2011-10-06 20:29:02

കാശ്മീരി ബൈബിള്‍
പ്രകാശനംചെയ്തു


6 ഒക്ടോബര്‍ 2011, ജമ്മു
കാശ്മീരി ബൈബിള്‍ ബൈബിള്‍ ഭാരതത്തിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ പ്രകാശനംചെയ്തു.
ഒക്ടോബര്‍ 2-ാം തിയതി ഞായറാഴ്ച ജമ്മുവിലെ സെന്‍റ് പീറ്റര്‍ സ്കൂളില്‍ നടത്തിയ പ്രത്യേക സമ്മേളനത്തിലാണ് ഭാരതത്തിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് സാല്‍വത്തോര്‍ പെന്നാക്കിയോ കാശ്മീരി ഭാഷയില്‍ ആദ്യമായി രചിക്കപ്പെട്ട സമ്പൂര്‍ണ്ണ ബൈബിള്‍ പ്രകാശനംചെയ്തത്.
കാശ്മീര്‍ രൂപതയുടെ രജതജൂബിലി ആഘോഷിക്കുന്ന ശുഭമുഹൂര്‍ത്തത്തില്‍
വിശുദ്ധ ഗ്രന്ഥത്തിന്‍റെ പ്രാദേശിക ഭാഷയിലുള്ള സമ്പൂര്‍ണ്ണ പരിഭാഷ പ്രകാശനം ചെയ്യുന്നതില്‍ അതിയായി സന്തോഷിക്കുന്നുവെന്നും, തനിമായാര്‍ന്ന കാശ്മീരി സംസ്കാരത്തില്‍ ഇനിയും വചനത്തിന്‍റെ വെളിച്ചം ചൊരിയപ്പെടട്ടെയെന്നും, ബൈബിളിന്‍റെ ആദ്യ പ്രതി ജമ്മു-ശ്രീനഗര്‍ രൂപതാദ്ധ്യക്ഷന്‍ റവ. ഡോ. പീറ്റര്‍ എലമ്പശ്ശേരിക്കു നല്കിക്കൊണ്ട് ആര്‍ച്ചുബിഷപ്പ് പെന്നാക്കിയോ ആശംസിച്ചു.
കാശ്മീരിലെ പണ്ഡിറ്റ് സമൂഹത്തില്‍നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ജോസഫ് ധാര്‍ ആണ് 16-വര്‍ഷങ്ങളെടുത്ത് സമ്പൂര്‍ണ്ണ ബൈബളിന്‍റെ ആധുനീക കാശ്മീരിയിലുള്ള പരിഭാഷ നിര്‍വ്വഹിച്ചത്. വിശുദ്ധ ഗ്രന്ഥത്തില്‍ താന്‍ കണ്ട ക്രിസ്തുവിന്‍റെ വ്യക്തിത്വമാണ് ഈ നീണ്ട ഉദ്യമത്തിന് തനിക്ക് പ്രേരകശക്തിയായതെന്ന്, പ്രകാശന വേളയില്‍ പരിഭാഷകനും പത്രപ്രവര്‍ത്തകനുമായ ജോസഫ് ധാര്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.