2011-10-04 16:08:54

മാര്‍പാപ്പയുടെ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം02.10.2011


(മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ (വി. മത്തായിയുടെ സുവിശേഷം 21: 33-43) ആസ്പദമാക്കിയാണ് ഒക്ടോബര്‍ രണ്ടാം തിയതി ഞായറാഴ്ച മാര്‍പാപ്പ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം നല്‍കിയത്)

പ്രിയ സഹോദരീ സഹോദരന്‍മാരേ,

ക്രിസ്തു പുരോഹിത പ്രമുഖര്‍ക്കും ജനപ്രമാണികള്‍ക്കും കര്‍ക്കശമായ താക്കീതു നല്‍കുന്ന ഭാഗമാണ് സുവിശേഷത്തില്‍ നാം വായിച്ചത്“ദൈവരാജ്യം നിങ്ങളില്‍ നിന്ന് എടുത്ത് ഫലം പുറപ്പെടുവിപ്പിക്കുന്ന ജനതയ്ക്കു നല്‍കപ്പെടും”. (മത്താ. 21:43) ഒരോ കാലഘട്ടത്തിലും കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തില്‍ വേലയ്ക്കായി വിളിക്കപ്പെട്ടിരിക്കുന്നവരുടെ ഉത്തരവാദിത്വത്തെക്കുറിച്ചാണ് ഈ വാക്കുകള്‍ പരാമര്‍ശിക്കുന്നത്. അധികാരസ്ഥാനത്തിരിക്കുന്നവര്‍ ക്രിസ്തുവിനോടുള്ള വിശ്വസ്തതയില്‍ നവീകരിക്കപ്പെടണമെന്ന ആഹ്വാനമാണ് ക്രിസ്തുവിന്‍റെ ഈ വാക്കുകളില്‍ പ്രകടമാകുന്നത്, പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ലാണ് ക്രിസ്തു. നിയമനിഷേധിയായി അവനെ അവര്‍ കണക്കാക്കി. എല്ലാവരാലും പരിത്യജിക്കപ്പെട്ട് കുരിശില്‍ മരിച്ച ക്രിസ്തു പക്ഷെ മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റു. അങ്ങനെ പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞകല്ലുതന്നെ മൂല്ലക്കല്ലായിത്തീര്‍ന്നു. മാനവകുലത്തിനു മുഴുവന്‍ ആശ്രയിക്കാവുന്ന മൂല്ലക്കല്ലാണ് അവിടുന്ന്. സകലലോകത്തിനും അഭയകേന്ദ്രമായി ക്രിസ്തു നിലകൊള്ളുന്നു. ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് മുന്തിരിത്തോട്ടത്തിലെ അവിശ്വസ്തരായ കൃഷിക്കാരുടെ ഉപമ പ്രതിപാദിക്കുന്നത്.
കൃഷിചെയ്യാനും വിളവെടുക്കാനുമാണ് വീട്ടുടമസ്ഥന്‍ തന്‍റെ മുന്തിരിത്തോട്ടം അവരെ ഏല്‍പ്പിച്ചത്. മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ ദൈവം തന്നെയാണ്. മുന്തിരിത്തോട്ടമാകട്ടെ ദൈവജനവും അവിടുന്നു നമുക്കു നല്‍കിയിരിക്കുന്ന ജീവിതവുമാണ്. ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ട് കഠിനാധ്വാനത്തിലൂടെ അവിടുത്തെ ദാനമായ ജീവിതം ഫലദായകമാക്കാന്‍ വിളിക്കപ്പെട്ടവരാണ് നമ്മളേവരും.
നമ്മെ നന്മയില്‍ വളര്‍ത്താന്‍ ഒരു കൃഷിക്കാരനെപ്പോലെ ദൈവം നമ്മില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വിശുദ്ധ അഗസ്റ്റിന്‍ ഒരിക്കല്‍ പറയുകയുണ്ടായി. തന്‍റെ സുഹൃത്തുക്കള്‍ക്കുവേണ്ടി ദൈവത്തിന് നല്ലൊരു പദ്ധതിയുണ്ട് പക്ഷേ പലപ്പോഴും വിശ്വസ്തതയോടെയല്ല ദൈവീകപദ്ധതിയോട് മനുഷ്യന്‍ പ്രതികരിക്കുന്നത്. ചിലപ്പോഴെങ്കിലും അത് അവിടുത്തെ പദ്ധതി നിരാകരിക്കുവാനും വഴിതെളിക്കുന്നു. അഹങ്കാരവും സ്വാര്‍ത്ഥയും ദൈവം നമുക്ക് നല്‍കിയിരിക്കുന്ന അമൂല്യമായ ദാനങ്ങള്‍ സ്വീകരിക്കുന്നതിന് തടസമാണ്. പലപ്പോഴും അവിടുത്തെ ഏകജാതനെ പോലും സ്വീകരിക്കാന്‍ നാം തയ്യാറാകുന്നില്ല. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നാം വായിക്കുന്നത് അങ്ങനെയാണല്ലോ. “മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ സ്വന്തം പുത്രനെത്തന്നെ പണിക്കാരുടെ പക്കലേക്കയച്ചു. അവര്‍ അവനെപിടിച്ച് മുന്തിരിത്തോട്ടത്തിനു വെളിയിലെറിഞ്ഞു കൊന്നു കളഞ്ഞു” (മത്താ. 21: 37,39). ദൈവം തന്നെത്തന്നെ നമ്മുടെ കരങ്ങളില്‍ ഏല്‍പിക്കുകയാണ്. സര്‍വ്വശക്തനായവന്‍റെ വിശ്വസ്തതയാണ് ഇവിടെ പ്രകടമാകുന്നത്. ഒടുവില്‍ ദുഷ്ടര്‍ക്ക് ന്യായയുക്തമായ ശിക്ഷ അവിടുന്ന് നല്‍കുന്നുമുണ്ട് (മത്താ. 21: 41).
ക്രിസ്തുവാകുന്ന മൂല്ലക്കല്ലിന്‍മേല്‍ വിശ്വാസത്തോടെ ഉറച്ചു നില്‍ക്കാന്‍ നമുക്കു സാധിക്കണം. ക്രിസ്തുവാകുന്ന മുന്തിരിച്ചെടിയോട് ചേര്‍ന്നു നിന്നില്ലെങ്കില്‍ ശാഖകളായ നമുക്ക് ഫലം പുറപ്പെടുവിപ്പിക്കാന്‍ സാധിക്കുകയില്ല. പുതിയ ദൈവീകഉടമ്പടിയുടെ ജനതയാണ് സഭ. ക്രിസ്തുവില്‍ സ്ഥാപിക്കപ്പെട്ട സഭ ക്രിസ്തുവില്‍ വളരാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവുമായുള്ള ബന്ധത്തില്‍ സഭ സ്വയം നവീകരിക്കപ്പെടണമെന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പ ക്രിസ്തുവിന്‍റെ സഭ (Eccelesiam Suam) എന്ന ചാക്രികലേഖനത്തിലൂടെ ഉത്ബോധിപ്പിക്കുകയുണ്ടായി. സഭാജീവിതത്തില്‍ അത്യന്താപേക്ഷിതമായിരിക്കുന്ന ഈ വസ്തുത ഏവര്‍ക്കും അറിയാവുന്നതാണെങ്കിലും അതിന് വേണ്ടത്ര പ്രാധാന്യം നല്‍കപ്പെടുന്നില്ലെന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പ പ്രസ്തുത ചാക്രിക ലേഖനത്തില്‍ വിശദീകരിച്ചു.
പ്രിയസുഹൃത്തുക്കളെ, മാനവചരിത്രത്തില്‍ കര്‍ത്താവ് നിരന്തരം പ്രവര്‍ത്തിക്കുന്നു. അവിടുന്ന് എപ്പോഴും നമ്മോടൊപ്പമുണ്ടെന്നു മാത്രമല്ല നമ്മെ കാത്തു സംരക്ഷിക്കാന്‍ തന്‍റെ മാലാഖമാരെ നമ്മുടെ കാവലിനായി നല്‍കുകയും ചെയ്തിരിക്കുന്നു - കാവല്‍മാലാഖമാരുടെ തിരുന്നാള്‍ ദിനമായി ഒക്ടോബര്‍ രണ്ടാം തിയതി സാര്‍വ്വത്രീക സഭ ആചരിക്കുന്ന കാര്യം പരാമര്‍ശിച്ചുകൊണ്ട് മാര്‍പാപ്പ വിശദീകരിച്ചു. ദൈവീകപരിപാലനയുടെ ശുശ്രൂഷകരാണ് കാവല്‍ മാലാഖമാര്‍. അവരുടെ സംരക്ഷണവലയത്തിലാണ് ജനനം മുതല്‍ മരണം വരെ മനുഷ്യര്‍ ജീവിക്കുന്നത്. മാലാഖമാര്‍ വിജയ കിരീടമണിയിച്ച പരിശുദ്ധ മറിയത്തിനായി സമര്‍പ്പിച്ചിരിക്കുന്ന മാസമാണ് ഒക്ടോബര്‍ മാസം. ജപമാലമാസമാണിത്. ദുഷ്ടശക്തികളെ പരാജയപ്പെടുത്തി ദൈവീകമഹത്വം വെളിപ്പെടുത്തപ്പെടുന്നതിനായി പരിശുദ്ധ കന്യകാമാതാവിന്‍റെ മാധ്യസ്ഥതയിലൂടെ നമുക്കു പ്രാര്‍ത്ഥിക്കാം.









All the contents on this site are copyrighted ©.