2011-09-25 19:41:11

വിശ്വാസ പ്രോഘോഷണത്തിന്‍റെ കേന്ദ്രബിന്ദു
ക്രിസ്തുവായിരിക്കണമെന്ന് മാര്‍പാപ്പ


25 സെപ്റ്റംമ്പര്‍ 2011, ഫ്രൈബൂര്‍ഗ്
ഓര്‍ത്തഡോക്സ്, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭാ സമ്മേളനത്തെ
‘സുഹൃദ് കൂട്ടായ്മ’യെന്ന് വിശേഷിപ്പിച്ചുകൊണ്ടും വിവിധ സഭകളുടെ തലവന്മാരുടെ സാന്നിദ്ധ്യത്തിന് നന്ദിപറഞ്ഞുകൊണ്ടുമാണ് മാര്‍പാപ്പ പ്രഭാഷണം ആരംഭിച്ചത്.
ഞാന്‍ ബോണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോഴും
പിന്നീട് മ്യൂനിക്കിലെ മെത്രാനായിരിന്ന കാലമുതല്ക്കും,
ഓര്‍ത്തഡോക്സ് സഭയെ അടുത്തറിയുവാനും സ്നേഹിക്കാനും തുടങ്ങിയതാണ്. അക്കാലഘട്ടത്തില്‍തന്നെ ജെര്‍മനിയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രത്യോക കമ്മിഷനും ഓര്‍ത്തഡോക്സ് സഭയും ഒന്നുചേര്‍ന്ന് ചില പൊതുപ്രവര്‍ത്തന മേഖലകള്‍ പങ്കുവച്ചിരുന്നു. അങ്ങനെ തയ്യാറാക്കിയ അജപാലന പ്രവര്‍ത്തനങ്ങളുടെയും മറ്റു പ്രായോഗികമായ പദ്ധതികളുടെയും രേഖകള്‍ ഇരുസഭകളും തമ്മിലുള്ള പരസ്പര ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

നാം ആഗ്രഹിക്കുകയും എന്നും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ക്രൈസ്തവായ്ക്യ സാക്ഷാത്ക്കാരത്തിന്‍റെ കാതലായതും ദൈവശാസ്ത്രപരവുമായ വ്യതിയാനങ്ങളെക്കുരിച്ചു നടക്കുന്ന
തുടര്‍പഠനങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് കത്തോലിക്കാ സഭ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പത്രോസിന്‍റെ പരമാധികാരത്തെക്കുറിച്ചുള്ള ശരിയായ ധാരണ എല്ലാവര്‍ക്കും ഉണ്ടാകുക എന്നത് ഇനിയും ഏറെ പ്രധാനപ്പെട്ടൊരു കാര്യമാണ്. ഈ മേഖലയില്‍
എന്‍റെ മുന്‍ഗാമിയായ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറത്തിറക്കിയ ut unum sint, ‘എല്ലാവരും ഒന്നായിരിക്കുന്നതിന്’
എന്ന പ്രമാണരേഖ വിവരിക്കുന്ന പരമാധികാരത്തിന്‍റെ പ്രയോഗത്തില്‍ അല്ലെങ്കില്‍ നടത്തിപ്പില്‍ ഉണ്ടാകാവുന്ന, സ്വഭാവത്തിലും രൂപത്തിലും ഉള്ളതായ വൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ഫലപ്രദമാകുന്നവയാണ്.
ദൈവശാസ്ത്രപരമായ സംവാദങ്ങള്‍ക്കായി കത്തോലിക്കാ സഭയും കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകളും സംയുക്തമായി സ്ഥാപിച്ചുള്ള അന്തര്‍ദേശിയ കമ്മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് അതിയായ സംതൃപ്തി നല്കുന്നതാണ്. അതിലൂടെ നമുക്ക് ഇന്നുവരെ കിട്ടിയ പഠനഫലങ്ങളും പരസ്പര ധാരണയില്‍ വളരുവാന്‍ ഏറെ സഹായകമാകുന്നവയുമാണ്.

