2011-10-21 18:03:14

ഫാദര്‍ തെന്‍തോറിയോയ്ക്ക് മാര്‍പാപ്പയുടെ ആദരാജ്ഞലികള്‍


21 ഒക്ടോബര്‍ 2011, വത്തിക്കാന്‍
ഫിലിപ്പീന്‍സ് ജനതയ്ക്കുവേണ്ടി അശ്രാന്തസേവനമനുഷ്ഠിച്ച ഫാദര്‍ ഫൗസ്റ്റോ തെന്‍തോറ ഉത്തമനും വിശ്വസ്തനുമായ വൈദീകനായിരുന്നെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ഫാദര്‍ തെന്‍തോറോയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അന്നാട്ടിലെ കിഡപ്പവാന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് റൊമുള്‍ഡോ ദെലാ ക്രൂസിനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ഈ പരാമര്‍ശം. ഫിലിപ്പീന്‍സിലെ മിന്‍ദാനാവോയില്‍ പതിനേഴാം തിയതി തിങ്കളാഴ്ച ഒരജ്ഞാതന്‍റെ വെടിയേറ്റാണ് ഇറ്റാലിയന്‍ മിഷനറി വൈദീകന്‍ ഫാദര്‍ ഫൗസ്റ്റോ തെന്‍തോറിയോ മരിച്ചത്. ഫാദര്‍ തെന്‍തോറിയോയുടെ ധീരസാക്ഷൃത്തിന് ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ച മാര്‍പാപ്പ അക്രമത്തിന്‍റെ പാത ഉപേക്ഷിച്ചുകൊണ്ട് സമാധാനത്തിലും നീതിയിലുമധിഷ്ഠിതമായ സമൂഹം പടുത്തുയര്‍ത്താന്‍ ഏവരേയും ക്ഷണിച്ചു.
ഫാദര്‍ തെന്‍തോറയുടെ അന്തിമോപചാരകര്‍മ്മങ്ങള്‍ ഇരുപത്തിയഞ്ചാം തിയതി ചൊവ്വാഴ്ച കിഡപ്പവാന്‍ രൂപതയുടെ കത്തീഡ്രല്‍ദേവാലയത്തില്‍ നടക്കുമെന്ന് ബിഷപ്പ് റൊമുള്‍ഡോ ദെലാ ക്രൂസ് അറിയിച്ചു.








All the contents on this site are copyrighted ©.