2011-10-21 18:03:31

കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ വ്യക്തിയുടേയും സമൂഹത്തിന്‍റേയും നന്മയ്ക്ക് – ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ


21 ഒക്ടോബര്‍ 2011, വത്തിക്കാന്‍

കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ വ്യക്തിയുടേയും സമൂഹത്തിന്‍റേയും നന്മയ്ക്കു ഒരുപോലെ പ്രാധാന്യം നല്‍കുന്നുവെന്ന് ബെനഡിക്ട് പതിനാറാന്‍ മാര്‍പാപ്പ. പരിശുദ്ധസിംഹാനത്തിനുവേണ്ടി നെതര്‍ലാന്‍ഡ്സ് നിയമിച്ച പുതിയസ്ഥാനപതി ജോസഫ് വെത്തിറിങ്സിന്‍റെ അധികാരപത്രസ്വീകരണ ചടങ്ങളിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. അന്താരാഷ്ട്ര നയതന്ത്രമേഖലയില്‍ തിരുസഭ നല്‍കുന്നത് സാമൂഹ്യ - രാഷ്ട്രീയ രംഗത്തെ അടിസ്ഥാന ധാര്‍മ്മീക ദര്‍ശനമാണ്. സമഗ്രവ്യക്തിയുടേയും സമൂഹത്തിന്‍റേയും നന്മയാണ് സഭ ആഗ്രഹിക്കുന്നത്. സഭയുടെ ധാര്‍മ്മീക ശബ്ദം രാഷ്ട്രീയമോ സാമ്പത്തീകമോ ആയ താല്‍പര്യങ്ങള്‍ക്കതീതമാണ് – മാര്‍പാപ്പ പ്രസ്താവിച്ചു. ആലംബഹീനരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന സഭ നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഏവരേയും ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു.
ലോകസമാധാനം, നിരായുദ്ധീകരണം, മനുഷ്യാന്തസിന്‍റെ സംരക്ഷണം, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകള്‍ ഡച്ച് ഭരണകൂടത്തിന്‍റേയും വത്തിക്കാന്‍റേയും പരസ്പരസഹകരണത്തിന്‍റെ വേദികളാണ‍െന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ ഡച്ച് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പാപ്പ അനുസ്മരിച്ചു. ലോകത്തിന്‍റെ ചില ഭാഗങ്ങളില്‍ നിയമപരമായി മതസ്വാതന്ത്ര്യം വിലക്കപ്പെട്ടിരിക്കുന്നു. മതസ്വാതന്ത്ര്യമുള്ള രാജ്യങ്ങളില്‍ പ്രകടമാകുന്ന മതവിരുദ്ധ വികാരങ്ങളും യഥാര്‍ത്ഥ മതസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാണ്. ജന്മനാട്ടിലെന്നപോലെ വിദേശത്തും പൗരന്മാരുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനായി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അന്നാട്ടിലെ ഭരണകൂടത്തെ മാര്‍പാപ്പ ആഹ്വാനം ചെയ്തു. വ്യക്തി സ്വാതന്ത്ര്യം ആദരിക്കപ്പെടണം. എന്നാല്‍ വ്യക്തികള്‍ തങ്ങള്‍ക്കു തന്നെയോ സമൂഹത്തിനോ ദോഷകരമായവിധത്തില്‍ പ്രവര്‍ത്തിക്കുന്നത് നിരുത്സാഹിപ്പിക്കണമെന്നും മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.