2011-10-14 18:05:29

യൂറോപ്പിലെ മെത്രാന്‍മാര്‍ ഈജിപ്തിലെ ക്രൈസ്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു


14 ഒക്ടോബര്‍ 2011, ഹംഗറി
ക്രൈസ്തവര്‍ക്കെതിരേ ആക്രമണങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ അവര്‍ക്കു സംരക്ഷണം നല്‍കാന്‍ യൂറോപ്പ്യന്‍ സര്‍ക്കാരുകള്‍ നടപടികളെടുക്കണമെന്ന് യൂറോപ്പിലെ മെത്രാന്‍മാരുടെ സംയുക്ത സമിതി അഭ്യര്‍ത്ഥിച്ചു. ഈജിപ്തില്‍ സുരക്ഷാ സൈന്യവും കോപ്ടിക് ക്രൈസ്തവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടു പുറത്തിറക്കിയ സന്ദേശത്തിലാണ് സംയുക്ത സമിതി ഈയഭ്യര്‍ത്ഥന നടത്തിയത്. സുവിശേഷകനായ വിശുദ്ധ ലൂക്കായുടെ കാലം മുതലേ ഈജിപ്തില്‍ കോപ്ടിക്ക് ക്രൈസ്തവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. മറ്റു പൗരന്‍മാരെപ്പോലെ സ്വാതന്ത്ര്യവും നീതിയും സത്യവും സ്നേഹവുമുള്ള സമൂഹത്തിന്‍റെ നിര്‍മ്മിതിക്കായി അവരും പ്രയത്നിക്കുന്നുവെന്നും സമിതി പ്രസ്താവിച്ചു. യൂറോപ്പിലെ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടെ അദ്ധ്യക്ഷനും ഹംഗറിയിലെ ബുഡപെസ്റ്റ് അതിരൂപതാധ്യക്ഷനുമായ കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോയാണ് സന്ദേശം പുറത്തിറക്കിയത്.









All the contents on this site are copyrighted ©.