2011-10-08 18:09:01

സുവിശേഷ പരിചിന്തനം - 9 ഒക്ടോബര്‍ 2011
ലത്തീന്‍ റീത്ത്


മത്തായി 22, 1-14 ആണ്ടുവട്ടം 28-ാം ഞായര്‍
വിവാഹ വിരുന്നിന്‍റെ ഉപമയാണ് ഇന്നത്തെ വിചന്തനത്തിന് വിഷമയമാകുന്നത്. പഴയ നിയമത്തിലും പുതിയ നിയമത്തിലും വിരുന്ന് ഒരുപോലെ വിഷയീഭവിക്കുന്നുണ്ട്.

ഏശയ്യാ പ്രവാചകന്‍ 25, 6-10
കര്‍ത്താവ് അവിടുത്തെ മലയില്‍ തന്‍റെ ജനത്തിനായി വരുന്നൊരുക്കും, സമൃദ്ധമായ വിരുന്നൊരുക്കും..
ഫിലിപ്പിയര്‍ 4, 12-14, 19-20
സമൃദ്ധിയിലെന്നപോലെ ദാരിദ്ര്യത്തിലും ജീവിക്കാന്‍ എനിക്കറിയാം.
എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സമൃദ്ധമയി നല്കും. നമ്മുടെ പിതാവായ ദൈവത്തിന് എന്നും എന്നേയ്ക്കും മഹത്വം ഉണ്ടായിരിക്കട്ടെ.

വിരുന്നു നല്കുന്നതും സ്വീകരിക്കുന്നതും എന്നും എവിടെയും ആഹ്ളാദത്തിന്‍റെയും അംഗീകാരത്തിന്‍റെയും സൗഹൃദത്തിന്‍റെയും പ്രകടനമാണ്. രാഷ്ട്രീയവും മതപരവും സാമൂഹികവുമായ മേഖലകളിലൊക്കെ വിരുന്നു സല്‍ക്കാരങ്ങള്‍ക്കു വളരെ പ്രാധാന്യമുണ്ട്. യേശുവിന്‍റെ കാലത്തും വിരുന്നു സല്‍ക്കാരങ്ങള്‍ പതിവു ദൃശ്യമായിരുന്നു. വിശിഷ്ടാതിഥിയായി ക്രിസ്തു പല വിരുന്നുകളിലും പങ്കെടുക്കുന്നത് നാം സുവിശേഷത്തില്‍ വായിക്കുന്നുണ്ട്.
ഒരു ഫരീസേയ പ്രമാണിയുടെ വീട്ടില്‍ വിരുന്നില്‍ പങ്കെടുത്ത യേശു
ആ അവസരം മുതലെടുത്തുകൊണ്ടാണ് മഹത്തായൊരു സന്ദേശം വിവാഹ വിരുന്നിന്‍റെ ഉപമയിലൂടെ നമുക്കു നല്കുന്നത്.

മദ്ധ്യപൂര്‍വ്വദേശത്തെ ആചാരമര്യാദകളനുസരിച്ച് ഒരു വിരുന്നിന് വിശിഷ്ടാതിഥികളെ രണ്ടു പ്രാവശ്യം ക്ഷണിക്കണം. ആദ്യത്തേത് ഒരു ഔപചാരിക ക്ഷണമാണ്. ഔപചാരിക ക്ഷണം സ്വീകരിക്കുന്നവര്‍ വിരുന്നിനു വരാന്‍ കടപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ ക്ഷണം വിരുന്നു തയ്യാറായിക്കഴിഞ്ഞു എന്നറിയിക്കുന്നതിനു മാത്രമുള്ളതാണ്. രണ്ടാമത്തെ അറിയിപ്പ് നിരസിച്ച് വിരുന്നില്‍ പങ്കെടുക്കാതിരിക്കുന്നവര്‍ ആതിഥേയനെ അവഹേളിക്കുന്നുവെന്നു മാത്രമല്ല, അത് വലിയ വഞ്ചനയുമാണ്. കാരണം, ക്ഷണിക്കപ്പെട്ടവരുടെ എണ്ണത്തിനും നിലവാരത്തിനുമനുസരിച്ചു തയ്യാറാക്കിയ ഭക്ഷണം പാഴായിപ്പോകുന്നു. മാത്രമല്ല, വിരുന്ന് അലങ്കോലപ്പെടുമ്പോള്‍ ആതിഥേയന്‍ സമൂഹത്തില്‍ അപമാനിതനാകുകയും ചെയ്യുന്നു.

ഉപമയില്‍ മൂന്നുപേരാണ് ഒഴിവുകഴിവുകള്‍ പറഞ്ഞ് വിരുന്നു നിരസിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മൂന്ന് ഒഴിവു കഴുവുകളും ആതിഥേയനെ മനഃപൂര്‍വ്വം അവഹേളിക്കുന്നവയാണെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും.