പൊതുജീവിതത്തില്‍നിന്നും ദൈവത്തെ തുടച്ചുമാറ്റുവാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ ജെര്‍മനിയിലെ സാമൂഹ്യാന്തരീക്ഷത്തില്‍ എല്ലാ സഭകളും - ഓര്‍ത്തഡോക്സും, കിഴക്കല്‍ ഓര്‍ത്തഡോക്സ് സഭകളും ജനങ്ങള്‍ക്ക് ശരിയായ ധാരണയും ഐക്യദാര്‍ഢ്യവുമുള്ള സമാധാനപരമായ ക്രൈസ്തവ-സാക്ഷൃത്തിന്‍റെ പാതകാണിച്ചുകൊടുത്തുകൊണ്ടതാണ്, എല്ലാവരുടെയും പിതാവായ ഏകദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് ഒത്തൊരുമിച്ച് നീങ്ങേണ്ടതാണ്.
നമുക്കഗ്രാഹ്യമാംവിധം മനുഷ്യാവതാരംചെയ്ത്
നമ്മുടെ മദ്ധ്യേവസിക്കുന്ന ദൈവമായ ക്രിസ്തുവായിരിക്കണം നമ്മുടെ എല്ലാവരുടെയും വിശ്വാസ പ്രഘോഷണത്തിന്‍റെ കേന്ദ്രബിന്ദു.
എല്ലാ മനുഷ്യാന്തസ്സും ഈ ദൈവികരഹസ്യത്തില്‍ ആശ്രയിച്ചിരിക്കുന്നു
എന്ന ബോധ്യത്തിലാണ് നാം, ഗര്‍ഭധാരണം മുതല്‍ മരണംവരെയുള്ള ജീവന്‍റെ പരിരക്ഷണത്തിനായി ഒത്തൊരുമിച്ച് വാദിക്കുന്നതും നിലകൊള്ളുന്നതും. ക്രൈസ്ത വിശ്വാസത്തിലൂടെ നമുക്കു കിട്ടിയ ജീവന്‍റെ ദാതാവായ ദൈവത്തിലുള്ള വിശ്വാസവും, അതുവഴി മനുഷ്യാന്തസ്സിനോടുള്ള നിരുപാധീകമായ ആദരവുമാണ്, മനുഷ്യജീവനോടുള്ള, നല്ലതുമാത്രം തിരഞ്ഞെടുക്കുന്ന വികലവും കൃത്രിമവും അസ്വാഭാവികവുമായ ചെയ്തികളെ പിന്‍തള്ളാനും, ശക്തമായി എതിര്‍ക്കുവാനും ക്രൈസ്തവരായ നമ്മെ പ്രേരിപ്പിക്കുന്നത്.

വിവാഹത്തിന്‍റെയും കുടുംബ ജീവിതത്തിന്‍റെയും ദൈവീക മൂല്യങ്ങള്‍ മാനിക്കുന്നതിനാല്‍, സ്ത്രീയും പുരുഷനും തമ്മിലുള്ള അഭേദ്യമായ വിവാഹബന്ധത്തെയും അതിന്‍റെ സമഗ്രതയെയും എന്നും മാനിക്കുവാനും അതു സംരക്ഷിക്കുവാനുംവേണ്ടി, ക്രൈസ്തവര്‍ അതിനെക്കുറിച്ചുള്ള
എല്ലാ അബദ്ധധാരണകളെയും ശക്തമായി എതിര്‍ക്കുന്നു.
മനുഷ്യന്‍ അര്‍ഹിക്കുന്നതും മനുഷ്യാന്തസ്സു മാനിക്കപ്പെടുന്നതുമായ ഭാവിസമൂഹം വളര്‍ത്തിയെടുക്കാനുള്ള ജെര്‍മനിയിലെ ജനങ്ങളുടെ പരിശ്രമത്തില്‍, പൊതുവായ ധാരണയില്‍നിന്നുകൊണ്ട് ക്രൈസ്തവരായ നാം വഹിക്കുന്ന പങ്ക് എന്നും വിലപ്പെട്ടതാണ്.

നമ്മുടെ ദൃഷ്ടികള്‍ ഉഷര്‍കാല താരവും നമ്മുടെ ജീവിതപാതയിലെ വഴികാട്ടിയുമായ പരിശുദ്ധ കന്യകാ നാഥയിലേയ്ക്കു തിരിക്കാം.
തന്‍റെ മാദ്ധ്യസ്ഥ്യത്തിലൂടെ നമ്മെ ചരിത്രത്തില്‍ നയിക്കുവാനും
നിത്യതയുടെ പൂര്‍ണ്ണിമയില്‍ എത്തിക്കുവാനുമായി കന്യകാ നാഥയെ മനുഷ്യകുലത്തിന് അമ്മയായി നല്കിയത് പരിശുദ്ധ ത്രിത്വമാണ്. ക്രിസ്തുവുമായി പൂര്‍വ്വോപരി ഐക്യപ്പെട്ട് അവിടുത്തെ തിരുനാമ മഹത്വമാലപിക്കുന്ന സമൂഹമായി നാം വളരാന്‍ നമ്മെത്തന്നെയും നമ്മുടെ പ്രാര്‍ത്ഥനകളും പരിശുദ്ധ കന്യകാനാഥയ്ക്കു നമുക്കു സമര്‍പ്പിക്കാം.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.








All the contents on this site are copyrighted ©.