2011-10-20 20:20:54

ജീവിതം ദൈവോന്മുഖമായൊരു
തീര്‍ത്ഥാടനമെന്ന് മാര്‍പാപ്പ


20 ഒക്ടോബര്‍ 2011, റോം
ഒക്ടോബര്‍ 19-ാം തിയതി ബുധനാഴ്ച റോമാ പട്ടണത്തിന്‍റെ ഹൃദയഭാഗത്ത് ‘ദോമൂസ് ഓസ്ട്രോലിയ’ എന്ന തീര്‍ത്ഥാടകര്‍ക്കായുള്ള ഭവനം ആശീര്‍വ്വദിച്ചുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ഉത്ബോധിപ്പിച്ചത്.

തീര്‍ത്ഥാടനത്തിലൂടെ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍
ഓരോ ക്രൈസ്തവനും വിശുദ്ധിയിലേയ്ക്കു വിളിക്കപ്പെട്ടിരിക്കുന്നു
എന്ന ചിന്ത വളര്‍ത്തിക്കൊണ്ട് ക്രിസ്തുവിനോട് കൂടുതല്‍ അടുക്കുകയും,
ജീവിതയാത്രയില്‍ ഇനിയും മുന്നോട്ടുപോകാനുള്ള ആത്മീയശക്തി ആര്‍ജ്ജിക്കുകയും ചെയ്യണമെന്ന് പാപ്പാ ഉത്ബോധിപ്പിച്ചു.

തീര്‍ത്ഥാടകരായി ഈ ഭവനത്തില്‍ വന്നുപോകുന്നവര്‍, വിശ്വാസത്തില്‍ ദൃഢപ്പെട്ട് സന്തോഷത്തോടെ ക്രിസ്തുവിനു സാക്ഷൃംവഹിക്കാനുള്ള കരുത്താര്‍ജ്ജിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

ഒരു വര്‍ഷംമുന്‍പ് വിശുദ്ധിയുടെ പടവുകള്‍ കയറിയ, ഓസ്ട്രേലിയായുടെ പ്രഥമ വിശുദ്ധ, മേരി മാക്കില്ലോപ്പിന്‍റെ ജീവിത മാതൃക ഈ ഭൂമിയിലെ തീര്‍ത്ഥാടനത്തില്‍ വിശുദ്ധിയുടെ പാതയില്‍ ചരിക്കാന്‍ ഏവര്‍ക്കും പ്രചോദനമാവണമെന്നും പ്രഭാഷണമദ്ധ്യേ പാപ്പ ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയായിലെ വിശ്വാസികളുടെ നിര്‍ലോഭമായ സഹായംകൊണ്ടും അവിടത്തെ സഭയുടെ നേതൃത്വത്തിലും സ്ഥാപിതമായ തീര്‍ത്ഥാടനകേന്ദ്രം റോമാപട്ടണത്തിലെ ചെറു-ഓസ്ട്രേലിയയാണെന്ന് പാപ്പ വിശേഷിപ്പിക്കുകയും ഈ ഭവനം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈയ്യെടുത്ത സിഡ്നി അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേല്ലിനെയും
ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് പീറ്റര്‍ വില്‍സണെയും മാര്‍പാപ്പ അഭിനന്ദിച്ചു.

റോമാ പട്ടണത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ദോമൂസ് ഓസ്ട്രേലിയായില്‍ 100 തീര്‍ത്ഥാടകര്‍ക്കുള്ള താമസസൗകര്യങ്ങളും മനോഹരമായ ദേവാലയവുമുണ്ട്. അവിടെ എന്നും രാവിലെ തീര്‍ത്ഥാടകര്‍ക്കായി ഇംഗ്ലീഷ് ഭാഷയില്‍ ദിവ്യബലിയര്‍പ്പിക്കപ്പെടുമെന്ന് ദോമൂസിന്‍റെ റെക്ടര്‍, ഫാദര്‍ ആന്‍റെണി ഡേന്‍റണ്‍ അറിയിച്ചു.








All the contents on this site are copyrighted ©.