1. ഒന്നമത്തെ ആള്‍ക്ക്, വിരുന്നിനുള്ള വിളിവന്നപ്പോള്‍ കാളകളെ പൂട്ടി പരീക്ഷിച്ചു നോക്കാന്‍ പോകണമെന്നാണ് പറഞ്ഞത്. ആതിഥേയന്‍റെ സൗഹൃദത്തെക്കാള്‍ അയാള്‍ക്കു വലുത് തന്‍റെ കാളകളാണെന്നല്ലേ അര്‍ത്ഥമാക്കേണ്ടത്.

2. രണ്ടാമത്തെ വ്യക്തി, പോയിക്കാണാതെ വയല്‍ വാങ്ങിയെന്നു
പറയുന്നു. അഞ്ചു ജോഡി കാളകളെ പരീക്ഷിച്ചു നോക്കാതെ വാങ്ങിയെന്നു പറയുന്നതും ആദ്യത്തെ വ്യക്തിയെപ്പോലെ, കള്ളം പറഞ്ഞുകൊണ്ടുള്ള പരിഹസമാണ് രണ്ടാമത്തെ വ്യക്തിയും കാണിക്കുന്നത്.

ആദ്യത്തെ രണ്ടുപേര്‍ ക്ഷമായാചനയെങ്കിലും നടത്തുന്നുണ്ട്.
3. എന്നാല്‍ മൂന്നാമത്തെ മനുഷ്യന്‍ തികച്ചും വിചിത്രമായൊരു മറുപടിയായണ് നല്കുന്നത്. അയാള്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുന്നതിനാല്‍ വിരുന്നിന് വരാന്‍ നിവൃത്തിയില്ലത്രെ.
സാധാരണഗതിയില്‍ നവദമ്പതികള്‍ ഒരു വിവാഹവിരുന്നിന്‍റെ അവസരം ലഭിച്ചാല്‍ എല്ലാവരുമായി പരിചയപ്പെടുന്നതിനും തങ്ങളുടെ ജീവിതത്തിന്‍റെ സൗഭാഗ്യവും സന്തോഷവും പങ്കുവയ്ക്കുന്നതിനും അത് ഉപയോഗപ്പെടുത്തും.
പക്ഷേ ഈ മനുഷ്യന്‍ അങ്ങനെ ഒരു അവസരം നിഷേധിക്കുകയാണ്.

ക്ഷണിക്കപ്പെട്ടവരാല്‍ ഇത്രയേറെ അപമാനിക്കപ്പെട്ട ആതിഥേയന് കോപം വന്നതു സ്വാഭാവികമാണ്. എന്നാല്‍ അദ്ദേഹം വിരുന്നു വേണ്ടെന്ന് വയ്ക്കുന്നില്ല. കൂടുതല്‍ ആവേശത്തോടെ ആ വിരുന്ന് സകലര്‍ക്കുമായി തുറന്നിടുകയാണ് ചെയ്യുന്നത്.

അങ്ങനെ ആദ്യം വിളിക്കപ്പെട്ട, സ്വയം വലിയവരെന്നും പ്രമാണികളെന്നും നടിച്ചവര്‍ വിരുന്ന് അവഗണിച്ചപ്പോള്‍, സമൂഹത്തിലെ വലിയവര്‍ വെറുക്കുകയും പുറംതള്ളപ്പെട്ടവരായി കണക്കാക്കുകയും ചെയ്യുന്ന ദരിദ്രരും വികലാംഗരും മുടന്തരും കുരുടരുമെല്ലാം വിരുന്നിന് ക്ഷണിക്കപ്പെടുന്നു. ഈ പാവങ്ങളെയെല്ലാം നിര്‍ബന്ധിച്ചു വിരുന്നിനു കൊണ്ടുവരാനാണ് ആതിഥേയന്‍ തന്‍റെ സേവകരോട് ആവശ്യപ്പെട്ടത്. കാരണം, ഒരു രാജകീയ വിരുന്നില്‍ പങ്കെടുക്കുവാന്‍ പാവങ്ങളായ തങ്ങള്‍ അര്‍ഹരല്ലെന്ന വിചാരംകൊണ്ട് അവര്‍ വരാന്‍ മടി കാണിച്ചേക്കാം.

