2011-09-29 20:23:04

നിശ്ശബ്ദതയും വചനവും
2012 മാധ്യമദിന വിഷയം


29 സെപ്റ്റംമ്പര്‍ 2011, റോം
നിശ്ശബ്ദതയും വചനവും – സുവിശേഷവത്ക്കരണത്തിന്‍റെ പാതയെന്ന്-
2012-ലേയ്ക്കുള്ള ആഗോള മാധ്യമദിന സന്ദേശം. സെപ്റ്റംമ്പര്‍ 29-ാം തിയതി വ്യാഴാഴ്ച റോമില്‍ നടത്തിയ വര്‍ത്താ സമ്മേളനത്തിലാണ് സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ക്ലാവുദിയോ മരിയ ചേല്ലി, 2012-ലെ ആഗോള മാധ്യമദിനാചരണത്തിന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നല്കുന്ന വിഷയം വെളിപ്പെടുത്തിയത്.
നിശ്ശബ്ദതയും വചനവും പരസ്പര വിരുദ്ധമായ ഘടകങ്ങളായി തോന്നാമെങ്കിലും, മനുഷ്യരില്‍ വിവേകവും വിചിന്തനവും വളര്‍ത്തുന്ന പരസ്പര പൂരകങ്ങളായ ഘടകങ്ങളാണ് അവയെന്ന് ആര്‍ച്ചുബിഷപ്പ് ചേല്ലി പ്രസ്താവിച്ചു. ആശയവിനിമയ ശ്രൃംഖലയിലൂടെ ആഴമായ മാനുഷിക മൂല്യങ്ങള്‍ സമൂഹത്തില്‍ വളരണമെങ്കില്‍ നിശ്ശബ്ദതയും ദൈവവചനവും അനിവാര്യമാണെന്നും ആര്‍ച്ചുബിഷപ്പ് ചേല്ലി പ്രസ്താവിച്ചു. 2012-ാമാണ്ടിലേയ്ക്ക് മാര്‍പാപ്പ നല്കുന്ന മാധ്യമ ദിന സന്ദേശം ജനുവരി 24-ാം തിയതി വിശുദ്ധ ഫ്രാന്‍സിസ് സാലസ്സിന്‍റെ തിരുനാള്‍ ദിനത്തില്‍ പതിവുപോലെ പ്രകാശനംചെയ്യുമെന്നും, ആര്‍ച്ചുബിഷപ്പ് ചേല്ലി വെളിപ്പെടുത്തി.

ആഗോളസഭയില്‍ പൊതുവെ പെന്തക്കൂസ്താ മഹോത്സവത്തിനു മുന്‍പു വരുന്ന ഞായറാഴ്ചയാണ് മാധ്യമ ദിനമായി ആഘോഷിക്കപ്പെടുന്നത്. അജപാലന സൗകര്യങ്ങള്‍ മാനിച്ച്, ഭാരതത്തില്‍ നവംമ്പര്‍ മാസത്തില്‍ ക്രിസ്തുരാജന്‍റെ തിരുനാളിനു മുന്‍പുള്ള ഞായറാഴ്ചയിലുമാണ് മാധ്യമദിനം ആചരിക്കപ്പെടുന്നത്.








All the contents on this site are copyrighted ©.