2011-10-20 20:17:11

എളിമയോടെ പ്രതിജ്ഞാബദ്ധരായി
മുന്നോട്ടു ചരിക്കണെന്ന് ഓസ്ട്രേലിയന്‍ മെത്രാന്മാരോട്


20 ഒക്ടോബര്‍ 2011, വത്തിക്കാന്‍
പഴയ തെറ്റുകള്‍ തിരുത്തി തുറവോടും എളിമയോടുംകൂടെ പ്രതിജ്ഞാബദ്ധരായി മുന്നോട്ടു നീങ്ങണമെന്ന്, ഓസ്ട്രേലിയായിലെ മെത്രാന്‍ സംഘത്തോട് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആഹ്വാനംചെയ്തു. ആദ് ലീമിനാ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഓസ്ട്രേലിയായിലെ മെത്രാന്‍ സംഘത്തെ ഓക്ടോബര്‍ 20-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ അപ്പോസ്തോലിക അരമനയില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടു സംസാസാരിക്കുകയായിരുന്നു മാര്‍പാപ്പ. വൈദികരും സന്യസ്തരും ഉള്‍പ്പെടെയുള്ള പിന്‍മുറക്കാര്‍ വരുത്തിയിട്ടുള്ള വീഴ്ചകള്‍കൊണ്ട് അജപാലന മേഖലയിലുള്ള വെല്ലുവിളികള്‍ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, പതറാതെ സത്യസന്ധതയോടും നിശ്ചയദാര്‍ഢ്യത്തോടുംകൂടെ മുന്നോട്ടു ചരിക്കണമെന്നും തിന്മയെ നന്മകൊണ്ടു നേരിടണമെന്നും (മത്തായി 5, 41) മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.

ഓസ്ട്രേലിയന്‍ സഭാ ചരിത്രത്തിന്‍റെ നാഴികക്കല്ലുകളായ രണ്ടു മഹല്‍സംഭവങ്ങളെ - 2008-ല്‍ സിഡ്നിയില്‍ അരങ്ങേറിയ ലോക യുവജന സമ്മേളനവും, 2010-ല്‍ ഓസ്ട്രേലിയായുടെ പ്രഥമ വിശുദ്ധ, മേരി മാക്കില്ലോപ്പിന്‍റെ നാമകരണവും മാര്‍പാപ്പ തന്‍റെ പ്രഭാഷണത്തില്‍ സ്വര്‍ഗ്ഗീയ അനുഗ്രങ്ങളായി അനുസ്മരിച്ചു. ഓര്‍സ്ട്രേലിയന്‍ സഭയ്ക്ക് ആത്മീയ ഉണര്‍വ്വുപകര്‍ന്ന ഈ സംഭവങ്ങള്‍ കാലികമായ ദൈവീകദാനവും കൃപാസ്പര്‍ശവുമാണെന്ന് മാര്‍പാപ്പ വിശേഷിപ്പിച്ചു.
കുരിശിന്‍റെ ആകൃതിയിലുള്ള ദക്ഷിണ താരവ്യൂഹത്തെ എന്നും വ്യക്തമായി ദര്‍ശിക്കുന്ന ഓസ്ട്രേലിയന്‍ ജനതയെ ക്രിസ്തുവിന്‍റെ സ്നേഹപ്രഭയാല്‍ സ്വര്‍ഗ്ഗീയ ഭവനത്തിലേയ്ക്ക് ആനയിക്കുവാനുള്ള ആത്മീയ ഉണര്‍വ്വും ചൈതന്യവും വിശുദ്ധ മാക്കില്ലോപ്പിന്‍റെ മദ്ധ്യസ്ഥതയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് അപ്പസ്തോലിക ആശിര്‍വ്വാദത്തോടെയാണ് മാര്‍പാപ്പ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.