ഈ വരുന്നില്‍ ക്രിസ്തുവിന്‍റെ നവമായ ദൈവരാജ്യത്തിന്‍റെ മാനദണ്ഡം മാനിക്കപ്പെടുന്നതായി നമുക്കു കാണാം. എങ്ങനെയുള്ളവരെ ഒരു വരുന്നിനു ക്ഷണിക്കണമെന്ന് ക്രിസ്തു ഫരീസേയ പ്രമാണിമാരോട് ആവശ്യപ്പെടുന്നുണ്ട്. നിങ്ങള്‍ വിരുന്നു നടത്തുമ്പോള്‍ പാവങ്ങളും പുറം തള്ളപ്പെട്ടവരുമായവരെ, സമൂഹം വെറുക്കുന്നവരെ ക്ഷണിക്കുവിന്‍ എന്നാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. അത്തരത്തിലുള്ളവരാണ് ഉപമിയിലെ രാജകീയ വിരുന്നിന് ക്ഷണിക്കപ്പെടുന്നത്. അങ്ങനെ നാം കണ്ട ഉപമയിലെ മഹാവിരുന്ന് ആതിഥേയന്‍റെ കാരുണ്യവും പങ്കെടുത്ത പാവങ്ങളുടെ സംതൃപ്തിയും ഒത്തുചേരുന്ന് ആനന്ദത്തിന്‍റെ അനര്‍ഘ നിമിഷങ്ങളായി മാറുന്നു.

ക്രിസ്തു പറഞ്ഞ ഉപമയുടെ ഉദ്ദേശ്യം പരിശോധിക്കുമ്പോള്‍,
ദൈവരരാജ്യത്തില്‍ അപ്പം ഭക്ഷിക്കുന്നവന്‍ ഭാഗ്യവാന്‍, എന്ന ഉദ്ഘോഷണത്തിനു മറുപടിയായിട്ടാണ് യേശു മഹാവിരുന്നിന്‍റെ ഉപമ പറയുന്നത്. മിശിഹായുടെ വരവോടുകൂടി സംസ്ഥാപിതമാകുന്ന ദൈവരാജ്യത്തില്‍ അവിടുന്നു നല്കുന്ന രക്ഷയെ ഒരു ‘മെസിയാനിക ബാങ്ക്വറ്റായി’ മിശിഹായുടെ വരുന്നായി യഹൂദന്മാര്‍ സങ്കല്പിച്ചിരുന്നു. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഈ ആശയം ആവര്‍ത്തിച്ചു കാണാവുന്നതാണ്.

മത്തായിയുടെ സുവിശേഷത്തില്‍ യേശു തന്‍റെ പ്രസംഗം ആരംഭിക്കുന്നതുതന്നെ സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു, എന്ന പ്രഖ്യാപനമത്തോടെയാണ്. അതായത് യേശുവിന്‍റെ വരവോടെ രക്ഷയുടെ സ്വര്‍ഗ്ഗീയ വിരുന്നൊരുക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, വിരുന്നിന്‍റെ ഉപമയില്‍ സംഭവിച്ചതുപോലെ, രക്ഷയ്ക്കു പാത്രമാകുവാനും, രക്ഷ പകര്‍ന്നു നല്കുവാനുമുള്ളവരുമായി ദൈവം തെരഞ്ഞെടുത്തൊരുക്കിയ ഇസ്രായേല്‍ ജനം രക്ഷകനെ തള്ളിപ്പറയുന്നു. അവര്‍ക്കതിനു നിരവധി ന്യായങ്ങളും ഒഴിവുകഴിവുകളും ഉണ്ടുതാനും. ദൈവപുത്രനെയും അവിടുത്തെ വചനത്തിന്‍റെ നിത്യമായ വിരുന്നിനെയും ദൈവജനംതന്നെ പരിഹസിച്ചു തളളുന്നു.
ഇവന്‍ ആ തച്ചന്‍റെ മകനല്ലേ.
ഇവന്‍ പാപികളോടുകൂടി ഭക്ഷണം കഴിക്കുന്നു. മത്തായി 13, 55.

ഇവന്‍ സാബത്താചരിക്കുന്നില്ല.
ദൈവദൂഷണം പറയുന്നു, മത്തായി 26, 65.

എന്നാല്‍ കരുണാനിധിയായ ദൈവത്തിന്‍റെ ദയാവായ്പ്, തിരഞ്ഞെടുക്കപ്പെട്ടവരാല്‍ അവഗണിക്കപ്പെട്ടിരുന്ന പതിതരെയും പാവങ്ങളെയും പുറംജാതികളെയും നിത്യരക്ഷയുടെ സ്വര്‍ഗ്ഗീയ വിരുന്നിലേയ്ക്ക് ക്ഷണിക്കുന്നു. അതുതന്നെയാണ് ഏശയ്യാ പ്രവാചകന്‍ ഇന്നത്തെ ആദ്യവായനയില്‍ പറയുന്നത്, സര്‍വ്വജനതകളില്‍നിന്നും സൈന്യങ്ങളുടെ കര്‍ത്താവിനാല്‍ വിരുന്നിനു വിളിക്കപ്പെടുന്നവര്‍
യഹൂദ ജനത്തിലെതന്നെ പാപികളും രോഗികളും പീഡിതരുമായ അധസ്ഥിത വര്‍ഗ്ഗമാണ്. പ്രവാചകന്‍ പറയുന്ന പെരുവഴികളിലും ഊടുവഴികളിലും നിന്നുമുള്ളവര്‍ വിജാതീയരുടെ പ്രതീകങ്ങളാണ്.

