2011-10-14 18:01:15

മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ച്ചാ പ്രഭാഷണത്തിന്‍റെ സംഗ്രഹം


സങ്കീര്‍ത്തനം 126 : തിരിച്ചുവരുന്ന പ്രവാസികളുടെ ഗീതം

കര്‍ത്താവ് തന്‍റെ ജനതയ്ക്കായി പ്രവര്‍ത്തിച്ചതും, എല്ലാ വിശ്വാസികള്‍ക്കുമായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ വന്‍കാര്യങ്ങളെക്കുറിച്ചാണ് 126 ാം സങ്കീര്‍ത്തനത്തില്‍ പ്രകീര്‍ത്തിച്ചിരിക്കുന്നത്. ഇസ്രായേല്‍ ജനതയുടെ നാമത്തിലാണ് സങ്കീര്‍ത്തകന്‍ തന്‍റെ പ്രാര്‍ത്ഥന ആരംഭിക്കുന്നത്. രക്ഷയുടെ ശ്രേഷ്ഠമായ അനുഭവം സങ്കീര്‍ത്തകന്‍ അനുസ്മരിക്കുന്നു.

കര്‍ത്താവ് പ്രവാസികളെ സീയോനില്‍ നിന്ന് തിരികെ കൊണ്ടുവന്നപ്പോള്‍ അത് ഒരു സ്വപ്നമായിത്തോന്നി. അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. ഞങ്ങളുടെ നാവ് ആനന്ദാരവം മുഴക്കി. കര്‍ത്താവ് അവരുടെ ഇടയില്‍ വന്‍ കാര്യങ്ങള്‍ ചെയ്തു എന്ന് ജനതകളുടെ ഇടയില്‍ പ്രഘോഷിക്കപ്പെട്ടു. കര്‍ത്താവ് ഞങ്ങളുടെ ഇടയില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. ഞങ്ങള്‍ സന്തോഷിക്കുന്നു” (സങ്കീ. 126: 1-3).
ആനന്ദത്തിന്‍റേയും കൃതജ്ഞതയുടേയും ഈ അരൂപിയും ചൈതന്യവും നമ്മുടെ പ്രാര്‍ത്ഥനകളേയും മുദ്രിതമാക്കണം. കയ്പ്പേറിയ ജീവിതാനുഭവങ്ങളില്‍ പോലും ദൈവീക കരുണ നാം ദര്‍ശിക്കുമ്പോഴാണ് അതു സാധ്യമാകുന്നത്.

ഇസ്രായേലിന്‍റെ രക്ഷാകര സഹായം തുടരണമെന്ന് സങ്കീര്‍ത്തകന്‍ ദൈവത്തോടപേക്ഷിക്കുന്നു. “കണ്ണീരോടെ വിതയ്ക്കുന്നവന്‍ ആനന്ദഘോഷത്തോടെ കൊയ്യട്ടെ” (സങ്കീ. 126: 5) എന്ന് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നു. നിശബ്ദതതയില്‍ പക്വത പ്രാപിക്കുന്ന വിത്തിന്‍റെ ഈ പ്രതീകം ദൈവിക രക്ഷയെ അനുസ്മരിപ്പിക്കുന്നു. നാം സ്വീകരിച്ചുകഴിഞ്ഞ ആ രക്ഷ നമ്മുടെ പ്രത്യാശയുടെ കാരണവും ഭാവിയില്‍ നിറവേറ്റപ്പെടുന്ന വാഗ്ദാനവുമാണ്.

യേശുവും ഇതേ പ്രതീകം സുവിശേഷത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മണ്ണില്‍വീണ് അഴിയുന്ന ഗോതമ്പുമണിയെക്കുറിച്ചു യോഹന്നാന്‍റെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം ഇരുപത്തിയഞ്ചാം വാക്യത്തില്‍ പരാമര്‍ശിക്കുന്നു. മരണത്തില്‍ നിന്നും ജീവിതത്തിലേക്കും അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്കുമുള്ള കടന്നുപോകല്‍ ക്രിസ്തുവിന്‍റെ പീഢാനുഭവ രഹസ്യങ്ങളില്‍ പങ്കുചേകുന്ന വിശ്വാസികളുടെ ജീവിതത്തില്‍ സംഭവിക്കുമെന്ന് ക്രിസ്തു വെളിപ്പെടുത്തുകയാണ്. നാം ഈ സങ്കീര്‍ത്തനത്തെക്കുറിച്ചു ധ്യാനിക്കുമ്പോള്‍ “ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തു തന്നു” (ലൂക്കാ 1:49) എന്ന മറിയത്തിന്‍റെ സ്തോത്രഗീതം നമ്മുടെ ഹൃദയത്തില്‍ പ്രതിധ്വനിക്കട്ടെ. ദൈവിക വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണത്തിനായി നമുക്കും പ്രത്യാശയോടെ കാത്തിരിക്കാം.
.







All the contents on this site are copyrighted ©.