2011-10-01 19:26:13

സുവിശേഷ പരിചിന്തനം - 2 ഒക്ടോടബര്‍ 2011 ഞായര്‍
സീറോ മലബാര്‍ റീത്ത്


വിശുദ്ധ മത്തായിയുടെ സുവിശേഷം 15, 21-28
കാനാന്‍കാരിയുടെ വിശ്വാസം.

കര്‍ത്താവ് ടയര്‍-സീദോന്‍ പ്രദേശത്തെത്തിയപ്പോള്‍ ഒുരു കാനാന്‍കാരി സ്ത്രീ വന്ന് ഇങ്ങനെ കേണപേക്ഷിച്ചു, കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ, എന്നില്‍ കനിയണമേ.
എന്‍റെ മകളെ പിശാചു ക്രൂരമായി ബാധിച്ചിരിക്കുന്നു.

ക്രിസ്തു ഇതു കേട്ടെങ്കിലും ഒന്നും മിണ്ടിയില്ല.

അപ്പോള്‍ ശിഷ്യന്മാര്‍ ഇങ്ങനെ പ്രതികരിച്ചു, കര്‍ത്താവേ, അവളെ പറഞ്ഞയച്ചാലും,
അവള്‍ പിറകെവന്ന് ശല്യപ്പെടുത്തുകയാണ്.
ക്രിസ്തു ഇങ്ങനെ പറഞ്ഞു. ഇസ്രായേല്‍ ഗോത്രത്തിലെ നഷ്ടപ്പെട്ട ആടുകളുടെ പക്കലേയ്ക്കാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്.

അപ്പോള്‍ ആ സ്ത്രീ പ്രണമിച്ചുകൊണ്ട് വീണ്ടും അപേക്ഷിച്ചു.
കര്‍ത്താവേ, എന്നെ സഹായിക്കണമേ. അവളെ നോക്കിക്കൊണ്ട് ക്രിസ്തു ഇങ്ങനെ പ്രതിവചിച്ചു മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്കു കൊടുക്കുന്നത് വിഹിതമല്ലല്ലോ!

അപ്പോള്‍ ആ സ്ത്രീ ഇങ്ങനെ പ്രത്യുത്തരിച്ചു, അതേ, കര്‍ത്താവേ, യജമാനന്‍റെ മേശയില്‍നിന്നും വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നും നായ്ക്കള്‍ ജീവിക്കുന്നുണ്ടല്ലോ.
അപ്പോള്‍ ക്രിസ്തു ആശ്ചര്യത്തോടെ പ്രതിവചിച്ചു, സ്ത്രീയേ, നിന്‍റെ വിശ്വാസം വലുതാണ്.
നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു സംഭവിക്കട്ടെ. ആ നിമിഷംതന്നെ അവളുടെ മകള്‍ പൂര്‍ണ്ണസൗഖ്യം പ്രാപിച്ചു.

ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുന്നില്‍ വയ്ക്കുന്നത് വിശ്വാസത്തിന്‍റെ പഠനമാണ്.
ദൈവം എവിടെയുണ്ടോ അവിടെ ഭാവിയുണ്ട്, എന്ന ആപ്തവാക്യവുമായിട്ട് കഴിഞ്ഞ ആഴ്ചയില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്‍റെ ജന്മനാട്ടിലേയ്ക്ക് ജര്‍മ്മനിയിലേയ്ക്കു നടത്തിയ അപ്പസ്തോലിക പര്യടനത്തെക്കുറിച്ച് നാം കേട്ടുകാണും.
ആധുനിക ലോകത്തിന്‍റെ മതനിരപേക്ഷമായ ജീവിതശൈലികൊണ്ട്
ദൈവം സമൂഹജീവിതത്തില്‍നിന്നും വ്യക്തി ജീവിതങ്ങളില്‍നിന്നും
വളരെ അകലെയായി എന്ന് വിലയിരുത്തപ്പെട്ട തന്‍റെ ജന്മനാട്, ജര്‍മ്മനിക്ക് വിശ്വാസോന്മേഷം പകരുന്നതായിരുന്നു പാപ്പായുടെ ഇടയസന്ദര്‍ശനം.
സന്ദര്‍ശനത്തെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിച്ച ജര്‍മ്മന്‍ മാധ്യമ യുദ്ധത്തെ അതിജീവിച്ചും പാപ്പാ തന്‍റെ അപ്പസ്തോലിക സന്ദര്‍ശനം വിജയപ്രദമായി പൂര്‍ത്തിയാക്കി.
ജീവിതത്തില്‍ ദൈവസ്നേഹത്തിനും ദൈവിക സാന്നിദ്ധ്യത്തിനുമായി ദാഹിച്ചിരുന്ന വലിയൊരു ജനസമൂഹം പാപ്പായുടെ എല്ലാ പരിപാടികള്‍ക്കും സജീവ സാന്നിദ്ധ്യമായി എത്തിയിരുന്നു.
തങ്ങളുടെ ജീവിതത്തില്‍ ദൈവീക നന്മയുടെയും ധാര്‍മ്മികതയുടെയും പുതിയൊരു പാത ആവശ്യമാണെന്നു മനസ്സിലാക്കിക്കൊണ്ട് മാര്‍പാപ്പയുടെ എല്ലാ പരിപാടികളിലും ജനങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നത്, , സന്ദര്‍ശനത്തെ നിസങ്കതയോടെ വീക്ഷിച്ചവര്‍ക്കും സന്ദര്‍ശത്തെ എതിര്‍ത്തവര്‍ക്കുപോലും ഒരത്ഭുതമായി ബാക്കിനില്ക്കുന്നു.

ക്രിസ്തുവിന്‍റെ കാലത്ത് ടയര്‍-സീദോന്‍ പ്രദേശങ്ങള്‍ വിജാതിയ പട്ടണങ്ങളായിരുന്നു. അവിടെനിന്നുള്ള ഒരു സ്ത്രീയാണ് തന്‍റെ മകളുടെ രോഗം സുഖപ്പെടുത്തണമേ, എന്ന യാചനയുമായി ക്രിസ്തുവിനെ സമീപിച്ചത്.
താന്‍ ഇസ്രായേല്‍ മക്കളുടെ പക്കലേയ്ക്കാണ് അയയ്ക്കപ്പെട്ടിരിക്കുന്നത്,
എന്ന പ്രസ്താവനയോടെ അവളെ ക്രിസ്തു പരീക്ഷിക്കുകയാണോ, അതോ അവളുടെ അപേക്ഷ ഉപേക്ഷിക്കുകയാണോ എന്ന്, വ്യക്തമല്ലെങ്കിലും, അവള്‍ ക്രിസ്തുവില്‍ പരിപൂര്‍ണ്ണവിശ്വാസം അര്‍പ്പിച്ചുകൊണ്ട് യാചന തുടരുകയാണ്. അവസാനം അവളുടെ വിശ്വാസം വിജയിക്കുന്നു. അവളുടെ വിശ്വാസത്തിന്‍റെ ലാളിത്യവും ആഴവും മനസ്സിലാക്കിയ ക്രിസ്തു അവളുടെ മകളെ അത്ഭുതകരമായി സുഖപ്പെടുത്തുന്നു.

