല്ല, മാര്‍പാപ്പയും മെത്രാന്മാരുമല്ല. നമ്മെളെല്ലാവരുമാണ് സഭ. ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും ചേര്‍ന്നാണ് സഭയുണ്ടാകുന്നത്.

സഭയില്‍ മാറ്റങ്ങള്‍ക്ക് ഇടമുണ്ടെന്നതിന് സംശയമില്ല. നാം നിരന്തരമായി പരിവര്‍ത്തന വിധേയരാകേണ്ടതാണ്. പ്രായോഗികതലത്തില്‍ എന്താണ് ഈ പരിവര്‍ത്തനമെന്നും, അതെവിടെയാണെന്നും നാം മനസ്സിലാക്കേണ്ടതാണ്? ഉപരിപ്ലവമായ മാറ്റങ്ങള്‍ അപ്രസക്തങ്ങളാണ്. ഒരു വീട് പെയിന്‍റടിച്ച് വൃത്തിയാക്കുകയോ അതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യുന്നതുപോലെയല്ല. സഭയെ സംബന്ധിച്ചിടത്തോളം മാറ്റമെന്നത്, സഭയുടെയും സഭാ മക്കളുടെയും പ്രേഷിത ദൗത്യത്തിലാണ്. സഭയുടെ പ്രേഷിതദൗത്യവും സമര്‍പ്പണവും അതിന്‍റെ ശൈലിയും നിരന്തരമായും കാലികമായും പരിവര്‍ത്തന വിധേയമാകേണ്ടതാണ്. വ്യക്തിതലത്തില്‍ ആരംഭിക്കുന്ന സുവിശേഷദൗത്യം, മറ്റുള്ളവരിലേയ്ക്കും, അവസാനം ഒരാഗോള ദൗത്യമായും വളര്‍ന്നു പന്തലിക്കേണ്ടതാണ്.

നിങ്ങള്‍ എന്‍റെ സാക്ഷികളാണ്, ലൂക്കാ 24, 48. നിങ്ങള്‍ ലോകമെങ്ങും പോയി സകലജനതകളെയും ശിഷ്യപ്പെടുത്തുക. മത്തായി 28, 19.
നിങ്ങള്‍ സകല ജനതകളോടും എന്‍റെ സുവിശേഷം പ്രഘോഷിക്കുക. മാര്‍ക്ക് 16, 15.

ലോകത്തിന്‍റേതായ സമൂഹ്യസമ്മര്‍ദ്ദങ്ങളും നവമായ നീക്കങ്ങളുംകൊണ്ട് ക്രൈസ്തവസാക്ഷൃം നിരന്തരമായി മങ്ങലേല്ക്കുകയും, ക്രൈസ്തവ സഹോദരബന്ധങ്ങള്‍ അന്യവത്ക്കരിക്കപ്പെടുകയും, സുവിശേഷം ആപേക്ഷികമായി പുറംതള്ളപ്പെടുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവ മൂല്യങ്ങളില്‍ ഊന്നിനില്ക്കുമ്പോള്‍, നാം ഭാഗമായിരിക്കുന്ന ലോകത്തിന്‍റേതായ ശൈലിയില്‍നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടിവരും. സഭാദൗത്യം നേടുവാനും അത് ജീവിക്കുവാനും ക്രൈസ്തവര്‍ തന്‍റെ ജീവിത ചുറ്റുപാടുകളില്‍നിന്നും വ്യത്യസ്തമായി ജീവിക്കേണ്ടിവരും. മതനിരപേക്ഷമായ ലോകത്ത്
തികച്ചും ഉറച്ച മതാത്മകമായ നിലപാട് കൈക്കൊള്ളേണ്ടതായും വരും.

