2011-09-26 20:29:31

കുരിശിന്‍ചോട്ടില്‍ ആവര്‍ത്തിക്കപ്പെടുന്ന
മറിയത്തിന്‍റെ സമ്മതം


26 സെപ്റ്റംമ്പര്‍ 2011, ഫ്രൈബൂര്‍ഗ്
അപ്പസ്തോലിക പര്യടനത്തിനായി കഴിഞ്ഞ നാലുദിവസങ്ങളായി മാര്‍പാപ്പ ജര്‍മ്മനിയിലായിരുന്നല്ലോ. സെപ്റ്റംമ്പര്‍ 22-ാം തിയതി വ്യാഴാഴ്ച ആരംഭിച്ച സന്ദര്‍ശനം
25-ാം തിയതി ഞായറാഴ്ചാണ് സമാപിച്ചത്. സമാപനദിനമായ ഞായറാഴ്ചത്തെ മുഖ്യ ഇനമായിരുന്നു ഫ്രൈബൂര്‍ഗ്ഗ് വിമാനത്താവള മൈതാനിയിലെ പ്രത്യേകവേദിയില്‍ രാവിലെ മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലി. ഫ്രൈബൂര്‍ഗ് രൂപതിയില്‍നിന്നും മാത്രമല്ല, ജെര്‍മനിയുടെ വിവിധ രൂപതകളില്‍നിന്നും അയല്‍ രാജ്യങ്ങളില്‍നിന്നുമായി എത്തിയ വിശ്വാസ സമൂഹത്താല്‍ മൈതാനം തിങ്ങി നിറഞ്ഞിരുന്നു. സാഘോഷമായും സജീവവുമായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിയുടെ സമാപന പ്രാര്‍ത്ഥനയ്ക്കും ആശിര്‍വ്വാദത്തിനും മുന്‍പ് ജനങ്ങള്‍ക്കൊപ്പം പതിവുള്ള ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തിനായി വേദിയുടെ പാര്‍ശ്വഭാഗത്തിള്ള പീഠത്തിലേയ്ക്ക് പാപ്പ അണഞ്ഞപ്പോള്‍ വിശ്വാസ സമൂഹം ആവേശത്താല്‍ ഹസ്തഘോഷം മുഴക്കി. മാര്‍പാപ്പ ഇങ്ങനെ ആരംഭിച്ചു.

പ്രിയ സഹോദരീ സഹോദരന്മാരേ, ദിവ്യബലി സമാപിപ്പിക്കുന്നതിനു മുന്‍പ് നിങ്ങളോടൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ രക്ഷയുടെ പ്രാരംഭചരിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് എന്നും നാം ഉരുവിടുന്ന മനോഹരമായ ത്രികാല പ്രാര്‍ത്ഥന. ദൈവത്തിന്‍റെ പ്രത്യേക പദ്ധതിയില്‍ മുഖ്യദൂതനായ ഗബ്രിയേല്‍ നസ്രത്തിലെ മറിയത്തോട്, അവള്‍ രക്ഷകന്‍റെ അമ്മയായിത്തീരും എന്ന സന്ദേശം അറിയിക്കുന്ന ആനന്ദമുഹൂര്‍ത്തമാണ് ഈ പ്രാര്‍ത്ഥനയുടെ പൊരുള്‍. ദൈവദൂതന്‍റെ സാന്നിദ്ധ്യത്താലും വാക്കുകളാലും, ഭയപരവശയായ മറിയത്തോട് ദൂതന്‍ സമാശ്വാസ വാക്കുകള്‍ അരുള്‍ചെയ്തു.
മറയമേ, ഭയപ്പെടേണ്ട ദൈവം നിന്നില്‍ പ്രസാദിച്ചിരിക്കുന്നു.

