2011-10-07 17:36:35

സ്റ്റീവ് ജോബ്സ് സാങ്കേതികവിദ്യ സാധാരണജീവിതത്തിന്‍റെ ഭാഗമാക്കി – ഫാ.സ്പാര്‍ദോ


07 ഒക്ടോബര്‍ 2011, റോം
വത്തിക്കാന്‍ റേഡിയോ സ്ഥാപിച്ച പതിനൊന്നാം പീയൂസ് മാര്‍പാപ്പയെപ്പോലെ സംമ്പര്‍ക്കമാധ്യമങ്ങളുടെ അമൂല്യ സാധ്യതകള്‍ തിരിച്ചറിഞ്ഞ വ്യക്തിയാണ് പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാണ കമ്പനി ആപ്പിളിന്‍റെ മുന്‍മേധാവി സ്റ്റീവ് ജോബ്സ് എന്ന് ഫാദര്‍ അന്തോണിയോ സ്പാര്‍ദോ. പാന്‍ക്രിയാസ് ഗ്രന്ഥിയിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചാം തിയതി മരണമടഞ്ഞ സ്റ്റീവ് ജോബ്സിന്‍റെ ക്രിയാത്മകസംഭാവനകളെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പരാമര്‍ശിക്കുകയായിരുന്നു ഫാദര്‍ സ്പാര്‍ദോ. സംമ്പര്‍ക്കമാധ്യമങ്ങള്‍ സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ വികസിപ്പിച്ചെടുത്ത ജോബ്സ് ജീവിതത്തെ പുതിയ രീതികളിലൂടെ ദര്‍ശിക്കാന്‍ ലോകജനതയെ പഠിപ്പിച്ചു. മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് ജീവിതത്തില്‍ സുപ്രധാനമായ തീരുമാനങ്ങളെടുക്കാന്‍ തനിക്കു സാധിച്ചുവെന്ന് ജോബ്സ് ഒരിക്കല്‍ പറഞ്ഞത് മനുഷ്യജീവിതത്തിന്‍റെ നശ്വരത മനസിലാക്കിക്കൊണ്ട് ജീവിക്കാന്‍ ഏവര്‍ക്കും പ്രചോദനമേകുന്നുവെന്നും ഈശോസഭയുടെ ‘ചിവില്‍ത്ത കത്തോലിക്കാ’ (കത്തോലിക്കാ സാംസ്ക്കാരീകത) മാസികയുടെ മേധാവി ഫാദര്‍ സ്പാര്‍ദോ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.