അടിസ്ഥാനപരമായി മനുഷ്യജീവിതം സഫലീകൃതമാകുന്നത് ആകാശവും ഭൂമിയും സൃഷ്ടിച്ച ഏകദൈവത്തിലുള്ള വിശ്വാസം മൂലമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന ത്രിയേക ദൈവമാണ് അവിടുന്നെന്ന് നാം വിശ്വസിക്കുന്നു. സ്നേഹത്തില്‍നിന്നും ഉതിരുന്ന ഐക്യാമാണിത്. നാം വിശ്വസിക്കുന്ന ഈ സജീവ ദൈവത്തെ പ്രഘോഷിക്കേണ്ടതും സ്നേഹത്തിലൂടെയാണ്. അത് അനുദിന ജീവിത പാതയില്‍ നമുക്കു സ്വീകരിക്കാവുന്ന രക്ഷയുടെ മാര്‍ഗ്ഗവുമാണ്. എന്നാല്‍ സഹോദരസ്നേഹത്തില്‍ പ്രതിഫലിക്കുന്ന ദൈവസ്നേഹമാണ് വിശ്വാസം. ദൈവത്തില്‍ ഊന്നിനില്ക്കുന്ന വിശ്വാസം മനുഷ്യബന്ധിയാണെന്ന് ഇന്നത്തെ സുവിശേഷ ഭാഗത്തില്‍നിന്നും മനസ്സിലാക്കാം. അതുപോലെ ആഴവും ആത്മാര്‍ത്ഥവുമായ നമ്മുടെ വിശ്വാസം ദൈവം നരസിക്കുകയില്ലെന്നും ഇന്നത്തെ സുവിശേഷ ചിന്തകള്‍ നമ്മെ പഠിപ്പിക്കുന്നു.

മനുഷ്യജീവിതത്തില്‍ ദൈവത്തിന്‍റെ അഭാവത്തിലും അവിടുത്തെ വെളിച്ചം നമ്മെ മുന്നോട്ടു നയിക്കുന്നതായി ജീവിതത്തിന്‍റെ ചില ഘട്ടങ്ങളില്‍ തോന്നാം. ദൈവം ഇല്ലെങ്കിലും കാര്യങ്ങള്‍ നടക്കുമെന്നും നമുക്കു തോന്നാം. ഇത് ആധുനിക മനുഷ്യന്‍റെ ചിന്തയും, ചിന്താഗതിയുമാണ്.
എന്നാല്‍ ദൈവത്തില്‍നിന്നും എത്രത്തോളം മനുഷ്യന്‍ അകന്നുപോകുന്നുവോ, അത്രത്തോളം ശൂന്യതയില്‍ അവന്‍ എത്തിച്ചേരും. സന്തോഷത്തിനും സംതൃപ്തിക്കുമായുള്ള അവന്‍റെ അന്വേഷണത്തിലും പരക്കംപാച്ചിലിലും മനുഷ്യന് അവന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥംതന്നെ നഷ്ടമാകാം. ദൈവത്തിനായുള്ള നിലയ്ക്കാത്ത ദാഹം മനുഷ്യജീവിതത്തിന്‍റെ ഭാഗമാണ്, ഭാഗധേയമാണ്. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുതന്നെ ദൈവികൈക്യത്തില്‍ ജീവിക്കാനാണ്. ഈ ദൈവികൈക്യത്തിന്‍റെയും ദൈവികസാക്ഷൃത്തിന്‍റെയും അടിസ്ഥാനം ക്രിസ്തുവാണ്.

ക്രിസ്തുവിലുള്ള വിശ്വാസം പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്യുന്നവര്‍ക്കാണ് അവിടുത്തെ വചനത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ സാധിക്കുന്നത്. ജീവിത മൂല്യങ്ങള്‍ക്കു പകരം, ജീവിതത്തിന്‍റെയും ജീവിത സംഭവങ്ങളുടെയും പ്രത്യാഘാതങ്ങളുടെ കണക്കുകൂട്ടലുകളിലാണ് മനുഷ്യന്‍ ഇന്നു ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ പൊതുജീവിതത്തില്‍, മനുഷ്യാന്തസ്സ് ലംഘിക്കപ്പെടുകയും മനുഷ്യനായിരിക്കുന്ന അവസ്ഥ മാനിക്കപ്പെടാതെ പോകുകയും ചെയ്യുന്നുണ്ട്.