അങ്ങനെ മറിയം ദൈവതിരുമനസ്സിന് സമ്മതം മൂളുന്നു. ഇതാ കര്‍ത്താവിന്‍റെ ദാസി, എന്നു പ്രത്യുത്തരിച്ചുകൊണ്ട് ദൈവതിരുമനസ്സിന് മറിയം നല്കിയ സമ്മതം ദൈവത്തിന്‍റെ രക്ഷണീയ പദ്ധതിയോടുള്ള ആത്മവിശ്വാസത്തിന്‍റെയും സമ‍ര്‍പ്പണത്തിന്‍റെയും സമ്മതമായിരുന്നു.
വീണ്ടുമൊരിക്കല്‍ കാല്‍വരിയിലെ കുരിശ്ശിന്‍ ചോട്ടിലും മറിയം, തന്‍റെ സമ്മതം ആവര്‍ത്തിക്കുന്നുന്നുണ്ട്. നമ്മെ മാത്രമല്ല, മനുഷ്യകുലത്തെ മുഴുവനും തന്‍റെ മക്കളായി സ്വീകരിച്ചുകൊണ്ട് മറിയം തന്‍റെ തിരുക്കുമാരനു നല്കിയ സമ്മതമായരുന്നു അത്.
യോഹ. 19, 27. ഒരിക്കലും പിന്‍വലിക്കപ്പെടാത്ത നിത്യമായ സമ്മതവും വാഗ്ദാനവുമായിരുന്നു മറിയത്തിന്‍റേത്. അങ്ങനെ കര്‍ത്താവ് വാഗ്ദാനം ചെയ്തവയെല്ലാം നിറവേറുമെന്ന് പരിപൂര്‍ണ്ണമായി വിശ്വസിച്ചവള്‍ ഭാഗ്യപൂര്‍ണ്ണയായി. ലൂക്കാ 1, 45.

കര്‍ത്താവിന്‍റെ മാലാഖ, എന്ന പ്രാര്‍ത്ഥന നാം ഈ വേദിയില്‍ ഒരുമിച്ച് ഉരുവിടുമ്പോള്‍ മറിയത്തോടു ചേര്‍ന്നുകൊണ്ട് നമുക്കേവര്‍ക്കും ദൈവതിരുമനസ്സിന് സമ്മതം മൂളാം. അതുവഴി അവിടുത്തെ കൃപയില്‍ നമുക്കായി ഒരുക്കിയിരിക്കുന്ന മനോഹരമായ ദൈവീക പരിപാലനയുടെ പദ്ധതികള്‍ക്ക് മറിയത്തെപ്പോലെ, നമുക്കും ദൈവത്തോട് സമ്മതംമൂളാം.
നമ്മുടെ ജീവിതങ്ങള്‍ പരിവര്‍ത്തന വിധേയമാക്കിക്കൊണ്ട് നമ്മുടെ ഹൃദയകവാടങ്ങള്‍ ദൈവഹിതത്തിനായി മലര്‍ക്കെ തുറന്നുകൊടുക്കുമ്പോള്‍ അവിടുത്തെ സ്നേഹവും കൃപയും നമ്മുടെ ജീവിതങ്ങളില്‍ മാംസംധരിക്കും, മറിയത്തെപ്പോലെ നാമും ദൈവകൃപയാല്‍ നിറഞ്ഞവരായിത്തീരും.

ജീവിതവ്യഗ്രതകളില്‍ നാം ഭയപ്പെടരുത്. ദൈവം നല്ലവനാണ്. ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു ജീവിക്കുന്ന വലിയൊരു ജനസമൂഹത്തിന്‍റെ പിന്‍തുണ ലോകത്തിന്‍റെ നാനാഭാഗത്തും നമുക്ക് ഉണ്ട്. ഞാന്‍ നിങ്ങളോടു സംസാരിക്കുന്ന ഈ നമിഷങ്ങളില്‍പ്പോലും അവര്‍ നമ്മോടൊപ്പം, നമ്മോടു ചേര്‍ന്ന് റോഡിയോ ടെലിവിഷന്‍ മാധ്യമങ്ങളിലൂടെ ദിവ്യബലിയിലും ഈ ത്രികാല പ്രാര്‍ത്ഥനയിലും പങ്കുചേരുന്നുണ്ട്. ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ട് മാര്‍പാപ്പ ജെര്‍മന്‍ ഭാഷയില്‍ ത്രികാല പ്രാര്‍ത്ഥചൊല്ലി.









All the contents on this site are copyrighted ©.