സഭാ ദൗത്യം ക്രിയാത്മകമായ ത്രിത്വരഹസ്യത്തില്‍നിന്നും ഉത്ഭവിക്കുന്നതാണ്. അത് സ്നേഹം തന്നെയായ ദൈവത്തിന്‍റെ ക്രിയാത്മക ഭാവമാണ്. ദൈവസ്നേഹം അതില്‍ത്തന്നെ നിലനില്ക്കുന്നില്ല. അത് ഈ പ്രപഞ്ചത്തിലേയ്ക്ക് സമൃദ്ധമായി നിര്‍ഗ്ഗളിക്കുന്നു, ചൊരിയപ്പെടുന്നു. അതിന്‍റെ പ്രകടമായ സാന്നിദ്ധ്യമാണ് മനുഷ്യാവതാരം ചെയ്ത ക്രിസ്തു. ലോകത്തിന് അനുഭവേദ്യമായ ക്രിസ്തു-സാന്നിദ്ധ്യം ദൈവ-മനുഷ്യ ബന്ധത്തിന്‍റെ ആഴമുള്ള സുവിശേഷ സംവേദനമാണ്.
ദൈവത്തില്‍നിന്നും സ്വീകരിക്കുന്നതുപോലെതന്നെ, മനുഷ്യന്‍ സ്നേഹത്തില്‍ പ്രത്യുത്തരിക്കേണ്ട സംവേദനമാണ് സുവിശേഷ പ്രഘോഷണം. എന്നാല്‍ ദൈവത്തിന്‍റെ വലിയ ഔദാര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും മുന്നില്‍ മനുഷ്യന്‍റെ നിസ്സാരതയും പരിമിതികളുമുള്ള ജീവതസമര്‍പ്പണവും ദൈവത്തിന് സ്വീകാര്യമാണെന്ന് നാം മനസ്സിലാക്കണം. അതുപോലെ പ്രതിനന്ദിയായി ദൈവത്തിനു സമര്‍പ്പിക്കാന്‍ സഭയ്ക്കും വലുതായി ഒന്നുമില്ല. എന്നാല്‍ ഈ ലോകത്ത് രക്ഷയുടെ
എളിയ ഉപകരണമാകുവാനും, ദൈവവചനത്താല്‍ സുവിശേഷ പ്രഭയാല്‍ ഈ ലോകത്തെ രൂപാന്തരപ്പെടുത്തിക്കൊണ്ട് ദൈവവുമായുള്ള മനുഷ്യന്‍റെ സ്നേഹൈക്യം ഈ ലോകത്ത് യാഥാര്‍ത്ഥ്യമാക്കുകയുമാണ് സഭയുടെ ദൗത്യം. ഈ വിളിയും ദൗത്യവും മറന്ന് സഭ സ്ഥാപനവത്ക്കരണത്തിന്‍റെ സുരക്ഷിതത്വത്തില്‍ ഒതുങ്ങിപ്പോകുന്നത് അപകടകരമാണ്.
ഞാന്‍ ലോകത്തിന്‍റേതല്ലാത്തതുപോലെ അവരും ലോകത്തിന്‍റേതല്ല, യോഹ. 17, 16. എന്നു ക്രിസ്തുതന്നെ വ്യക്തമായി നമ്മെ പഠിപ്പിച്ചിട്ടുള്ളതാണ്.

മതനിരപേക്ഷമാകുന്ന ലോകത്ത് സഭ നിരന്തരമായി വെല്ലുവിളിക്കപ്പെടുകയും, സമൂഹത്തിന്‍റെ ആന്തരീക നവീകരണത്തിനായി ശക്തമായി പോരാടുകയും ചെയ്യേണ്ടി വരുന്നുണ്ട്. ദൈവത്തിന് പ്രഥമസ്ഥാനം നല്കുന്ന സഭയ്ക്ക് ലോകത്തിന്‍റെ ആശങ്കകളില്‍ പങ്കുചേരുക എന്നു പറയുന്നത്, ദൈവസ്നേഹത്തിന് സാക്ഷൃംവഹിക്കുന്നതും, വാക്കിലും പ്രവര്‍ത്തിയിലും ദൈവവചനം ജീവിക്കുന്നതുമാണ്. അതോടൊപ്പംതന്നെ മനുഷ്യജീവതങ്ങളെ നിത്യമായൊരു ജീവിതത്തിലേയ്ക്ക് നയിക്കുന്നതും സഭാ ജീവിതത്തിന്‍റെ അന്യൂനവും സവിശേഷവുമായ ദൗത്യമാണ്. കാരണം,
മനുഷ്യജീവിതം നിത്യമായൊരു ജീവിതത്തിന്‍റെ നാന്ദിയാണ്. നമ്മുടെ എളിയ ജീവിതങ്ങളുടെ സമര്‍പ്പണം ആവശ്യപ്പെടുന്ന മഹത്തായ ദൈവസ്നേഹത്തോടു പ്രത്യുത്തരിച്ചുകൊണ്ട്, ഈ ലോകത്ത് ലാളിത്യത്തോടെ ജീവിക്കാന്‍ നമുക്കു പരിശ്രമിക്കാം. നമ്മുടെ ഓരോരുത്തരുടെയും ജീവിതമേഖലകളില്‍ ദൈവസ്നേഹം നവമായി അനുഭവിക്കാന്‍ ഇടയാകട്ടെ.
അവിടുത്തെ സാക്ഷികളായി ജീവിക്കാന്‍വേണ്ട ദൈവാനുഗ്രഹവും പരിശുദ്ധാത്മാവിന്‍റെ വരദാനവും നമുക്കേവര്‍ക്കും ഈ മിഷന്‍ ഞായര്‍ ദിനത്തില്‍ പ്രാര്‍ത്ഥിക്കാം.









All the contents on this site are copyrighted ©.