2011-10-21 18:00:33

ആഗോളവല്‍കൃതലോകത്തിനാവശ്യം പരസ്പരാശ്രയത്വം: ആര്‍ച്ച് ബിഷപ്പ് ചുള്ളിക്കാട്ട്.


21 ഒക്ടോബര്‍ 2011, ന്യൂയോര്‍ക്ക്

പരസ്പരാശ്രയത്വത്തിലധിഷ്ഠിതമായ ആഗോളവല്‍ക്കരണമാണ് ലോകത്തിനാവശ്യമെന്ന് ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സീസ് അസ്സീസി ചുള്ളിക്കാട്ട് പ്രസ്താവിച്ചു. ഐക്യരാഷ്ട്രസംഘടനയുടെ അറുപത്താറാം വാര്‍ഷികപൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഐക്യരാഷ്ട്രസംഘടനയിലേക്കുള്ള വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ച് ബിഷപ്പ് ചുള്ളിക്കാട്ട്. ആഗോളവല്‍ക്കരണത്തിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാല്‍ അതിന്‍റെ ഗുണങ്ങളില്‍ ക്രിയാത്മകമായി പങ്കുചേരാന്‍ അവികസിത രാജ്യങ്ങള്‍ക്കു സാധിക്കുന്നില്ലെന്ന് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തീക അന്തരം വര്‍ദ്ധിച്ചുവരുന്നത് ധാര്‍മ്മീകമായി അംഗീകരിക്കാന്‍ സാധിക്കുകയില്ല. ഓരോ മനുഷ്യവ്യക്തിയുടേയും അന്തസ്സാദരിച്ചുകൊണ്ട് നീതിയുക്തമായാണ് സാമ്പത്തീക ഇടപാടുകള്‍ നടത്തേണ്ടത്. ഇന്ന് ലോകം പിന്തുടരുന്ന വികസനമാതൃകള്‍ മനുഷ്യരെ എങ്ങനെബാധിക്കുന്നുവെന്ന് വിലയിരുത്തണം. സാമൂഹിക വ്യവസ്ഥിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണി ഉയര്‍ത്തിക്കൊണ്ട് വളര്‍ന്നുവരുന്ന സാമ്പത്തീക അസമത്വങ്ങളും അസുന്തിലാവസ്ഥയും പൊതുജനപ്രക്ഷോഭങ്ങളിലേക്കു വഴിതെളിക്കുന്നത് നാം കാണുന്നുണ്ട്. വ്യക്തികള്‍ക്കിടയിലും രാജ്യങ്ങള്‍ക്കിടയിലും അസമത്വങ്ങള്‍ വളരുമ്പോള്‍ വിശ്വാസത്തിനും പരസ്പരാശ്രയത്വത്തിനും ആദരവിനും സ്ഥാനമില്ലാതാവുകയാണ്. എല്ലാരാജ്യങ്ങളെയും പങ്കുചേര്‍ത്തുകൊണ്ടുള്ളതാണ് യഥാര്‍ത്ഥവികസനമെന്ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.