2011-10-14 18:04:41

പാപ്പായുടെ വാക്കുകള്‍ പ്രത്യാശയുടെ വാക്കുകള്‍


14 ഒക്ടോബര്‍ 2011, കയ്റോ

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സാന്ത്വനസന്ദേശം ഈജിപ്തിലെ ക്രൈസ്തവര്‍ക്ക് പ്രത്യാശ പകരുന്നുവെന്ന് ഫാദര്‍ നാബില്‍ ഫയെസ്. ഈജിപ്തില്‍ സുരക്ഷാ സൈന്യവും കോപ്ടിക് ക്രൈസ്തവരും തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് മാര്‍പാപ്പ ബുധനാഴ്ചയിലെ പൊതുകൂടിക്കാഴ്ച്ചാ വേളയില്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പൊന്തിഫിക്കല്‍ പ്രേഷിത സംഘങ്ങളുടെ ദേശീയാധ്യക്ഷന്‍ ഫാദര്‍ ഫയെസ്. ബുധനാഴ്ച മാര്‍പാപ്പ നല്‍കിയ സന്ദേശം പ്രേഷിത ഞായറാഴ്ച രാജ്യത്തെ എല്ലാ ദേവാലയങ്ങളിലും വായിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിനിരകളായവര്‍ക്കുവേണ്ടി രാജ്യവ്യാപകമായി പ്രാര്‍ത്ഥനായോഗങ്ങള്‍ നടക്കുന്നുണ്ടെന്നും ഫാദര്‍ ഫയെസ് അറിയിച്ചു.

സംഘര്‍ഷാവസ്ഥയെക്കുറിച്ചു പൊതുകൂടിക്കാഴ്ച്ചാ പ്രഭാഷണത്തില്‍ പരാമര്‍ശിച്ച മാര്‍പാപ്പ അന്നാട്ടില്‍ നീതിയിലും മനുഷ്യാന്തസിനോടുള്ള ആദരവിലും അധിഷ്ഠിതമായ സമാധാനം എല്ലാവരും അനുഭവിച്ചറിയാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ലോകജനതയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
പരിവര്‍ത്തനത്തിന്‍റെ ഈ ഘട്ടത്തില്‍ സമാധാനപൂര്‍വ്വം ഒരുമിച്ചു ജീവിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഉത്ബോധിപ്പിച്ച പാപ്പ എല്ലാവരുടേയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു അഖണ്ഡ രാഷ്ട്രത്തിനു രൂപം നല്‍കാന്‍ അന്നാട്ടിലെ മത - പൗരാധികാരികള്‍ നടത്തുന്ന പ്രയത്നങ്ങള്‍ക്ക് തന്‍റെ പിന്തുണ്ണയും ഉറപ്പു നല്‍കി.









All the contents on this site are copyrighted ©.