മനുഷ്യന്‍റെ ഹൃദയ കാഠിന്യത്തിനു മുമ്പിലും കവിഞ്ഞൊഴുകുന്ന ദൈവത്തിന്‍റെ കാരുണാര്‍ദ്ര സ്നേഹം വ്യക്തമാക്കുകയാണ് ക്രിസ്തു പറഞ്ഞു തരുന്ന മഹാവിരുന്നിന്‍റെ ഉപമ.

മേലാളന്മാര്‍ ഒരിക്കലും താഴേക്കിടയില്‍ ഉള്ളവരോടൊത്ത് വിരുന്നു-മേശ പങ്കുവയ്ക്കാത്ത സമൂഹ്യചുറ്റുപാടില്‍, ക്രിസ്തു ചുങ്കക്കാര്‍ക്കും പാപികള്‍ക്കും തന്‍റെ ഊട്ടുമേശയില്‍ ഇടംനല്കുന്നു. കലവറയില്ലാത്ത ദൈവസ്നേഹത്തിന്‍റെ കവിഞ്ഞൊഴുക്കാണ് ക്രിസ്തു പ്രകടമാക്കുന്നത്.

വിവാഹവിരുന്നിന്‍റെ ഉപമയില്‍ വിളിക്കപ്പെട്ടവര്‍ കുറെപ്പേര്‍ ക്ഷണം നിഷേധിച്ചിട്ടുപോലും ‘ഒരുക്കപ്പെട്ട വിരുന്ന്’ പാഴായിപ്പോയില്ലെന്ന് നമുക്കു കാണാം. ഇതുപോലെതന്നെയാണ് ദൈവദാനമായ രക്ഷയുടെകാര്യത്തിലും സംഭവിക്കുന്നതും. വിശുദ്ധഗ്രന്ഥവും രക്ഷാകരചരിത്രവും ഇതു വ്യക്തമാക്കുന്നുണ്ട്. വഞ്ചിക്കാത്തവനാണ് ദൈവം. അതുപോലെ അവിടുന്ന് വഞ്ചിക്കപ്പെടുകയുമില്ല. ഇസ്രായേല്‍ജനം രക്ഷകനെ നിരസിച്ചപ്പോള്‍, അവിടുത്തെ സ്വീരിക്കാന്‍ പുതിയൊ ഇസ്രായേലുണ്ടായി എന്നത് ചരിത്ര സത്യമാണ്. അവഹേളിക്കുന്നവരെ അവഗണിച്ചുകൊണ്ട് രക്ഷാകര ചരിത്രം അതിന്‍റെ പൂര്‍ണ്ണതയിലേയ്ക്കുള്ള പ്രയാണംചെയ്യുന്നു. യേശു വിളിച്ച് തന്‍റെ സ്വന്തമാക്കി മൂന്നുവര്‍ഷം കൂടെ നടത്തിയ യൂദാസ്, തനിക്കു ലഭിച്ച രക്ഷയുടെ വിളി തള്ളിക്കളഞ്ഞപ്പോള്‍, മറ്റൊരിടത്ത് മരണത്തിന്‍റെ അവസാന നിമിഷങ്ങളില്‍ യേശുവിനോട് രക്ഷ യാചിക്കുന്ന നല്ല കള്ളന് ക്രിസ്തു സ്നേഹപൂര്‍വ്വം രക്ഷ വാഗ്ദാനംചെയ്യുന്ന ഹൃദയാവര്‍ജ്ജകമായ രംഗവും നാം സുവിശേഷത്തില്‍ വായിക്കുന്നു.
ദൈവം കാരുണ്യവാനാണ്. അവിടുന്നു സമൃദ്ധമായി തുറന്നിടുന്ന രക്ഷയുടെയും നന്മയുടെയും വിരുന്നു വിരസിക്കാതെ ജീവിക്കാം. ജീവിതത്തിന്‍റെ പ്രതിസന്ധികളിലും നമ്മെ കൈവെടിയാതെ നയിക്കുന്ന അവിടത്തെ അനന്തമായ പരിപാലനയെ എന്നും അംഗീകരിച്ചു ഏറ്റുപറഞ്ഞും അനുദിനം മുന്നോട്ടു ചരിക്കാം.








All the contents on this site are copyrighted ©.