ഇന്നു നാം കാണുന്ന സമൂഹ്യ തിന്മകള്‍ക്കു കാരണം അടിസ്ഥാനപരമായും വിശ്വാസ ജീവിതത്തില്‍ വരുന്ന മന്ദതയും പാളിച്ചയുമാണ്. ലോകത്ത് അധാര്‍മ്മികത വര്‍ദ്ധിച്ചു വരുന്നുണ്ട്. ദാരിദ്ര്യവും രോഗവുംമൂലം യുദ്ധവും കലഹവുംമൂലം മരിക്കുന്നവരുടെ എണ്ണവും പൂര്‍വ്വോപരി വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് ആഗോളതലത്തില്‍ കണക്കാക്കപ്പെട്ടിട്ടുള്ളത്.
മനുഷ്യാന്തസ്സും അവകാശവും സ്വാതന്ത്ര്യവും ജീവനോടു കാണിക്കേണ്ട ആദരവും എവിടെയും ലംഘിക്കപ്പെടുന്നുണ്ട്. ഉപഭോഗസംസ്കാരത്തിന്‍റെയും സുഖലോലുപതയുടെയും സ്വാര്‍ത്ഥതയുടെയും വ്യക്തിമാഹാത്മ്യവാദത്തിന്‍റെയും ലോകത്ത് അപരനും എന്‍റെ അയല്‍ക്കാരനും യഥാര്‍ത്ഥത്തില്‍ സഹായം അര്‍ഹിക്കുന്നവനും അന്യവത്ക്കരിക്കപ്പെടുന്നുണ്ട്.
ഇതാണ് ഇന്ന് ലോകത്തു കാണുന്ന കൊടും ദാരിദ്ര്യത്തിനും കെടുതികള്‍ക്കും മുഖ്യകാരണം.
ദൈവത്തിലുള്ള വിശ്വാസമാണ് അടിസ്ഥാനപരമായും മനുഷ്യാന്തസ്സിന്‍റെ രക്ഷാമൂല്യമാകേണ്ടത്. ക്രിസ്തു പഠിപ്പിച്ച സഹോദര സ്നേഹവും സഹോദരബന്ധിയായ ജീവിതവുമാണ് ജീവിതാന്ത്യത്തില്‍ ദൈവീക ന്യായവിധിക്ക് മാനദണ്ഡമാകുന്നതെന്ന വസ്തുതയും
നമ്മുടെ പൊതുസമ്പത്താണ്. നമ്മുടെ വിശ്വാസത്തിന്‍റെ ആഴം പ്രകടമാക്കേണ്ടത് സഹോദര സ്നേഹത്തില്‍ പ്രതിഫലിക്കുന്ന ദൈവസ്നേഹം ജീവിച്ചുകൊണ്ടാണ്. ക്രൈസ്തവ വിശ്വാസത്തില്‍ ജീവിതത്തിന്‍റെ അടിത്തറയാണിത്. ചിന്തയിലും പ്രവര്‍ത്തിയിലും ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വിശ്വാസത്തെ ബലപ്പെടുത്തിക്കൊണ്ട് മുന്നോട്ടു പോകുമ്പോള്‍ ജീവിതംതന്നെ അര്‍ത്ഥസംപുഷ്ടമാക്കപ്പെടുന്നു.

ജരൂസലേമിലെ ഫരീസേയരുമായുണ്ടായ വാഗ്വാദത്തിന്‍റ പശ്ചാത്തലത്തിലാണ് ഈശോ വിജാതീയ പട്ടണങ്ങളിലേയ്ക്കു പുറപ്പെട്ടുപോകുന്നത്. കഴിവതും പ്രതിയോഗികളില്‍നിന്നും എപ്പോഴും ഒഴുഞ്ഞുമാറി ജീവിക്കുന്ന ക്രിസ്തു, ആവശ്യങ്ങളില്‍ തന്നെ സമീപിക്കുന്നവരെ ഒരിക്കലും കൈവെടിയുന്നില്ല. കരഞ്ഞുകൊണ്ടു തന്നെ സമീപിക്കുന്ന കാനാന്‍കാരിയോടു അവിടുന്നു കരുണകാണിക്കുന്നു. ഒരു നായക്കുട്ടിയെപ്പോലെ തന്നെ ആട്ടിപ്പായിക്കരുതെന്ന ആ സ്ത്രീയുടെ വിനയാന്വിതമായ അപേക്ഷയില്‍ ക്രിസ്തു അവളുടെ ആഴമായ വിശ്വാസം കാണുന്നതും. അങ്ങനെ അവളുടെ മകള്‍ അത്ഭുതകരമായി സൗഖ്യംപ്രാപിക്കുന്നു.

