2011-10-18 18:41:02

അസ്സീസിയിലെ മതാന്തര സമ്മേളനം ഒരു സത്യാന്വേഷണയാത്ര – കര്‍ദ്ദിനാള്‍ പീറ്റര്‍ കെ. ടര്‍ക്കസണ്‍


18 ഒക്ടോബര്‍ 2011, വത്തിക്കാന്‍
ഒരു സത്യാന്വേഷണയാത്രയുടെ പ്രതീകമാണ് അസ്സീസിയിലെ അന്താരാഷ്ട്ര മതാന്തരസമ്മേളനമെന്ന് കര്‍ദ്ദിനാള്‍ പീറ്റര്‍ കെ. ടര്‍ക്കസണ്‍. ലോക സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള മതാന്തര സമ്മേളനത്തോടനുബന്ധിച്ച് പതിനെട്ടാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നീതി സമാധാനകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ടര്‍ക്കസണ്‍. “സത്യത്തിന്‍റേയും സമാധാനത്തിന്‍റേയും തീര്‍ത്ഥാടകര്‍” എന്നതാണ് സമ്മേളനത്തിന്‍റെ ആപ്തവാക്യം. മതവിശ്വാസികളും സന്മനസുള്ള എല്ലാവരും പരസ്പര ആദരവിലും സംവാദത്തിലും ഉറച്ചു നിന്നുകൊണ്ടു മെച്ചപ്പെട്ട ഒരു ലോകത്തിനുവേണ്ടി പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവരാണ് എന്ന സന്ദേശം ലളിതമായി സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്നുവെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ 1986 ഒക്ടോബര്‍ 27 ാം തിയതി അസ്സീസിയില്‍ നടന്ന സമാധാനസമ്മേളനത്തിന്‍റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിലാണ് ഈ സമ്മേളനം നടത്തപ്പെടുന്നത്. ലോകം എന്നും സമാധാനത്തിനായി ആഗ്രഹിക്കുന്നു. സമാധാനത്തിനെതിരായുള്ള നൂതന വെല്ലുവിളികള്‍ ഐക്യത്തോടെ നേരിടാന്‍ സമ്മേളനം വഴിതെളിക്കുമെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.