2011-10-12 18:49:43

നവസുവിശേഷവത്ക്കരണം
പ്രഥമ സമ്മേളനം പാപ്പായ്ക്കൊപ്പം


12 ഒക്‍ടോബര്‍ 2011, വത്തിക്കാന്‍
നവസുവിശേഷവത്ക്കരണ പദ്ധതിയുടെ അന്തര്‍ദേശീയ സമ്മേളനം വത്തിക്കാനില്‍,
മാര്‍പാപ്പ പങ്കെടുക്കും. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍
ഒക്ടോബര്‍ 15, 16 - ശനി ഞായര്‍ തിയതികളില്‍ വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന പ്രഥമ ആഗോളതല സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടായിരിക്കും സഭയുടെ വിശ്വാസ നവീകരണപദ്ധതിക്ക് മാര്‍പാപ്പ തുടക്കം കുറിക്കുന്നത്.
“കര്‍ത്താവിന്‍റെ വചനം വിപുലമായി പ്രചിരിക്കുകയും അതിന്‍റെ ശക്തി വെളിപ്പെടുകയും ചെയ്തു” എന്ന അപ്പസ്തോല നടപടി പുസ്തകത്തിലെ വചനം (അപ്പ. 19, 20) പഠനവിഷയമാക്കിക്കൊണ്ടാണ് നവസുവിശേഷവത്ക്കരണത്തിന്‍റെ ആഗോള പ്രതിനിധി സംഗമം വത്തിക്കാനില്‍ അരങ്ങേറുന്നത്.
. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് സാല്‍വത്തോര്‍ ഫിസിക്കേല്ലാ ശനിയാഴ്ച രാവിലെ ഉദ്ഘാടനംചെയ്യുന്ന സമ്മേളനത്തിന്‍റെ രണ്ടാം ദിവസം, ഞായറാഴ്ച രാവിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ മാര്‍പാപ്പ ദിവ്യബലിയര്‍പ്പിക്കുകയും വചനം പങ്കുവയ്ക്കുകയും ചെയ്യും.
ഞായറാഴ്ച വൈകുന്നേരത്തെ സമാപന സമ്മേളനത്തിലും മാര്‍പാപ്പ പങ്കെടുത്ത് സന്ദേശംനല്കും.
10,000-ത്തോളം പേര്‍ക്ക് സമ്മേളിക്കാവുന്ന വത്തിക്കാനിലെ വിശാലമായ പോള്‍ ആറാമന്‍ ശാലയാണ് സമ്മേളനവേദി. ആഗോളതലത്തില്‍ സുവിശേഷവത്ക്കരണ ജോലിയില്‍ വ്യാപൃതരായിരിക്കുന്ന 6000-ല്‍‍പ്പരം കത്തോലിക്കാ നേതാക്കള്‍ വത്തിക്കാനില്‍ സമ്മേളിക്കുമെന്ന്, ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.