മാനുഷിക പരിശ്രമത്തിന്‍റെയോ യുക്തിയുടെയോ ഫലമല്ല വിശ്വാസം,
മറിച്ച് അത് ദൈവത്തിന്‍റെ ദാനമാണ്. ക്രിസ്തു ആരാണെന്ന അറിവല്ല വിശ്വാസം, എന്നാല്‍ ക്രിസ്തുവുമായുള്ള വ്യക്തിബന്ധമാണത്. ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തലിന് എന്നെത്തന്നെയും എന്‍റെ മനോവികാരങ്ങളെയും ബുദ്ധിയെയും ബോധത്തെയും പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നതാണ് വിശ്വാസം. കാനാന്‍കാരി സ്ത്രീ ഇന്നത്തെ സുവിശേഷ ചിന്തയിലൂടെ നമ്മുക്കു കാണിച്ചു തരുന്നത് ക്രിസ്തുവിലുള്ള ഈ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ ശൈലിയാണ്.

ഒക്ടോബര്‍ നാം ജപമാല മാസമായി ആചരിക്കുകയാണല്ലോ. പരിശുദ്ധ കന്യകാ മറിയത്തോടൊപ്പം വിശ്വാസപൂര്‍വ്വം ക്രിസ്തുവിന്‍റെ രക്ഷാകര രഹസ്യങ്ങള്‍ ധ്യാനിക്കുമ്പോള്‍, വിശ്വാസത്തെ ബലപ്പെടുത്തണമേ, എന്ന് കന്യകാ നാഥയുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാം.
മറിയത്തിന്‍റെ ഒരിക്കലും പിന്‍വലിക്കാത്ത, നിത്യമായ സമ്മതം വിശ്വാസജീവിതത്തിന്‍റെ പരമോന്നത മാതൃകയാണ്. ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ നിറവേറുമെന്ന് പരിപൂര്‍ണ്ണമായി വിശ്വസിച്ചവള്‍ ഭാഗ്യപൂര്‍ണ്ണയായി. ഈ മാസം മുഴുവനും പ്രത്യേകമായി ക്രിസ്തു രഹസ്യങ്ങള്‍ ധ്യാനിച്ചുകൊണ്ട് ജപമാല ഉരുവിടുമ്പോള്‍ മറിയത്തോടു ചേര്‍ന്ന് നമുക്കും ദൈവതിരുമനസ്സിന് സമ്മതംമൂളാം. നമ്മുടെ ജീവിതങ്ങള്‍ പരവര്‍ത്തന വിധേയമാക്കിക്കൊണ്ട് ഹൃദയകവാടങ്ങള്‍ അനുദിന ജീവിതത്തില്‍ ദൈവഹിതത്തിനായി മലര്‍ക്കേ തുറന്നുകൊടുക്കാം. അപ്പോള്‍ ദൈവസ്നേഹവും കൃപയും നമ്മുടെ എളിയ ജീവിതങ്ങളിലും മാംസംധരിക്കും, മറിയത്തെപ്പോലെ നാമും ദൈവകൃപയാല്‍ നിറഞ്ഞവരായിത്തീരും. ജീവിത വ്യഗ്രതകളില്‍ നാം ഭയപ്പെടരുത്. ദൈവം നല്ലവനാണ്. അവിടുന്ന് കാരുണ്യവാനും കൃപാപൂര്‍ണ്ണനും നിത്യസഹായിയുമാണ്.









All the contents on this site are copyrighted ©.