2011-10-11 17:38:50

സൗദി അറേബ്യയിലെ പരസ്യ വധശിക്ഷയ്ക്കെതിരേ മെത്രാന്‍റെ രൂക്ഷവിമര്‍ശനം


11 ഒക്ടോബര്‍ 2011, ബംഗ്ലാദേശ്

സൗദി അറേബ്യയില്‍ എട്ട് ബംഗ്ലാദേശി സ്വദേശികള്‍ വധശിക്ഷയ്ക്കിരകളായ സംഭവത്തെ ബിഷപ്പ് ജെര്‍വാസ് റോസാരിയോ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരത്തിലുള്ള കിരാതനടപടികള്‍ ആധുനീക ലോകത്ത് അരങ്ങേറുന്നത് സംസ്ക്കാരമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ലെന്ന് ബംഗ്ലാദേശിലെ മെത്രാന്‍മാരുടെ സമിതിയുടെ നീതി സമാധാനകാര്യങ്ങള്‍ക്കുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് റോസാരിയോ പ്രസ്താവിച്ചു. സൗദി അറേബ്യയില്‍ അരങ്ങേറിയത്‍ അടിസ്ഥാന മനുഷ്യാവാകാശത്തിന്‍റേയും മനുഷ്യാന്തസിന്‍റേയും ലംഘനമാണെന്ന് ബിഷപ്പ് പറഞ്ഞു. നാലു വര്‍ഷം മുന്‍പ് ഒരു ഈജിപ്ഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി മോഷണശ്രമം നടത്തി എന്ന കുറ്റത്തിന് അറസ്റ്റിലായ എട്ട് ബംഗ്ലാദേശികളെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരസ്യമായി ശിരച്ഛേദം ചെയ്തത്. ഇവരുടെ വധശിക്ഷയ്ക്കെതിരേ നിരവധി ദേശീയ അന്തര്‍ദേശീയ പ്രസ്ഥാനങ്ങളും ശബ്ദമുയര്‍ത്തിയിരുന്നു.








All the contents on this site are copyrighted ©.