2011-10-11 17:41:22

ഈജിപ്തില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു


11 ഒക്ടോബര്‍ 2011, കയ്റോ

ഈജിപ്തിന്‍റെ തലസ്ഥാന നഗരമായ കയ്റോയില്‍ കോപ്ടിക് ക്രൈസ്തവരും സുരക്ഷാ സൈന്യവും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഇരുപത്തിനാലുപേര്‍ കൊല്ലപ്പെടുകയും 212പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ദക്ഷിണ ഈജിപ്തിലെ അസ്വാന്‍ പട്ടണത്തിലെ ക്രൈസ്തവ ദേവാലയം അഗ്നിക്കിരയാക്കിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോപ്ടിക് ക്രൈസ്തവര്‍ ഒന്‍പതാം തിയതി ഞായറാഴ്ച കയ്റോയില്‍ നടത്തിയ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷം തഹ്രീര്‍ ചത്വരത്തിലേക്കും വ്യാപിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. എങ്കിലും തിങ്കളാഴ്ചയും സംഘര്‍ഷാവസ്ഥ തുടര്‍ന്നു.

സംഭവസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി എസാം ഷരഫ് ഇപ്രകാരമുള്ള ആക്രമണങ്ങള്‍ ഈജിപ്തില്‍ ജനാധിപത്യസ്ഥാപനത്തിനു തടസമാണെന്ന് അഭിപ്രായപ്പെട്ടു. ക്രൈസ്തവരും മുസ്ലീമുകളും തമ്മിലും പൊതുജനവും സൈന്യവും തമ്മിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണ്. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി എല്ലാവരും ഒരുമയില്‍ പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.